Editorial

സൗമ്യതയും കാര്‍ക്കശ്യവും ഇഴചേര്‍ന്ന ഈ പിണറായിക്കാരന്‍റെ കര്‍മ്മകുശലതയില്‍ പ്രതീക്ഷ വാനോളം….

സൗമ്യതയും കാര്‍ക്കശ്യവും ഇഴചേര്‍ന്ന പ്രവര്‍ത്തനശൈലി ഒരു യഥാര്‍ത്ഥ ജനനേതാവിന്‍റേതാണ്. പിണറായി വിജയന്‍ ഒരു ജനനേതാവാണ്‌. കണ്ണൂര്‍ എന്ന കേരളത്തിന്‍റെ രാഷ്ട്രീയതീച്ചൂളയില്‍ വാര്‍ത്തെടുക്കപ്പെട്ട എല്ലാം തികഞ്ഞ ജനനേതാവ്, സഖാവ്. ആ നേതാവ് കേരളത്തിന്‍റെ നേതൃപദവി ഏറ്റെടുക്കുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങളിലും ഉള്ള പ്രതീക്ഷകളുടെ ഉയരം വാനോളമാണ്.

സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളെ സ്വാനുഭവങ്ങളിലൂടെ അടുത്തറിഞ്ഞിട്ടുള്ള പിണറായി വിജയന്‍ തന്‍റെ സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാറായിരിക്കുമെന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു. തന്‍റെയൊപ്പം തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ മതവും ജാതിയും നോക്കാതെ തന്നെ മന്ത്രിസ്ഥാനങ്ങളുടെ വിഭജനം നടന്നപ്പോഴേ ജനങ്ങളില്‍ ഉണ്ടായ ആശ്വാസം പിണറായി സര്‍ക്കാരിന് കിട്ടിയ നല്ലൊരു തുടക്കവുമായി.

അധികാരമേറ്റെടുത്ത ശേഷം പിണറായി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ആദ്യവെല്ലുവിളിയാകും ജിഷ കൊലക്കേസിലെ യഥാര്‍ത്ഥ പ്രതിയെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക എന്നുള്ളത്. പ്രതിയെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക മാത്രമല്ല, തക്കതായ ശിക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കും, പ്രത്യേകിച്ചും സൗമ്യ കൊലക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെപ്പോലുള്ളവര്‍ വധശിക്ഷ ലഭിച്ചതിനു ശേഷവും ജയിലില്‍ ഗവണ്‍മെന്‍റ് ചിലവില്‍ സുഖവാസം നടത്തുന്ന സാഹചര്യത്തില്‍. അഭ്യന്തരവകുപ്പ് സ്വയമേറ്റെടുത്ത പിണറായി വിജയന്‍ ജനങ്ങള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഈ നീതിനിര്‍വഹണം നടത്തും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

ലാവ്ലിന്‍ കേസിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ലെങ്കിലും പിണറായി വിജയന്‍ വിദ്യുച്ഛക്തി മന്ത്രിയായിരുന്ന 1996-1998 കാലഘട്ടം കേരളത്തിലെ വൈദ്യുതി ഉത്പാദനത്തെ സംബന്ധിച്ച് ഒരു സുവര്‍ണ്ണ കാലഘട്ടമായിരുന്നു. മന്ത്രി എന്ന നിലയില്‍ പിണറായി എടുത്ത തീരുമാനങ്ങളുടെ ഫലമായി സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം ഗണ്യമായി വര്‍ദ്ധിക്കുകയും, വിതരണക്ഷമതയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരികയും ചെയ്തു. തുടര്‍ന്ന്‍ 1998-മുതല്‍ 2015-വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ഘട്ടത്തില്‍ തന്‍റെ സംഘടനാപാടവവും, ഭരണനിപുണതയും കൈമുതലാക്കി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച് ഒട്ടനവധി പ്രതിസന്ധിഘട്ടങ്ങളില്‍ നിന്ന് കരകയറ്റിയ ആളുമാണ് ഈ 72-കാരന്‍. ഈ കാലഘട്ടത്തില്‍ സിപിഎം രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയും, ഒരെണ്ണത്തില്‍ വിജയിക്കുകയും ചെയ്തു.

ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്‍റേയും കല്യാണിയുടേയും മകനായി 1945, മെയ് 24-ന് പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍പ്പെട്ട പിണറായിയില്‍ ജനിച്ച വിജയന്‍ കണ്ണൂരിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ പ്രവര്‍ത്തന പരിചയത്തിലൂടെയാണ് കേരള രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. 1970-ല്‍ കൂത്തുപറമ്പില്‍ നിന്ന് ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ പിണറായിക്ക് പ്രായം 25-മാത്രം.

അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിലകപ്പെട്ട സഖാവ് വിജയനെ പോലീസുകാര്‍ നിര്‍ദയം തല്ലിച്ചതച്ചു. 1975, സെപ്റ്റംബര്‍ 28-ന്‍റെ രാത്രിയില്‍ ആറു പോലീസുകാര്‍ ചേര്‍ന്ന് ബോധം നഷ്ടപ്പെടുന്നതു വരെ തന്നെ മര്‍ദിച്ച കാര്യം വളരെ വിരളമായി മാത്രം കൊടുക്കാറുള്ള അഭിമുഖസംഭാഷണങ്ങളില്‍ ഒന്നില്‍ പിണറായി പരാമര്‍ശിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ നിന്ന്‍ മോചിതനായ ശേഷം നിയമസഭയില്‍ എത്തിയ സഖാവ് വിജയന്‍ അന്നത്തെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ അഭ്യന്തരമന്ത്രിയും അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിലെ രാഷ്ട്രീയ എതിര്‍പ്പുകളെ മറികടക്കാന്‍ പോലീസിനെ നിര്‍ലോഭം ഉപയോഗിച്ചയാളുമായ സാക്ഷാല്‍ കെ.കരുണാകരനെതിരെ, പോലീസ് മര്‍ദ്ദനമേറ്റ സമയത്ത് താന്‍ ധരിച്ചിരുന്ന രക്തംപുരണ്ട ഷര്‍ട്ടുയര്‍ത്തിക്കാട്ടി, നടത്തിയ പ്രസംഗം കേരള നിയമസഭയുടെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ ഏടാണ്.

ആ പോരാട്ടവീര്യവും ചങ്കൂറ്റവും ഒട്ടും ചോര്‍ത്തിക്കളയാതെ തന്നെ തുടര്‍ന്നിങ്ങോട്ടുള്ള രാഷ്ട്രീയവഴികളില്‍ മുന്നേറിയ പിണറായി വിജയന്‍ കേരളത്തിന്‍റെ സാരഥ്യമേറ്റെടുക്കുമ്പോള്‍ സംസ്ഥാനത്തിന്‍റേയും ഇവിടുത്തെ ജനങ്ങളുടേയും അനവധിയായ പ്രശ്നങ്ങളുടെ പരിഹാരത്തിന് ആ വിട്ടുവീഴ്ചയില്ലാത്ത പോരാളിയുടെ സൗമ്യതയും കാര്‍ക്കശ്യവും തന്നെയാണ് നമുക്കവാശ്യം. അതാണ്‌ പ്രതീക്ഷയും….

shortlink

Related Articles

Post Your Comments

Related Articles


Back to top button