East Coast SpecialNews Story

റഷ്യന്‍ സന്ദര്‍ശനവും, പാക്‌-ചൈന കൂട്ടുകെട്ടിനെതിരെയുള്ള നീക്കങ്ങളും

ജൂലൈ 8, 2015 മോദി റഷ്യയിൽ ::

ഇന്ത്യയുമായി എക്കാലവും അടുത്ത സൗഹൃദം നിലനിർത്തി പോന്നിരുന്ന രാജ്യമാണ് റഷ്യ. അത് മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം ആയ ഇന്ത്യയുടെ ആയുധപ്പുരയിൽ 70% മുകളിൽ റഷ്യൻ ആയുധങ്ങൾ ആണ്. ലോക ആയുധവിപണിയുടെ സിംഹ ഭാഗവും സാധാരണ ഏഷ്യയിൽ തന്നെ ആണ് വിൽപന നടക്കുന്നത്. ഇന്ത്യ അതിൽ ഒന്നാമതും. അത് മാത്രമല്ല പല ആപത്ത് ഘട്ടങ്ങളിലും റഷ്യ ഇന്ത്യയുടെ തുണക്കു എത്തുകയും ചെയ്തിട്ടുണ്ട്. 1971 ൽ ബംഗ്ലാദേശ് – പാകിസ്ഥാൻ അതിർത്തികളിൽ ഇന്ത്യ ഒരേ സമയം ശത്രുക്കളെ നേരിട്ട് കൊണ്ടിരിക്കുമ്പോൾ ആ അവസരം മുതലാക്കാൻ കണക്കു കൂട്ടി അമേരിക്ക അവരുടെ ഏറ്റവും വലിയ പടക്കപ്പൽ വ്യൂഹം ആയ “സെവെൻത്ത് ഫ്ലീറ്റി”നോട് ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടു. അതെ സമയം തന്നെ റോയൽ ബ്രിട്ടീഷ് നേവി ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിലേക്ക് നീങ്ങുകയായിരുന്നു. അമേരിക്ക ചൈനയോട് ഇന്ത്യയുടെ വടക്ക് ഭാഗത്ത് നിന്ന് സൈനിക നീക്കം നടത്താൻ ആവശ്യപ്പെടുന്ന സന്ദേശം ഇന്ത്യൻ സൈന്യം ഇന്റർസെപറ്റ് ചെയ്യുകയും ചെയ്തു. എല്ലാ ഭാഗത്ത് നിന്നും ഇന്ത്യക്ക് ഭീഷണി ഉയരുകയായിരുന്നു. ആ സമയം തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി റഷ്യയും ആയുള്ള സൈനിക ഉടമ്പടി ഇനിഷ്യെറ്റ് ചെയ്തു. മൂന്നാമതൊരു ശത്രു ആക്രമിക്കുമ്പോൾ പരസ്പരം സഹായിക്കും എന്ന ആ ധാരണ പ്രകാരം റഷ്യൻ മുങ്ങിക്കപ്പലുകൾ ഇന്ത്യയുടെയും ശത്രു രാജ്യങ്ങളുടെ നേവിയുടെയും നടുവിൽ പ്രത്യക്ഷപ്പെട്ടു. അമേരിക്കയും ബ്രിട്ടനും പിൻവാങ്ങി, ചൈന സൈനിക നീക്കം നടത്തിയില്ല. ഇന്ത്യ 1971 ലെ യുദ്ധത്തിൽ വിജയശ്രീലാളിതരാവുകയും ചെയ്തു.

എന്നത്തേയും പോലെ തന്നെ കൈ നിറയെ കരാറുകളും ആയി തന്നെ ആണ് മോദി ജൂലൈയിലും പിന്നീടു ഡിസംബറിലും റഷ്യയിൽ നിന്ന് മടങ്ങിയത്. സൈനിക – ആണവ – സാങ്കേതിക – ബഹിരാകാശ രംഗങ്ങളിൽ റഷ്യയുടെ സഹകരണം ഇന്ത്യ ഉറപ്പു വരുത്തി. അത് കൂടാതെ എല്ലാ വർഷവും 10 മില്ല്യൻ ടൺ എണ്ണ ഇന്ത്യക്ക് നൽകും എന്ന ഉറപ്പും റഷ്യ നൽകി . റഷ്യയുമായി കര ഗതാഗതം ഇന്ത്യ ഉറപ്പു വരുത്തി. പാകിസ്ഥാനെ ഒഴിവാക്കി മറ്റെല്ലാ മധ്യ ഏഷ്യൻ രാജ്യങ്ങളും ആയി സാമ്പത്തിക – സൈനിക ഉടമ്പടികൾ ഒപ്പ് വച്ചാണ് മോദി ഇന്ത്യയിൽ തിരികെ എത്തിയത്. എണ്ണയും ആയുധങ്ങളും സൈന്യവും എല്ലാം ഇനി മുതൽ പാകിസ്ഥാനെ ബൈപാസ് ചെയ്തു കൊണ്ട് ഇന്ത്യ ലക്ഷ്യം കാണും, ചാബ്ബർ തുറമുഖം ലോകോത്തര തുറമുഖങ്ങളിൽ ഒന്നാവുന്ന കാലം ഇനി വിദൂരമല്ല.

