East Coast SpecialNews Story

നരേന്ദ്രമോദിക്ക് നവയുഗ ചാണക്യന്‍ എന്ന വിശേഷണം തികച്ചും അന്വര്‍ത്ഥം; വിശ്വജിത് വിശ്വയുടെ ലേഖന പരമ്പര തുടങ്ങുന്നു

അതിവിശാലമായ മൗര്യ സാമ്രാജ്യത്തിന്റെ ഉയർച്ചക്ക് പിന്നിലെ കൂർമ്മ ബുദ്ധി, അതായിരുന്നു ചാണക്യൻ. ക്രിസ്തുവിനു 325 വർഷം (BC 325) മുൻപ് ജീവിച്ചിരുന്ന ചാണക്യൻ ആണ് ലോകത്തിലെ ആദ്യത്തെ ആധികാരികവും സമഗ്രവും ആയ സാമ്പത്തിക ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവും കൂടാതെ തക്ഷശില സർവ്വകലാശാലയിലെ അധ്യാപകനും ആയിരുന്നു അത്രേ. . സാമ്പത്തിക ശാസ്ത്രത്തിന്റെ കൂടെ തന്നെ ലോകം വണങ്ങിയ യുദ്ധ തന്ത്രങ്ങളുടെ ആശാൻ ആയിരുന്നു ചാണക്യൻ. എന്തിനു ലോകം കീഴടക്കി ജൈത്രയാത്ര നടത്തി ഭാരതത്തിന്റെ പടിഞ്ഞാറു വശത്ത് എത്തിയ അലക്സാണ്ടർ ചക്രവർത്തിയുടെ മഹാ സൈന്യത്തിന് ചന്ദ്രഗുപ്ത മൗര്യന്റെ സൈന്യത്തോട് സന്ധി ചെയ്യേണ്ടി വന്നത് ചാണക്യന്റെ അതി സൂക്ഷ്മ യുദ്ധതന്ത്രത്തിന്റെ ചെറിയ ഒരു ഉദാഹരണം ആണ്. സാമ , ദാമ , ഭേദ ദണ്ഡം ഒക്കെ എങ്ങനെ അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ ഉപയോഗിക്കണം എന്നതും ചാണക്യനീതി യുടെ പ്രതിപാദ്യ വിഷയം ആണ്.

ഇവിടെ ചാണക്യനെ പരാമർശിക്കാൻ കാരണം മറ്റൊന്നും അല്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ഷിയാ രാജ്യമായ ഇറാൻ സന്ദർശനവും അതിനോട് അനുബന്ധിച്ച് ലോകം മുഴുവനും നടന്ന “ചാബ്ബർ” തുറമുഖ നിർമ്മാണത്തെ കുറിച്ചുള്ള ചർച്ചകളും ആണ്. ഇന്ത്യ, ഇറാൻ എന്ന ലോകത്തിലെ അഞ്ചാമത്തെ വലിയ എണ്ണ ഉത്പാദന രാജ്യവും ആയി അവരുടെ ഒരു തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും , ഇറാൻ – അഫ്ഗാൻ റെയിൽ ഗതാഗതത്തിൽ സഹകരിക്കാനും ഒക്കെ കരാർ ഒപ്പിടുന്നത് സഹാനുഭൂതി കൊണ്ടല്ല, മോദിയുടെ ഗുജറാത്തി കച്ചവട ബുദ്ധിയുടെ മറ്റൊരു വശം മാത്രമാണ് എന്ന് ലോകത്തിനു അറിയാം. ഇന്ത്യക്ക് ഈ കരാർ കൊണ്ട് ഉണ്ടാകാൻ പോകുന്ന വ്യാപാര – സാമ്പത്തിക ഗുണങ്ങൾ ഒക്കെ റോയിട്ടെർസും BBC യും വരെ ഇഴ കീറി പരിശോധിക്കുന്നതും അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ. ഹോളണ്ടിലെ റോട്ടർഡാം തുറമുഖം ചരക്കുഗതാഗതത്തിൽ യൂറോപ്പിലെ നാഴികക്കല്ലായി മാറിയത് എങ്ങനെ ആണോ അത് പോലെ തന്നെ മദ്ധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ഒരേ പോലെ വഴി തുറക്കാവുന്ന ഒരു തന്ത്രപ്രധാന വഴി ആയി ചാബ്ബർ തുറമുഖം മാറ്റിയെടുക്കാൻ സാധിക്കും എന്നും വിദഗ്ധർ വിലയിരുത്തുന്നു. അങ്ങനെ സംഭവിക്കുന്ന പക്ഷം അതിന്റെ ഏറ്റവും വലിയ ഗുണഭോക്തവ് ഇന്ത്യ ആയിരിക്കും. Federation of Indian Export Organisations തലവൻ ഖാലിദ് ഖാൻറെ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യൻ – ഇറാൻ കയറ്റുമതിക്കാർക്ക് മോദിയുടെ വരദാനം. എന്നാൽ എനിക്ക് ചർച്ച ചെയ്യാൻ ആഗ്രഹം ഈ സാമ്പത്തിക നേട്ടം മാത്രമല്ല. ഇതിന്റെ മറവിൽ നടന്നൊരു വലിയ മിലിട്ടറി നീക്കം , അതും കൂടി ഈ ചരിത്ര നേട്ടത്തിന്റെ ചുവടു പിടിച്ചു ഇന്ത്യ നേടിയെടുത്തു എന്നത് തന്നെയാണ് അയൽ രാജ്യമായ പാകിസ്താനെയും ചൈനയെയും അങ്കലാപ്പിൽ ആക്കുന്നത്. ആ ബൃഹത്തായ നീക്കത്തിന്റെ അവസാന ആണി ആയിരുന്നു ഇന്ത്യ – ഇറാൻ കരാർ. കച്ചവട ബുദ്ധി മോദിയുടെ ആണെങ്കിൽ അതിന്റെ പിന്നിലെ സൂക്ഷ്മമായ സൈനിക ബുദ്ധി “ഇന്ത്യൻ ജെയിംസ് ബോണ്ട്” എന്നറിയപ്പെടുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ആണ്. . കൂടുതൽ വിശദമാക്കാൻ അതിനു എല്ലാ മാധ്യമങ്ങളിലും വന്ന പോലെ ഉള്ള ഇന്ത്യ – ഇറാൻ – അഫ്ഗാൻ മാപ്പ് അല്ല അതിന്റെ കുറച്ചു കൂടി വലിയ ഒരു ഭൂപടം ആണ് വേണ്ടി വരിക. (ചിത്രം ശ്രദ്ധിക്കുക ).

