Kerala

കന്റോണ്‍മെന്റ് ഹൗസിന്റെ പടിയിറങ്ങി വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും വി എസ് അച്യുതാനന്ദന്‍ പടിയിറങ്ങി. പുതിയ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തലയാകും ഇവിടെ ഇനി താമസിക്കുക. ഇന്ന് രാവിലെ 11.30നാണ് വി എസ് ഔദ്യോഗിക വസതിയില്‍ നിന്നും പടിയിറങ്ങിയത്. തമ്ബുരാന്മുക്കിലെ ‘നമിത’ എന്ന ഇരുനില വാടക വീട്ടിലേക്ക് കുടുംബത്തോടൊപ്പം മാറിയത്.ഭാര്യ വസുമതിയും മകൻ അരുണ്‍കുമാറും കുടുംബവും വി.എസിനൊപ്പം പുതിയവീട്ടില്‍ താമസിക്കും.പുതിയ സര്‍ക്കാരില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തിലാണ് വി എസ് വീടു മാറിയത്.

എന്നാല്‍, തലസ്ഥാനത്തു തന്നെ തുടരുമെന്നാണ് വി എസ് അറിയിച്ചിരിക്കുന്നത്. കാബിനറ്റ് റാങ്കോടെ പുതിയ പദവി ലഭിക്കുകയാണെങ്കില്‍ വിഎസിനു സര്‍ക്കാര്‍ വീടും കാറും മറ്റു സൗകര്യങ്ങളുമെല്ലാം തുടര്‍ന്നും ഉണ്ടാകും. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കന്റോണ്‍മെന്റ് ഹൗസിലും ക്ലിഫ് ഹൗസിലുമായി മാറിമാറി കഴിയുകയായിരുന്നു വി.എസും കുടുംബവും.അതേസമയം വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച്‌ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലും തീരുമാനമായിരുന്നില്ല.

മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും തീരുമാനം എല്‍.ഡി.എഫിനു വിട്ടു. വി.എസിന്റെ പദവി സംബന്ധിച്ച്‌ മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നായിരുന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. വി.എസിന് കാബിനറ്റ് റാങ്കോടെ അനുയോജ്യമായ പദവി നല്‍കാന്‍ സിപിഐ(എം) പോളിറ്റ് ബ്യൂറോയില്‍ ധാരണയായിരുന്നു. നിയമവശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button