അഞ്ചു മിനിറ്റിനുള്ളില്‍ ഡല്‍ഹിയെ നശിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് പാക് ആണവായുധ ശില്‍പി എ.ക്യൂ.ഖാന്‍

പാകിസ്ഥാന്‍റെ ആണവായുധ പദ്ധതിയുടെ ഉപജ്ഞാതാവായ ഡോ. അബ്ദുള്‍ കാദിര്‍ ഖാന്‍ ചില പുതിയ വെളിപ്പെടുത്തലുകളും അവകാശവാദങ്ങളുമായി രംഗത്തെത്തി. 1984-ല്‍ തന്നെ പാകിസ്ഥാന്‍ ഒരു ആണവായുധ ശക്തിയായി മാറിയേനെ എന്നും, അന്നത്തെ പാക്-രാഷ്ട്രപതി ജനറല്‍ സിയാ ഉള്‍-ഹഖ് തടസ്സം നിന്നതിനാല്‍ മാത്രമാണ് അത് സംഭവിക്കാതെ പോയതെന്നുമാണ് ഖാന്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.

റാവല്‍പിണ്ടിയുടെ സമീപത്ത് കഹൂട്ടയില്‍ സജ്ജമാക്കപ്പെട്ട നിലയില്‍ ഇന്ത്യന്‍ രാജധാനി ഡല്‍ഹിയെ 5-മിനിറ്റിനുള്ളില്‍ നശിപ്പിക്കാന്‍ തക്കതായ അണ്വായുധശക്തി പാകിസ്ഥാന്‍റെ പക്കലുണ്ടെന്നും ഖാന്‍ വെളിപ്പെടുത്തി. 1998-ലെ പാക് ആണവായുധ പരീക്ഷണത്തിന്‍റെ വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കവെയാണ് ഖാന്‍ ഇക്കര്യങ്ങളെപ്പറ്റി വാചാലനായത്.

2004-ല്‍ ആണവായുധ രഹസ്യങ്ങള്‍ മറ്റുരാജ്യങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ ഖാന് പാകിസ്ഥാനില്‍ കോടതി വിചാരണ നേരിടേണ്ടി വന്നിരുന്നു. പാകിസ്ഥാന് ആണവായുധം ലഭിക്കാന്‍ സാഹചര്യമൊരുക്കിയ തന്‍റെ സേവനങ്ങളെ പാടെ അവഗണിച്ച് നിയമത്തിനു മുന്‍പില്‍ കുറ്റവാളിയാക്കി നിര്‍ത്തി തന്നെ അപമാനിച്ചുവെന്നും ഖാന്‍ പരിതപിച്ചു.

Share
Leave a Comment