Uncategorized

ഇതുവരെ പിടികിട്ടാത്ത സൂര്യകാന്തിയുടെ ഗണിതശാസ്ത്ര രഹസ്യം ചോര്‍ത്താന്‍ ശാസ്ത്രജ്ഞര്‍

ലണ്ടന്‍: സൂര്യകാന്തിയിലുള്ള ഗണിതശാസ്ത്ര രഹസ്യത്തിന്റെ ചുരുളുകള്‍ അഴിക്കാന്‍ വീണ്ടും ശ്രമം തുടങ്ങി. പ്രകൃതിയുടെ രഹസ്യകോഡുകളെ പിന്തുടരുകയാണു ചെയ്യുന്നതെന്നാണു പുതുതലമുറ ഗവേഷകരുടെ നിലപാട്. പൂവിതളുകളും കായകളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചിരിക്കുന്നത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഫിബണോച്ചി, ട്രയാംഗുലാര്‍, മാജിക് സ്‌ക്വയര്‍ തുടങ്ങിയ പേരുകളിലുള്ള സമവാക്യങ്ങള്‍ ഈ രഹസ്യം പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കൃത്രിമ ബുദ്ധി(ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്)യുടെ പിതാവ് അലന്‍ ടൂറിങ് സൂര്യകാന്തി വിത്തുകളുടെ പിന്നിലെ രഹസ്യം ചോര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു. ഫിബണോച്ചി മാതൃകയാണ് അദ്ദേഹം പിന്തുടര്‍ന്നത്. കൂടുതല്‍ പ്രകാശം ആഗിരണം ചെയ്യാനുള്ള കണക്കാണു സൂര്യകാന്തിപൂവില്‍ അടങ്ങിയിട്ടുള്ളതെന്നും അദ്ദേഹം കണ്ടെത്തിരുന്നു. പിന്നാലെ വന്ന ഗവേഷകര്‍ സസ്യങ്ങളില്‍ ഊര്‍ജവിതരണത്തിലും ഫിബണോച്ചി കണക്കുകള്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു.

ടൂറിങ്ങിന്റെ പഠനം കമ്പ്യൂട്ടര്‍ മാതൃകയുടെ സഹായത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണു ശ്രമം. നക്ഷത്രസമൂഹങ്ങളുടെ പഠനത്തിനു കമ്പ്യൂട്ടര്‍ മാതൃക ഉപയോഗിക്കുന്നതുപോലെയുള്ള സംവിധാനമാണു ടൂറിങ്ങിന്റെ പേരില്‍ ലക്ഷ്യമിടുന്നത്.
മാഞ്ചസ്റ്റര്‍ മ്യൂസിയം ഓഫ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണു പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. ഇറ്റാലിയന്‍ ഗണിതശാസ്ത്രജ്ഞനായിരുന്ന ഫിബനോച്ചി എന്നറിയപ്പെട്ടിരുന്ന ലിയനാര്‍ഡോ ഓഫ് പിസയുടെ പേരില്‍ അറിയപ്പെടുന്ന ഒരു സംഖ്യാ ശ്രേണിയെയാണു ഫിബണോച്ചി.
ഈ സംഖ്യാശ്രേണിയിലെ ആദ്യസംഖ്യ പൂജ്യവും രണ്ടാം സംഖ്യ ഒന്നും ആണ്. ഇങ്ങനെ തുടര്‍ന്നു വരുന്ന എല്ലാ സംഖ്യകളും തൊട്ടു മുന്നിലെ രണ്ടു സംഖ്യകളുടെ തുകയായിരിക്കും. 0,1,1,2,3,5,8, 13… എന്ന ക്രമത്തിലാണു ഫിബണോച്ചി ശ്രേണിയിലെ അക്കങ്ങള്‍ പോകുന്നത്. സൂര്യകാന്തി അടക്കമുള്ള പല ചെടികളിലും ഈ ക്രമത്തിലാണു വിത്തുകളുകളുടെയും ഇതളുകളുടെയും ക്രമീകരണം. ആദ്യ അടുക്കില്‍ 3 മൂന്ന് ഇതളുകളെങ്കില്‍ അടുത്ത അടുക്കുകളില്‍ 5, 8 എണ്ണത്തിലാകും ഇതളുകള്‍ ഉണ്ടാകുക. മുയലുകള്‍ക്കു കുഞ്ഞ് ഉണ്ടാകുന്നതിലും ഈ സമവാക്യം പിന്തുടരപ്പെടുന്നുണ്ട്.
മനുഷ്യശരീരത്തിലും ഫിബനോച്ചി സ്വാധീനമുണ്ട്. കണ്ണുകളും കാതുകളുമടക്കമുള്ള അവയവങ്ങള്‍ രണ്ട്, അഞ്ച് വിരലുകള്‍… ഫിബണോച്ചി സ്വാധീനം ഇങ്ങനെ പോകുന്നു.
തേനീച്ച കോളനികളിലും ഇത്തരം കണക്ക് പിന്തുടരുന്നുണ്ട്. സൂര്യകാന്തിയില്‍നിന്നു കൂടുതല്‍ സമവാക്യം കൊണ്ടുവരാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ഗവേഷണങ്ങള്‍ക്കു ജനങ്ങളുടെ പിന്തുണയും ശാസ്ത്രകാരന്മാര്‍ തേടുന്നുണ്ട്. ഇതുവരെയുള്ള ഗവേഷണഫലങ്ങള്‍ പഠിച്ചശേഷം ആര്‍ക്കും നിഗമനങ്ങള്‍ സമര്‍പ്പിക്കാമെന്നു മാഞ്ചര്‍സ്റ്റര്‍ സര്‍വകലാശാലയിലെ ഡോ. എറിന്‍മ ഒചു അറിയിച്ചു. 1954 ലാണു അലന്‍ ടൂറിങ് സൂര്യകാന്തിയിലെ കണക്കുകള്‍ പഠിക്കാനുള്ള ശ്രമം തുടങ്ങിയത്. നക്ഷത്ര വിന്യാസം പോലും ഇത്തരം കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നാണു സൂചന.

മൂന്നാം നൂറ്റാണ്ടിലാണു ചെടികളുടെ ഗണിതം ശാസ്ത്രജ്ഞര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. എ.ഡി. 1170 1250 കാലഘട്ടത്തിലാണു ഫിബനോച്ചി ജീവിച്ചിരുന്നത്. ഇന്ത്യ- അറബിക് ഗണിതശാസ്ത്രത്തെ പിന്തുടര്‍ന്നാണ് അദ്ദേഹം പുതിയ സംഖ്യാശ്രേണി കണ്ടെത്തിയത്. ഇന്ത്യന്‍ ഗണിതശാസ്ത്രത്തില്‍നിന്നാണ് അദ്ദേഹം പ്രകൃതിയുടെ ഈ കണക്ക് കണ്ടെത്തിയതെന്നും സൂചനയുണ്ട്. ഫിബനോച്ചിയെ പിന്തുടര്‍ന്നു ബ്രഹ്മപുത്ര ഫിബനോച്ച ഐഡന്റിറ്റി, ഫിബനോച്ചി സേര്‍ച്ച്, പിസാനോ പീരിഡ് എന്നിവയും പുറത്തുവന്നു.

shortlink

Post Your Comments


Back to top button