ins1

ചാബ്ബർ തുറമുഖം ധാരണാപത്രം (MOU – Memorandum of Understanding ) ::

മോദി സർക്കാർ അധികാരം ഏറ്റ ഉടനെ തന്നെ ചാബ്ബർ തുറമുഖം വഴിയുള്ള ഇറാന്റെ സഹകരണം ഉറപ്പു വരുത്താൻ വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. വാജ്പയീ സർക്കാരിന്റെ കാലത്ത് ഇങ്ങനെ ഒരു നീക്കത്തിന്റെ ആവശ്യകതയെ കുറിച്ച് ചർച്ച വന്നെങ്കിലും പല വിധ കാരണങ്ങൾ കൊണ്ട് അത് നടക്കാതെ പോയി. പക്ഷെ ചർച്ചകൾ നീണ്ടു പോയി പോയി അവസാനം ഏതാണ്ട് ഒരു വർഷം മുൻപ് മാത്രം ആണ് ഇന്ത്യയും ആയി ധാരണ പത്രം ഒപ്പ് വക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചത്. അതായത് 2015 മെയ് മാസം. ഇന്ത്യ ഇറാനുമായി തുറമുഖ നിർമ്മാണത്തിൽ മുതൽ മുടക്കാൻ ധാരണാ പത്രം ഒപ്പ് വക്കാൻ പോകുന്നു എന്ന് അറിഞ്ഞ ഉടനെ തന്നെ പാകിസ്ഥാനും ചൈനയും അപകടം മണത്തു. പാകിസ്ഥാനെ ബൈപാസ് ചെയ്തു ഇന്ത്യ അഫ്ഗാൻ വഴി മദ്ധ്യേഷ്യ യിലേക്കും റഷ്യയിലേക്കും എത്തിയാൽ പാകിസ്ഥാനെ ഏതാണ്ട് പൂർണ്ണമായും ഇന്ത്യ വളഞ്ഞു കഴിഞ്ഞു എന്നാണ് അതിന്റെ അർത്ഥം . ഉടനെ അമേരിക്കയുടെ തിട്ടൂരം വന്നു, കരാർ ഉടനെ റദ്ദാക്കണം, ഇറാൻ “വിലക്കപ്പെട്ട” രാജ്യം ആണത്രെ. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി ഏതു രാജ്യവും ആയി ഞങ്ങൾ കരാറിൽ ഏർപ്പെടും എന്ന് ഇന്ത്യ സർക്കാർ അമേരിക്കയുടെ വാറോലക്ക് മറുപടിയും കൊടുത്തു. പാകിസ്താനിൽ ചൈന നിർമ്മിക്കുന്ന ഗ്വദ്ധാർ തുറമുഖം ഇന്ത്യക്ക് മേൽ പടിഞ്ഞാറു ഭാഗത്ത് ഒരു കണ്ണ് വക്കാൻ വേണ്ടി ആണെങ്കിൽ അതിന്റെ ഒരു പടി കൂടെ മുന്നോട്ട് കടന്നു, പാക് – ചൈന തുറമുഖത്തിന്റെ 72 km അകലെ ഇന്ത്യ തുറമുഖം പണിയുന്നത് ചൈനക്കും അടിയാവും എന്ന് ചൈനീസ് പ്രസിഡണ്ട് Xi Jinping നും മനസ്സിലായി. എന്നാൽ അവരുടെ ഏക പ്രതീക്ഷ അന്താരാഷ്ട്ര കരാറുകളിൽ വിനിമയം ഡോളറിൽ ആണല്ലോ, അല്ലെങ്കിൽ യൂറോ, ഇത് രണ്ടിലും കച്ചവടം ചെയ്യാൻ ഇറാന് വിലക്കുണ്ട്. അപ്പോൾ ഇന്ത്യ ഇറാനുമായി ഉണ്ടാക്കുന്ന ധാരണ പത്രം മെയ് 2015 വിട്ട് അധികം പോവില്ല എന്ന് തന്നെ ആയിരുന്നു. എന്നാൽ ഇന്ത്യ അതിനെ കവച്ചു വച്ച് രൂപയിൽ കച്ചവടം ചെയ്യാനും, ഇറാന് ആവശ്യമുള്ള വസ്തുക്കൾ എണ്ണക്ക് തുല്യമായ വിനിമയ നിരക്കിൽ ഇന്ത്യയിൽ നിന്ന് ലഭ്യമാക്കാനും തീരുമാനിച്ചു. അതോടെ ഡോളർ വിനിമയം എന്ന പ്രതിസന്ധി ഇന്ത്യ അനായാസം കടന്നു പന്ത് ഇന്ത്യയുടെ കോർട്ടിൽ പിടിച്ചിട്ടു. ഇനി അടുത്ത പടി ..

