KeralaNews

ഓ രാജഗോപാലിന്റെ “ഒരു വോട്ടിന്റെ രാഷ്ട്രീയം”

കെവിഎസ് ഹരിദാസ്‌

കഴിഞ്ഞ ദിവസം കേരള നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ ഏക എം എൽ എയായ ഓ. രാജഗോപാൽ സ്വീകരിച്ച നിലപാടിനെക്കുറിച്ച് കുറെയേറെ ചർച്ചകൾ നടന്നു. ഇടതുമുന്നണിയുടെ സ്പീക്കർ സ്ഥാനാർഥി പി ശ്രീരാമകൃഷ്ണന് ബിജെപി അംഗം വോട്ടു ചെയ്യുക മാത്രമല്ല അത് പരസ്യമായി പറയുകയും ചെയ്തു. അങ്ങിനെ എന്തിനു രാജഗോപാൽ ചെയ്തു എന്നതാണ് സംഘ പ്രസ്ഥാനങ്ങളിലെ സാധാരണ പ്രവർത്തകരിൽ നിന്നും ഉയർന്നുവന്ന ചോദ്യം. കേരളത്തിൽ പലയിടത്തും സിപിഎംകാർ സംഘ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് നേരെ കടന്നാക്രമണങ്ങൾ നടത്തുന്നതിനിടെ ഇങ്ങനെ ഒരു സൗഹാർദ്ദം പുലർത്താൻ എന്തിനു രാജേട്ടൻ തയ്യാറായി എന്നതാണ് ചോദ്യം. അങിനെ ചിന്തിക്കുന്ന ആ മേഖലകളിലെ പ്രവർത്തകരെയും അവരുടെ ആശങ്ക പങ്കുവെക്കുന്ന സ്വയം സേവകരെയും കുറ്റപ്പെടുത്താൻ കഴിയില്ല. സംഘർഷ മേഖലയിൽ പ്രത്യേകിച്ച് അത്തരം ചില ചിന്തകളുണ്ട് എന്നത് എല്ലാവർക്കുമറിയാം. പക്ഷെ, രാജഗോപാൽ സ്വീകരിച്ചത് അന്തസുള്ള അതേസമയം പ്രസ്ഥാനത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന, ദൂര വ്യാപകമായി ഫലം ഉളവാക്കുന്ന ഒരു നീക്കമാണ് എന്നത് മനസിലാവാൻ സമയമെടുക്കും.

അതിനു തൽക്കാലം നൽകാനാവുന്ന വിശദീകരണം ഇതാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രതിനിധിയാണ് ഓ. രാജഗോപാൽ. നരേന്ദ്ര മോഡിയുടെ പ്രസ്ഥാനത്തിന്റെ കേരള നിയമസഭയിലെ പ്രതിനിധി. കേരളത്തോട് എന്ത് നിലപാടാണ് സ്വീകരിക്കാൻ പോകുന്നത്, എങ്ങിനെയാവണം കേരളം വികസിക്കേണ്ടത്, എന്താവണം കേരളത്തിലെ പ്രശ്നങ്ങൾ …….. ഇതെല്ലാം സംബന്ധിച്ച് നരേന്ദ്ര മോഡിക്കും കേന്ദ്ര സർക്കാറിനും വ്യക്തമായ നിലപാടുകളുണ്ട്‌. അത് ഭാവാത്മകമാണ്. അതിന്റെ സൂചനകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദൽഹി സന്ദർശന വേളയിൽ പരസ്യമായി നല്കാൻ കേന്ദ്രം തയ്യാറായി. അത് സംശയലേശമന്യേ പിണറായി ദൽഹിയിൽവെച്ചു പത്രലേഖകരോട് പറയുകയും ചെയ്തു. അതിന്റെ തുടർച്ചയാണ്‌ രാജഗോപാലിന്റെ സ്പീക്കർ തിരഞ്ഞെടുപ്പിലെ നിലപാട്. അതിൽ അസ്വഭാവികമായി ഒന്നും തോന്നേണ്ടതില്ല.

