NewsIndia

പത്താന്‍കോട്ട് ഭീകരാക്രമണം: സുപ്രധാന പങ്ക് വഹിച്ചത് യു.പി.എ സര്‍ക്കാര്‍ വിട്ടയച്ച ഭീകരന്‍

ന്യൂഡല്‍ഹി പത്താന്‍കോട്ടെ വ്യോമസേന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ഇന്ത്യന്‍ അന്വേഷണസംഘം. ഭീകരക്രമണത്തിന് സുപ്രധാന പങ്ക് വഹിച്ചത് കഴിഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ വിട്ടയച്ച ഭീകരന്‍ ഷാഹിദ് ലത്തീഫ് (47) ആണെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ നാല് ഭീകരര്‍ക്ക്‌ സാധനങ്ങളും ഉപകരണങ്ങളും എത്തിച്ച് നല്‍കിയതും മറ്റു സഹായങ്ങളും നല്‍കിയത് ഇയാളാണെന്നാണ് റിപ്പോര്‍ട്ട്.

2010 ലാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ലത്തീഫിനെ ജയിലില്‍ നിന്നും മോചിപ്പിച്ചത്. പാകിസ്ഥാന്‍ സ്വദേശിയായ ലത്തീഫ് ജെയ്ഷ്-ഇ-മൊഹമ്മദിന്റെ മുതിര്‍ന്ന നേതാവാണ്‌. മയക്കുമരുന്ന്-ഭീകരവാദ കേസില്‍ 1996 ലാണ് ജമ്മുവില്‍ നിന്നും ഇയാള്‍ അറസ്റ്റിലാകുന്നത്.

ജെയ്ഷ്-ഇ-മൊഹമ്മദ് തലവന്‍ മൌലാന മസൂദ് അസ്ഹറാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലത്തീഫ് അടക്കം 20 ഓളം ഭീകരരെ ആറുവര്‍ഷം മുന്‍പ് മോചിപ്പിച്ചത്. പഞ്ചാബിലെ വാഗ അതിര്‍ത്തി വഴിയാണ് ഇവരെ പാകിസ്ഥാനിലേക്ക് നാടുകടത്തിയത്.

മോചിപ്പിക്കപ്പെട്ടവരെല്ലാം ഇന്ത്യന്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണെന്നാണ് ഒരു മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അഞ്ച് ഭീകരര്‍ റാഞ്ചി കാണ്ടഹാറില്‍ ഇറക്കിയ ശേഷം ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഭീകരരില്‍ ഒരാളായിരുന്നു ലത്തീഫ്. അന്ന് മസൂദ് അസ്ഹറിനേയും മറ്റു രണ്ട് ഭീകരരേയും വിട്ടയച്ചാണ് 189 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന്‍ രക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button