KeralaNews

സംസ്ഥാനത്ത് ഉച്ചവരെ 46 ശതമാനം പോളിങ്: വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്

തിരുവനന്തപുരം: രണ്ട് മാസം നീണ്ട പ്രചാരണത്തിന്റെ ആവേശം വോട്ടര്‍മാരും ഏറ്റെടുത്തതോടെ സംസ്ഥാനത്ത് ഉച്ചവരെ 46 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പോളിംഗ് 40 ശതമാനം കടന്നിട്ടുണ്ട്. എറ്റവും കുറവ് പോളിംഗ് തിരുവനന്തപുരം ജില്ലയിലാണ് പൊതുവില്‍ മലബാറില്‍ കനത്ത പോളിംഗും തെക്കന്‍ കേരളത്തില്‍ മന്ദഗതിയിലുള്ള പോളിംഗുമാണ് ഇപ്പോള്‍ കാണുന്നത്.

രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്ന മധ്യകേരളത്തില്‍ മെച്ചപ്പെട്ട പോളിംഗുണ്ടെങ്കിലും, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പോളിംഗ് മന്ദഗതിയിലാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പ.ിഎം പോളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ രാവിലെ പതിനൊന്ന് മണിക്ക് മുന്‍പേ തന്നെ കുടുംബസമേതം ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബാബു, ഷിബു ബേബി ജോണ്‍, വി.എസ്.ശിവകുമാര്‍, പി.ജെ .ജോസഫ്, കെ.എം.മാണി, എം.കെ.മുനീര്‍ സ്ഥാനാര്‍ഥികളായ എം.വി.നികേഷ് കുമാര്‍, എം.വി.ശ്രേംയസ് കുമാര്‍, എം.എം.ഹസന്‍, കെ.എം.ഷാജി,മുകേഷ്, കെ.എ.തുളസി, ജഗദീഷ്, പി.സി.ജോര്‍ജ്, കെ.ബി.ഗണേഷ് കുമാര്‍, ആര്‍.ബാലകൃഷ്ണപ്പിള്ള തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി.

നടന്‍മാരായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും കൊച്ചി പനമ്പള്ളി നഗറില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, ആലുവയില്‍ നടന്‍ ദിലീപ് അമ്മയോടൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. എം.ടി.വാസുദേവന്‍ നായര്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

ഉമ്മന്‍ചാണ്ടിയും, പിണറായി വിജയനും, കൊടിയേരിയും, ആന്റണിയും കുടുംബസമേതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത്, സുരേഷ് ഗോപി എം.പി എന്നിവരും രാവിലെ തന്നെ വോട്ട് ചെയ്തു.

തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും ചിലയിടങ്ങളില്‍ രാവിലെ മഴപെയ്തു. 140 നിയോജകമണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 2.60 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1.35 കോടി സ്ത്രീകളും 1.25 കോടി പുരുഷന്‍മാരുമാണ്. 2011 ലേതിനെക്കാള്‍ 28.71 ലക്ഷം വോട്ടര്‍മാര്‍ കൂടുതലുണ്ട്. 23,289 പ്രവാസി വോട്ടര്‍മാരും ഭിന്നലിംഗക്കാരായ രണ്ടുപേരും വോട്ടര്‍ പട്ടികയിലുണ്ട്. 19 നാണ് വോട്ടെണ്ണല്‍. 2011ല്‍ 75.12 ശതമാനമായിരുന്നു പോളിങ്.

ഭരണം തുടരുമെന്ന് യു.ഡി.എഫും പിടിച്ചെടുക്കുമെന്ന് എല്‍.ഡി.എഫും അവകാശപ്പെടുന്നു. അക്കൗണ്ട് തുറക്കാനും നിര്‍ണായക എണ്ണം സീറ്റുകള്‍ നേടാനുമാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. 21,498 പോളിങ് ബൂത്തുകളും 148 ഉപബൂത്തുകളുമാണ് ഇത്തവണയുള്ളത്.

ഒരു ബൂത്തിലെ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1750 ആയിരിക്കും. ഇതില്‍ കൂടുതല്‍ പേരുള്ള ഇടങ്ങളിലാണ് ഉപ ബൂത്തുകള്‍ അനുവദിച്ചിട്ടുള്ളത്. 1,11,897 ജീവനക്കാരാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മുമ്പെങ്ങും ഇല്ലാത്തവിധം സുരക്ഷാ സന്നാഹങ്ങളും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 3176 ബൂത്തുകളില്‍ പ്രശ്‌നസാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button