KeralaNews

ഡീസല്‍ വാഹന നിരോധനം: കേരളം ഉടന്‍ അപ്പീല്‍ പോകില്ല

തിരുവനന്തപുരം: 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നഗരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകില്ല. എല്ലാ വശങ്ങളും ആലോചിച്ചശേഷമേ തീരുമാനമുണ്ടാകൂവെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നിയമവശങ്ങള്‍കൂടി പരിശോധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാകും അപ്പീല്‍ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി അറിയിച്ചു. ഡീസല്‍ വാഹനനിയന്ത്രണം സംബന്ധിച്ച പ്രതിസന്ധി മറികടക്കുന്നതിനൊപ്പം പരിസ്ഥിതി പ്രശ്‌നവും പരിഗണിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിധി നടപ്പിലാക്കുക എന്നത് അസാധ്യമാണെന്ന് തച്ചങ്കരി മുഖ്യമന്ത്രിയെ അറിയിച്ചു.

10 വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സിസിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലും നിരോധിച്ചായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.

ഒരു മാസത്തിനകം നിരത്തുകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ പ്രഥമ ഉത്തരവ്. ഒരു മാസത്തിന് ശേഷം ഇത്തരം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ ഇവ പിടിച്ചെടുക്കണം. കൂടാതെ ഓടുന്ന ഓരോ ദിവസത്തിനും പതിനായിരം രൂപ പിഴ ഈടാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ഗ്രീന്‍ ട്രിബ്യൂണല്‍ ബഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഹെവി ലൈറ്റ് മോട്ടോര്‍ ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. ലോയേഴ്‌സ് എന്‍വയോണ്‍മെന്റ് അവെയര്‍നസ് ഫോറം എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ദില്ലിയിലേപ്പോലെ കേരളത്തിലും പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളും ലോറികളും കാറുകളും ഓട്ടോകളുമെല്ലാം വിഷം തുപ്പുന്നവയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button