Editorial

കോൺഗ്രസ്മുക്ത ഭാരതം യാഥാർത്ഥ്യത്തിലെക്കോ…?

നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും ജനവിധിയുടെ ഫലപ്രഖ്യാപനം 48- മണിക്കൂറുകൾക്കുള്ളിൽ നടക്കും. ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടം ഈ സംസ്ഥാന ഫലങ്ങൾ സംജാതമാക്കും. ഭരണകക്ഷിയായ ബി.ജെ.പിയും മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസുമാണ് ഈ ഫലങ്ങളെ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

കേരളവും തമിഴ്നാടും ഇന്നലെ വിധിയെഴുതിയതോടെ ടെലിവിഷൻ വാർത്താ ചാനലുകളിൽ എക്സിറ്റ് പോൾ ഫലപ്രഖ്യാപന പ്രവചനങ്ങളുടെ കുത്തൊഴുക്കായിരിന്നു ഇന്നലെ വൈകിട്ടോടെ. ഈ പ്രവചനങ്ങളെ മുഖവിലയ്ക്കെടുത്താൽ ഭരണകക്ഷിയായ ബി.ജെ.പി. വലിയ പരിക്കുകളില്ലാതെ രക്ഷപെടുമ്പോൾ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ സ്ഥിതി പരുങ്ങലിലാണ്.

കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ കൈവിട്ടു പോകുന്നതിന് പുറമേ, എറേ നാണക്കേടുകൾ സഹിച്ച് ബംഗാളിൽ സി.പി.എമ്മിനോടൊപ്പം കൂട്ടുചേർന്ന് നടത്തിയ രാഷ്ട്രീയ പരീക്ഷണം അമ്പേ പാളിപ്പോകുന്ന അവസ്ഥയും പ്രവചിക്കപ്പെട്ടിരിക്കുന്നു. പതിനഞ്ച് വർഷമായി ഭരണത്തിലിരിക്കുന്ന ആസ്സാമിൽ പാർട്ടിക്കെതിരായ വൻവിധിയെഴുത്താണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. കേരളത്തിൽ കുറച്ചുകൂടി നല്ല മത്സരം കാഴ്ചവച്ചെങ്കിലും അധികാരം നിലനിർത്താൻ കഴിയില്ല എന്നു തന്നെയാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ആസ്സാമും കേരളവും കൈവിട്ടു പോകുന്നതോടെ കോൺഗ്രസിന്റെ ഭരണസാന്നിദ്ധ്യം അഞ്ചിൽ താഴെ സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങും. അതിൽത്തന്നെ കർണ്ണാടക മാത്രമാണ് വലിയൊരു സംസ്ഥാനം എന്നു പറയാവുന്നത്. ഉത്തരാഖണ്ഡിൽ വലിയൊരു ഭരണപ്രതിസന്ധി അതിജീവിച്ചെങ്കിലും ഹരീഷ് റാവത്ത് മന്ത്രിസഭ ബി.എസ്.പി. പോലുള്ള പാർട്ടികളുടെ കാരുണ്യത്തിലാണ് അധികാരത്തിൽ തുടരുന്നത്. പിന്നീടുള്ള കോൺഗ്രസ് ഭരണസാന്നിദ്ധ്യം ദേശീയരാഷ്ട്രീയത്തിൽ സജീവമല്ലാത്ത മേഘാലയ പോലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ്.

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനമായ ആസ്സാം കൈവിട്ടു പോകുന്നതോടൊപ്പം മുഖ്യഎതിരാളിയായ ബി.ജെ.പി. ചരിത്രത്തിലാദ്യമായി അവിടെ അധികാരത്തിൽ വരുന്ന അവസ്ഥയും നേരിടേണ്ട ഗതികേടിലാണ് കോൺഗ്രസ് ഇപ്പോൾ.

ഏറേ നാണക്കേടുകൾ സഹിച്ച്, നിലനിൽപ്പിനായി ഒരു അവസാന പിടിവള്ളി കാത്തുനിന്ന സി.പി.എമ്മിനെ ബംഗാളിൽ കൂടെക്കൂട്ടി നടത്തിയ പരീക്ഷണവും പാളും എന്നാണ് പ്രവചനങ്ങൾ. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തും എന്ന പ്രവചനങ്ങൾക്കൊപ്പം അവരുടെ സീറ്റുകൾ വർദ്ധിക്കുമെന്നും ചില എക്സിറ്റ് പോളുകളിൽ പറയുന്നു. അതായത്, കോൺഗ്രസ്-സി.പി.എം. ബാന്ധവം ജനങ്ങൾ പുറംകാലു കൊണ്ടു ചവിട്ടിത്തെറിപ്പിക്കും എന്നർത്ഥം.

കേരളത്തിൽ പ്രകടമായ ഭരണവിരുദ്ധ വികാരം ഇല്ല എന്ന പാർട്ടി വിലയിരുത്തലുകളും തെറ്റിപ്പോകും എന്ന സൂചനയാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. ബംഗാളിലെ കൂട്ടുകാരായ സി.പി.എമ്മിനു മുമ്പിൽ അധികാരം അടിയറവ് വയ്ക്കുന്നതിനോടൊപ്പം ബി.ജെ.പി. അക്കൗണ്ട് തുറക്കില്ല എന്ന ഉമ്മൻചാണ്ടിയുടേയും എ.കെ.ആന്റണിയുടേയും മറ്റും ആവർത്തിച്ചുള്ള അവകാശവാദങ്ങളും തെറ്റിപ്പോകും എന്നതാണ് അവസ്ഥ. ഉമ്മൻചാണ്ടി സർക്കാർ കാട്ടിക്കൂട്ടിയ അഴിമതികളോട് ജനങ്ങളുടെ നിശ്ശബ്ദ പ്രതികരണം ആകും ഈ വിധിയെഴുത്ത്.

ഈ തിരിച്ചടികൾക്കിടയിലും തമിഴ്നാട്ടിൽ ഡി.എം.കെയോടൊപ്പം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടത് വെറുതെയാവില്ല എന്ന പ്രവചനങ്ങളും പുതുച്ചേരിയിൽ അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന് അധികാരത്തിൽ തിരികെ വരാം എന്ന പ്രതീക്ഷയും നിലയില്ലാക്കയത്തിലേക്കു താഴുന്ന പാർട്ടിക്ക് പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button