News

ബ്രെഡ് വില്‍പ്പനയില്‍ വന്‍ ഇടിവ് : പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയ ബ്രെഡിന് പൂര്‍ണ്ണ നിരോധനം

ഹൈദരാബാദ്: മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ബ്രെഡ് വിപണിയില്‍ വന്‍ഇടിവ്. ഹൈദരാബാദില്‍ ബ്രെഡ് വില്‍പ്പനയില്‍ 20 ശതമാനം കുറവാണ് കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടായിരിക്കുന്നത്. അതിനിടെ നഗരത്തിലെ വിപണിയില്‍ നിന്ന് ഗുണമേന്‍മ പരിശോധനയ്ക്കായി 30 ഓളം സാമ്പിളുകള്‍ തെലുങ്കാന ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ചു. ഇതും വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്.

ബ്രെഡ് ഉള്‍പ്പെടെയുള്ള ബേക്കറി വിഭവങ്ങളില്‍ കാന്‍സറിന് തന്നെ കാരണമാകാവുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയൊഡേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് പുറത്തുവിട്ടത്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി ആളുകള്‍ വാങ്ങിയ ബ്രെഡ് കടകളില്‍ തിരികെ കൊണ്ടു കൊടുക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത കുറച്ച് ദിവസത്തേക്ക് ബ്രെഡ് ഉത്പാദനത്തിന്റെ അളവ് കുറയ്ക്കാനാണ് ബേക്കറി ഉടമകളുടെ തീരുമാനം.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയ ബ്രെഡിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തും. ബ്രെഡുകളിലെ പൊട്ടാസ്യം അയോഡേറ്റിന്റെ അളവ് പരിശോധിക്കുമെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കി.

അതോറിറ്റിയുടെ ഇടപെടലിനെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വിട്ട സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്വാഗതം ചെയ്തു. ബ്രെഡ് മാവ് കുഴയ്ക്കുമ്പോള്‍ ചേര്‍ക്കുന്ന അപകടകരമായ രാസവസ്തുക്കള്‍ പരിശോധിച്ച 24 ല്‍ 19 ബ്രാന്‍ഡുകളിലും കണ്ടെത്തിയിരുന്നു. വിദേശ രാജ്യങ്ങള്‍ നിരോധിച്ച ഈ രാസവസ്തുക്കള്‍ പതിവായി ബ്രെഡ് കഴിക്കുന്നവരില്‍ അര്‍ബുദത്തിനു കാരണമാകുമെന്ന സിഎസ്ഇ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button