Kerala

ഉമ്മന്‍ചാണ്ടിക്ക് മോദിയോട് മാപ്പ് ചോദിക്കാന്‍ അമിത് ഷാ മുന്നോട്ടു വെയ്ക്കുന്ന നിബന്ധന

തിരുവനന്തപുരം : അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം രണ്ടു കുട്ടികള്‍ മരിച്ചതിനു മുഖ്യമന്ത്രി മാപ്പു പറഞ്ഞ ശേഷമേ സൊമാലിയ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി മാപ്പു പറയാന്‍ ആവശ്യപ്പെടാവൂ എന്നു ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കണക്കുകളില്‍ രമിക്കാതെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം. ആദിവാസികളെ പട്ടിണിക്കിട്ടു കൊന്നതിനു മുഖ്യമന്ത്രിയാണു മാപ്പു ചോദിക്കേണ്ടത്. പേരൂവൂരില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നു ഭക്ഷണം കഴിക്കുന്ന ചിത്രം വ്യാജമാണോ അല്ലയോ എന്ന് എനിക്കറിയില്ല. അതേക്കുറിച്ചു പ്രധാനമന്ത്രി പ്രസംഗിച്ചതിനെക്കുറിച്ചും അറിയില്ല.

ശിശു മരണത്തെക്കുറിച്ച് ദേശീയ മാസിക മുന്‍പ് കവര്‍‌സ്റ്റോറി എഴുതിയതില്‍ കൂടുതലൊന്നും മോദി പ്രസംഗിച്ചിട്ടില്ല. അട്ടപ്പാടിയില്‍ ഭക്ഷണം കിട്ടാത്തതു കൊണ്ടാണു കുട്ടികള്‍ മരിക്കുന്നതെന്ന് അന്ന് ഉമ്മന്‍ ചാണ്ടി ആ മാസികയുടെ ലേഖകനോടു പറഞ്ഞിരുന്നു. ഇന്ന് ഉമ്മന്‍ ചാണ്ടി അതു പറയുമോ എന്നും അമിത് ഷാ ചോദിച്ചു. അട്ടപ്പാടിയിലെ അമ്മമാരുടെ മദ്യപാനമാണു കുട്ടികളുടെ മരണത്തിനു കാരണമെന്നു മന്ത്രി കെ.സി ജോസഫും അന്നു പറഞ്ഞു. ആരു പറഞ്ഞു എന്നതല്ല, പറഞ്ഞതു സത്യമാണോ എന്നാണു പരിശോധിക്കേണ്ടത്.

ശബരിമല പുല്ലുമേട് ദുരന്തം നടന്നപ്പോള്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടസ്ഥലത്തേക്ക് ആശ്വാസവുമായി നരേന്ദ്രമോദി എത്തി. സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ബംഗാളില്‍ പരസ്യമായ സഖ്യത്തിലാണെങ്കില്‍ ഇവിടെ രഹസ്യബന്ധത്തിലാണ്. ത്രിശങ്കു സഭ വന്നാല്‍ ബി.ജെ.പി ആരെയും പിന്തുണയ്ക്കില്ല. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും മാറിമാറി വിജയിപ്പിക്കുന്ന രീതി ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ജനങ്ങള്‍ തെറ്റിക്കാന്‍ പോകുകയാണ്. രണ്ടു മുന്നണികളുടെയും തുടര്‍ച്ചയായ ഭരണം കാരണം കേരളത്തില്‍ ചില വിഭാഗങ്ങള്‍ അമിതമായി പ്രീണിപ്പിക്കപ്പെടുകയും ചിലര്‍ അവഗണിക്കപ്പെടുകയും ചെയ്തു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അതുണ്ടാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button