കാശ്മീരിന് മറുപടി ആയി ബാലോചിസ്ഥാൻ :: ചൈനയുടെ ഗ്വാദർ തുറമുഖത്തിന് മറുപടി ആയി ഇന്ത്യയുടെ ചാബ്ബർ

അഫ്ഗാനിസ്ഥാനുമായി പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന വലിയൊരു പ്രദേശം , അതാണ് ബാലോചിസ്ഥാൻ. പാക് സൈന്യത്തിന്റെ ക്രൂരതക്ക് ഇരയാവുന്ന ഒരു ജനത ആണ് അവിടെ ജീവിക്കുന്നത്. പാകിസ്താൻ സ്വാതന്ത്ര്യത്തിനു ശേഷം സൈനിക ശക്തി ഉപയോഗിച്ച് പിടിച്ചടക്കിയ പ്രദേശം ആണ് ബലോച് പ്രവിശ്യ. ലോകത്തിനു മുന്നിൽ ബലോചിലെ ക്രൂരത പാകിസ്ഥാൻ എന്നും മൂടി വക്കുകയായിരുന്നു.. കൂട്ടക്കൊലയും തീവെപ്പും, ജനങ്ങളെ പിടിച്ചു കൊണ്ട് പോയി കൊന്നു മൃതശരീരം വികൃതമാക്കി തിരിച്ചേൽപ്പിക്കുക , സ്ത്രീകളെ പരസ്യമായി പാകിസ്ഥാൻ ആർമ്മി മാനഭംഗപെടുത്തുക ഇത്യാദി ക്രൂര വിനോദങ്ങളുടെ ഇരയാണ് ബലോചിലെ ജനത. അവിടെ നിന്നും വിമത സ്വരങ്ങൾ ഉയർന്നില്ലെങ്കിലെ അത്ഭുതം ഉള്ളൂ. എന്നാൽ അതിനെയെല്ലാം ശക്തമായി അടിച്ചമർത്തി പാക് സൈന്യം മറുപടിയും കൊടുത്തു കൊണ്ടിരുന്നു. എന്നാൽ ഈയിടെ മോദിയുടെ വലം കയ്യും, ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവും ആയ അജിത് ഡോവൽ ഒരു സർവ്വകലാശാലയിലെ പ്രഭാഷണ മദ്ധ്യേ പരാമർശിച്ച ഒരു വിഷയം വലിയ ഒച്ചപ്പാടുണ്ടാക്കി. പാകിസ്ഥാൻ തീവ്രവാദം തുടർന്നാൽ ഇന്ത്യ അതെ രീതിയിൽ പ്രതികരിക്കും, പാകിസ്ഥാന് ബാലോചിസ്താൻ നഷ്ടപ്പെടും എന്നതായിരിക്കും അനന്തരഫലം എന്ന് ഡോവൽ പ്രസ്താവന നടത്തി. മോദിയുടെ യുദ്ധതന്ത്രജ്ഞനും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഇന്റെല്ലിജൻസ് ചീഫും ആയ ഡോവലിന്റെ പ്രസ്താവന ബലോചിലെ വിമതർക്ക് ഇന്ത്യയുടെ പിന്തുണ ഉണ്ട് എന്ന പാകിസ്ഥാൻ വാദത്തിനു ശക്തി നൽകുന്നതായിരുന്നു. അടുത്തിടെ പാകിസ്താനിൽ നടന്ന പല ആക്രമങ്ങൾക്കും പിന്നിൽ ഇന്ത്യ ആണ് എന്ന് ലോക ഇന്റ്റ്റെല്ലിജൻസ് വൃത്തങ്ങൾ പിറുപിറുക്കുന്നതും അത് കൊണ്ടാവണം. പാകിസ്ഥാന്റെ 44% ആണ് ബലോച് പ്രവിശ്യ എങ്കിലും പാകിസ്ഥാന്റെ 5% ജനസംഖ്യ മാത്രം ആണ് ആ പ്രദേശത് താമസിക്കുന്നത്. നല്ലൊരു ശതമാനം ബാലോചികളെ പാക് സൈന്യം തന്നെ കൊന്നു തള്ളി.

