KeralaNews

കമ്യൂണിസ്റ്റ്കാരുടെ അന്ധവിശ്വാസരീതികള്‍ക്കെതിരെ വീണ്ടും കെ.സുരേന്ദ്രന്‍

എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റയുടന്‍ 13-ആം നമ്പറുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കൊഴുക്കുന്നു. മന്ത്രിമാര്‍ ഔദ്യോഗിക വാഹനത്തിന് 13-ആം നമ്പര്‍ ഉപയോഗിക്കാത്തത് അന്ധവിശ്വാസം മൂലമാണെന്ന ആരോപണം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ മന്ത്രിമാരുടെ പ്രസ്തുത അന്ധവിശ്വാസത്തെ വിമര്‍ശിച്ച് എഴുതിയ ഒരു കുറിപ്പ് വന്‍വാര്‍ത്താപ്രാധാന്യം നേടുകയും, എല്‍ഡിഎഫ് അനുകൂലികള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ താന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കെ.സുരേന്ദ്രന്‍. കമ്യൂണിസ്റ്റ് മന്ത്രിമാരുടേയും അനുകൂലികളുടേയും അന്ധവിശ്വാസപരമായ രീതികളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളിച്ചാണ് അദ്ദേഹം തന്‍റെ പുതിയ കുറിപ്പ് തയാറാക്കിയിരിക്കുന്നത്.

അദ്ദേഹത്തിന്‍റെ രസകരമായ ഈ മറുപടി കുറിപ്പ് താഴെ വായിക്കാം:

“പതിമൂന്നാം നമ്പർ കാർ ഇടതു പക്ഷ മന്ത്രിമാരാരും എടുക്കാത്തതിനെ പറ്റി ഇന്നലെ മുഖപുസ്തകത്തിൽ എഴുതിയതിനെതിരെ ഒരുപാട് പാർട്ടി സഖാക്കൾ എനിക്കെതിരെ ശകാരവർഷവുമായി വന്നിട്ടുണ്ടല്ലോ. ചെലവുചുരുക്കലും പതിമൂന്നാം നമ്പരും തമ്മിൽ എന്താണ് ബന്ധം? മന്ത്രിമാരുടെ കാറിന്റെ നമ്പർ തീരുമാനിക്കാനുള്ള അധികാരം പോലും ഉമ്മൻ ചാണ്ടിക്കായിരുന്നു എന്നാണ് സഖാക്കളുടെ വാക്കുകൾ കേട്ടാൽ തോന്നുക. 13 എന്ന നമ്പർ കാറിന്റെ രെജിസ്ട്രേഷൻ നമ്പർ അല്ല എന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധി സഖാക്കൾക്കില്ലാതെ പോയതിന്‌ എന്നെ ചീത്ത വിളിച്ചിട്ട് കാര്യമില്ല. പിന്നെ ദേശീയ പത്രങ്ങളിലും മലയാള പത്രങ്ങളിലും ഒന്നാം പേജിൽ പരസ്യം കൊടുക്കാനുള്ള പണം എവിടുന്നാണ് കിട്ടിയത്? ഇങ്ങനെയാണോ ചെലവു ചുരുക്കുന്നത്? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സി പി എം നേതാക്കളെയും പിടി കൂടിയതിനു ഇനിയും ഉദാഹരണം തരാം. സത്യപ്രതിജ്ഞക്കു മുൻപ് പയ്യന്നൂരിലെ ഒരു പ്രമുഖ ജ്യോതിഷിയുടെ അടുത്തുപോയി സമയം നോക്കിയത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കളും പാർട്ടിയുടെ ഒരു ഉന്നത നേതാവും കൂടിയാണ്. സംശയമുണ്ടെങ്കിൽ സഖാക്കൾക്ക് നേതാക്കളോട് ചോദിച്ചു മനസ്സിലാക്കാം. പിന്നെ നോമിനേഷൻ കൊടുക്കുന്നതിനു മുൻപ് പെരുമ്പാവൂരിലെ ഇടതു സ്ഥാനാർഥി കാട്ടുമാ ടത്തുപോയി ശത്രുസംഹാര ഹോമം നടത്തിയത് എനിക്ക് നേരിട്ടറിവുള്ള കാര്യമാണ്. വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദത്തിൽ ജ്യോതിഷവും ശത്രുസംഹാര പൂജയുമൊക്കെയുണ്ടെന്ന് അങ്ങു സമ്മതിക്കൂ സഖാവേ- എന്നിട്ടുപോരെ എന്റെ മേൽ കുതിരകയറൽ…..”.

shortlink

Related Articles

Post Your Comments

Related Articles


Back to top button