പാകിസ്ഥാനെ വളഞ്ഞു ചുറ്റി കൊണ്ട് റഷ്യയിലേക്കും യൂറോപ്പിലേക്കും ::

ഭൂപടം ശ്രദ്ധിച്ചാൽ മനസ്സിലാവും, ഇന്ത്യക്കും യൂറോപ്പിനും റഷ്യക്കും ഇടയിൽ ഇറാനും ആഫ്ഗാനും അല്ലാതെ മറ്റു 5 തന്ത്രപ്രധാന രാജ്യങ്ങൾ കൂടി ഉണ്ട്. കസാഖിസ്ഥാൻ, താജികിസ്ഥാൻ, തുർക്ക്മെനിസ്തൻ , ഉസ്ബെക്കിസ്ഥാൻ , കിർഗിസ്ഥാൻ തുടങ്ങിയവ ആണ് ഈ രാജ്യങ്ങൾ. ഈ രാജ്യങ്ങളുടെ മറ്റൊരു സ്ട്രാറ്റജിക് പ്രത്യേകത കൂടി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, ഈ രാജ്യങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പാകിസ്ഥാനും ചൈനയും ആയി അവരുടെ അതിർത്തി പങ്കു വക്കുന്നു. അവരുടെ സൈനിക സഹകരണം ഉണ്ടെങ്കിൽ ഈ രാജ്യങ്ങൾ മുഖേന നമ്മുടെ ചരക്കു നീക്കവും കച്ചവടവും നടക്കുന്നതിനോടൊപ്പം ഇന്ത്യ സൈന്യത്തിനും, വ്യോമ സേനക്കും ഒപ്പെറേറ്റ് ചെയ്യാവുന്ന ഒരു ബേസ് കൂടി ആവണം ഈ രാജ്യങ്ങൾ . അതിനായി ഈ രാജ്യങ്ങളും ആയി വലിയ ഒരു ലോക ശക്തി ആയി കുതിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്ക് കച്ചവട – മിലിട്ടറി കരാറുകൾ ഒപ്പ് വെക്കേണ്ടി വരും. അതിനായി പാകിസ്ഥാനെ വളഞ്ഞു നിൽക്കുന്ന അഫ്ഗാൻ – ഇറാൻ അല്ലാതെയുള്ള ഈ രാജ്യങ്ങൾ കൂടി ഇന്ത്യയുടെ വരുതിയിൽ വരണം. അതും മറ്റു ലോക ശക്തികളുടെ ഭീഷണികളെ അവഗണിച്ചു കൊണ്ട്. അതിനായി അടുത്ത അശ്വമേധം . മെയ് 2015 ൽ ഇറാനുമായി കരാറിന് മുൻപുള്ള ധാരണ പത്രം ഒപ്പ് വച്ച ശേഷം മോദിയുടെ വിമാനം കുതിച്ചത് ഈ അഞ്ചു രാജ്യങ്ങളുടെ തലസ്ഥാനതേക്ക് ആയിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളും പ്രതിപക്ഷവും കളിയാക്കിയ “മോദിയുടെ വിമാന യാത്ര” എന്തിന് ഈ ചെറു രാജ്യങ്ങൾ ആയ കിർഗിസ്ഥനിലും താജിസ്ക്കിസ്ഥാനിലും എന്നത് ആയിരുന്നു അവരുടെ ചോദ്യം ?

(മോദിയുടെ ആ ഐതിഹാസിക സന്ദര്‍ശനത്തെക്കുറിച്ച് അടുത്ത ഭാഗത്തില്‍)

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button