ബലോച് വിമത നീക്കവും അവിടെ ഉള്ള ഇന്ത്യയുടെ ഇടപെടലും ചെറുക്കാൻ കൂടി ആണ് പാകിസ്ഥാൻ ബലോച് പ്രവിശ്യയിൽ വരുന്ന ഗ്വാദ്ദർ ചൈനയ്ക്കു തുറമുഖം പണിയാൻ വിട്ടു കൊടുത്തത്. ഇന്ത്യ നോർത്ത് – സൗത്ത് – മദ്ധ്യേഷ്യ – യൂറോപ്പ് ഇടനാഴി കൊണ്ട് എന്തൊക്കെ സാമ്പത്തിക – സൈനിക നീക്കങ്ങൾ ആണോ ഉദേശിച്ചത് അത് തന്നെയാണ് ഗ്വാദ്ദർ തുറമുഖത് മുതൽ മുടക്കാൻ ചൈനയെ പ്രേരിപ്പിച്ചത്. കൂടാതെ ബലോചിലെ ഇന്ത്യയുടെ സൈനിക – ഇന്റെല്ലിജെൻസ് നടപടികൾ തടയുക എന്നതാണ് പാകിസ്ഥാൻ അത് കൊണ്ട് പ്രധാനമായും ഉദേശിച്ചത്. അപ്പോഴാണ് അതിനെ മറികടന്നു ബലോചിലെ ഗ്വാദർ തുറമുഖത്ത് നിന്നും കേവലം 72 കിലോമീറ്റർ അകലെ ഇന്ത്യ ചാബ്ബർ തുറമുഖത്ത് നങ്കൂരം ഇട്ടത്. ഇനി ഇന്ത്യ ബാലോചിന്റെ വിശാലമായ അഫ്ഗാൻ അതിർത്തിയിൽ എന്ത് തന്നെ ചെയ്താലും പാകിസ്താനോ ചൈനക്കോ അതിൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല എന്ന് മാത്രമല്ല ഇന്ത്യക്ക് ഇനി നേരിട്ട് സൈനിക നീക്കം പോലും സാധ്യമാവുന്ന തരത്തിൽ ആണ് അവിടെ കാര്യങ്ങൾ നീങ്ങുന്നത്. ബലോച് പാകിസ്താന് നഷ്ട്ടപ്പെട്ടെക്കാം എന്ന ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ പരസ്യ പ്രസ്താവനയുടെ വെളിച്ചത്തിൽ വേണം ഇത് വായിച്ചെടുക്കാൻ. പാകിസ്താന്റെ 44% വരുന്ന ബലോച് പ്രവിശ്യ പോയാൽ പാക് അധിനിവേശ കാശ്മീർ പോലെ ഒരു ചെറു ഭൂവിഭാഗം അല്ല തർക്ക പ്രദേശം ആയി മാറുക മറിച്ച് പാകിസ്ഥാനെ നെടുകെ മുറിച്ച പോലെയാവും അതിന്റെ ഫലം. ചാബ്ബർ എന്തായാലും അയൽപക്കത്തെ ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്തി എന്നത് പ്രത്യേകം പറയേണ്ടല്ലോ.

ഏറേ ചര്‍ച്ച ചെയ്യപ്പെട്ട ഈ നയതന്ത്രനീക്കങ്ങളോടൊപ്പം അധികമാരും ശ്രദ്ധിക്കാത്ത ചില തന്ത്രപരമായ നീക്കങ്ങളും നരേന്ദ്രമോദി നടത്തി. അവയെപ്പറ്റി അടുത്ത ഭാഗത്തില്‍….

ലേഖന പരമ്പരയുടെ രണ്ടാം ഭാഗം ഇവിടെ വായിക്കാം: http://goo.gl/gURKpn

ലേഖന പരമ്പരയുടെ ആദ്യഭാഗം ഇവിടെ വായിക്കാം: http://goo.gl/WB2XMP

shortlink

Related Articles

Post Your Comments

Related Articles


Back to top button