NewsInternationalGulf

അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണയുമായി സൗദി സാമ്പത്തിക പരിഷ്‌കരണം

റിയാദ്: സാമ്പത്തിക മേഖലയില്‍ സൗദി നടപ്പാക്കുന്ന പരിഷ്‌കരണങ്ങള്‍ക്ക് അന്താരാഷ്ട്ര നാണയനിധിയുടെ പിന്തുണ. സൗദിയില്‍ പര്യടനം നടത്തുന്ന ഐ.എം.എഫ് സംഘത്തിന് നേതൃത്വം നല്‍കുന്ന ടിം കാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എണ്ണ വിലയിടിവിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും സാഹചര്യത്തില്‍ സ്വദേശ, വിദേശ കടം കുറക്കാന്‍ സൗദി മുന്നോട്ടുവെച്ച പരിഷ്‌കരണങ്ങളെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ ചെലവുകള്‍ കുറക്കുക, നികുതി ഏര്‍പ്പെടുത്തുക, സബ്‌സിഡി കുറക്കുക, എണ്ണ ഇതര വരുമാനത്തില്‍ ശ്രദ്ധ നല്‍കുക തുടങ്ങി വിഷന്‍ 2030 എന്ന തലക്കെട്ടില്‍ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സൗദി സാമ്പത്തിക സമിതി മേധാവിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച പരിപാടികള്‍ രാഷ്ട്രത്തെ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുമെന്ന് ഐ.എം.എഫ് പ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2015 ബജറ്റ് 98 ബില്യന്‍ ഡോളര്‍ കമ്മിയില്‍ അവസാനിച്ചതിനാലും നടപ്പു വര്‍ഷത്തെ കമ്മി മുന്‍ വര്‍ഷത്തെക്കാര്‍ കൂടാന്‍ സാധ്യതയുള്ള സാഹചര്യത്തിലും കര്‍ശനമായ സാമ്പത്തിക പരിഷ്‌കരണം അനിവാര്യമാണ്. പെട്രോള്‍ ഉല്‍പന്നങ്ങളില്‍ ഊന്നിയുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് ഗുണകരമാവില്ല. രാജ്യത്തിന്റെ ജി.ഡി.പി കമ്മി 14 ശതമാനത്തില്‍ നിന്ന് 16 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കിയല്ലാതെ ഈ പ്രതിസന്ധി മറികടക്കാനാവില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സബ്‌സിഡി വെട്ടിച്ചുരുക്കുന്നതിലും സര്‍ക്കാര്‍ ടാകസ് വര്‍ധിപ്പിക്കുന്നതിലും സൗദി ഏറെ ശ്രദ്ധിക്കേണ്ടതായി വരുമെന്നും സ്വകാര്യ മേഖലയിലെ നിക്ഷേപവും വിദേശ മുതല്‍മുടക്കും ആകര്‍ഷിക്കാനും ശ്രദ്ധ ചെലുത്തണമെന്നും ഐ.എം.എഫ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button