NewsInternationalGulf

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് പൊലിസ്

ദുബായ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് രാജ്യം സ്വീകരിക്കുന്നതെന്ന് ദുബായ് പൊലിസ്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ പൊലിസിന് സാധിച്ചിട്ടുണ്ടെന്നും അടുത്തിടെ നിരവധി കേസുകള്‍ ഇത്തരത്തില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതായും അധികൃതര്‍ വ്യക്തമാക്കി. സ്വദേശികളായ ഐ.ടി. വിദഗ്ധരുടെ മികച്ച സേവനം ഇക്കാര്യത്തില്‍ വിലമതിക്കാനാവാത്തതാണെന്നും ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു. ദുബായ് സയന്റിഫിക് ആന്‍ഡ് കള്‍ചറല്‍ അസോസിയേഷനില്‍ പൊതുപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൈബര്‍ ഹാക്കിങ് മുഖേന ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് പരാതി നല്‍കാവുന്ന വിധം നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും ജനുവരിയില്‍ രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വന്‍ തോതില്‍ ഹാക്കിങ് മുഖേന പണം കവര്‍ന്ന സംഘത്തെ പിടികൂടിയതായും ഖമീസ് മതാര്‍ പറഞ്ഞു. ബാങ്ക് ജീവനക്കാരും ടെലികോം കമ്പനി ജീവനക്കാരുമടക്കമുള്ള സംഘമാണ് ബാങ്കുകളില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തിയത്. ടെലികോം കമ്പനി ജീവനക്കാരുടെ സഹായത്തോടെ ഉപഭോക്താക്കളുടെ ഡ്യൂപ്‌ളിക്കേറ്റ് സിം കാര്‍ഡുകള്‍ നിര്‍മിച്ചശേഷം അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്‍ സന്ദേശങ്ങള്‍ എത്തുന്നത് തടയുകയും തുടര്‍ന്ന് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തുക മറ്റ് അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് പ്രതികള്‍ ചെയ്തത്. നിരവധി ബാങ്കുകളില്‍ നിന്ന് ഇത്തരത്തില്‍ പണം നഷ്ടമായതോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒമ്പതുപേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ആറുപേരെ യു.എ.ഇയില്‍ നിന്നും മൂന്നുപേരെ വിദേശത്തുനിന്നുമാണ് പിടികൂടിയത്. പ്രതികളില്‍ നാലുപേര്‍ ബാങ്ക്, ടെലികോം കമ്പനി ഉദ്യോഗസ്ഥരായിരുന്നു.

ഇന്റര്‍നെറ്റ് കഫേകള്‍ പ്രചാരത്തില്‍ വരുന്ന ആദ്യകാലത്തു ദുബായില്‍ നടന്ന ആദ്യ സൈബര്‍ കുറ്റകൃത്യവും ഖമീസ് മതാര്‍ വിശദീകരിച്ചു. പെട്രോള്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന സ്വദേശിയായ ഐ.ടി വിദഗ്ധന്‍ ഇന്റര്‍നെറ്റ് കഫേകള്‍ സന്ദര്‍ശിച്ച് ഇമെയില്‍ ഹാക്ക് ചെയ്ത് പെണ്‍കുട്ടികളുടെയും മറ്റും സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ചോര്‍ത്തി. ഈ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ആദ്യമായാണ് ഇത്തരമൊരു കേസെന്നതിനാല്‍ എങ്ങനെ നേരിടണമെന്ന് നിശ്ചയമില്ലായിരുന്നു. തുടര്‍ന്ന് സര്‍വകലാശാല വിദ്യാര്‍ഥികളെ സമീപിച്ച് കമ്പ്യൂട്ടറില്‍ പരിചയമുള്ള വിദഗ്ധനായ ഒരാളെ കണ്ടെത്തുകയും ഇയാളുടെ സേവനത്തോടെ കുറ്റവാളിയെ കണ്ടെത്തുകയും ചെയ്തു. ഈ വിദ്യാര്‍ഥിയെ പഠന ശേഷം ദുബായ് പൊലിസില്‍ നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ പൊലിസിന്റെ സൈബര്‍ കുറ്റകൃത്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന 99 ശതമാനം പേരും സ്വദേശികളാണ്.

കഴിഞ്ഞ വര്‍ഷം 1011 സൈബര്‍ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. 40.5 ദശലക്ഷം ദിര്‍ഹത്തിന്റെ നഷ്ടമാണുണ്ടായത്. 2014ല്‍ 745 കേസുകളിലൂടെ 27.9 ദശലക്ഷം ദിര്‍ഹത്തിന്റെയും 2013ല്‍ 352 കേസുകളിലൂടെ 13.1 ദശലക്ഷം ദിര്‍ഹത്തിന്റെയും നഷ്ടമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button