മുൻപ് രാജഗോപാൽ എ കെ ജി സെന്ററിൽ ചെന്ന് പിണറായിയെ കണ്ടത് ഓർമ്മിക്കുക. അതും ഇതേപോലെ ചർച്ചയായിരുന്നു. രാജേട്ടനെ എനിക്ക് ഏതാണ്ട് 40 വർഷത്തിലേറെയായി അറിയാം. തെറ്റുകൾ ചെയ്തിട്ടില്ല എന്നല്ല, തെറ്റുകൾക്ക് സഹായി ആയിട്ടില്ല എന്നുമല്ല. എന്നാൽ എന്തും വേണ്ടതിലധികം കരുതലോടെ ചെയ്യുന്ന ഒരാളാണ് അദ്ദേഹം. എ കെ ജി സെന്ററിൽ അദ്ദേഹം പോയത് സംസ്ഥാനത്തെ എൻ ഡി എ യുടെ യോഗം നടന്ന ദിവസമാണ്. ആ യോഗത്തിനുശേഷമാണ് അവിടെയെത്തിയത് എന്നർഥം. അതും ആലോചിച്ചെടുത്ത തീരുമാനമായിരുന്നു എന്നുകരുതാനാണ് ഞാനെല്ലാം ആഗ്രഹിച്ചത്‌. അങ്ങിനെയാണ് എന്ന് പറയുകയും ചെയ്തു. അന്ന് ഞാൻ ഫേസ് ബുക്കിൽ ഇട്ട പോസ്റ്റ്‌ താഴെയുണ്ട്. നോക്കൂ….

പിണറായി വിജയനെ കാണാൻ ഓ രാജഗോപാൽ എ കെ ജി സെന്ററിൽ പോയതിനെചോല്ലി പലരും പലതും പറയുന്നു. വേണ്ടിയിരുന്നോ, പിണറായി രാജേട്ടനെ കാണാൻ വരികയല്ലേ വേണ്ടിയിരുന്നത്, എന്തിനാ അങ്ങോട്ട്‌ പോയത് …. അതിലൊക്കെ അഭിപ്രായം പലതുണ്ടാവാം. എന്നാൽ മുഖ്യമന്ത്രിയാവുന്നയാളെ അങ്ങോട്ട്‌ ചെന്ന് കണ്ടതിൽ പിശകില്ല എന്നാണു എനിക്ക് തോന്നിയത്. രാജേട്ടന്റെ മനസും അതിൽ പ്രധാനമാണ്. പിന്നെ ഈ സർക്കാരുമായി ബിജെപി ഏറ്റുമുട്ടലിനില്ല എന്ന സന്ദേശവും അതിലൂടെ നല്കിയിട്ടുണ്ട്. അത് നല്ലതാണ്. പക്ഷെ അതുപോലെ അപ്പുറത്തുനിന്നു പ്രതികരിക്കും എന്ന് കരുതാൻ വിഷമമുള്ളവർ ഉണ്ടാവും. പിന്നെ എല്ലാം രാഷ്ട്രീയമല്ലേ, നോക്കാം; അതിലത്ര പ്രശ്നം കാണേണ്ട എന്നാണ് തോന്നുന്നത്.

അന്ന് എന്താണോ ഞാൻ പറഞ്ഞത്, അതുതന്നെയാണ് ഇപ്പോഴും പറയുന്നത്; അല്ലെങ്കിൽ അങ്ങിനെയൊക്കെ ചിന്തിക്കാൻ ആണ് തോന്നുന്നത്. പിന്നെ ഇത്തവണ പാർട്ടിയുമായി ആലോചിച്ചല്ല വോട്ടു ചെയ്തത് എന്നദ്ദേഹം പറയുകയുണ്ടായി. ഇന്നലെ ( വെള്ളിയാഴ്ച) ഒരു ചാനൽ ചർച്ചയിലും ഇക്കാര്യം ഉയർന്നുവന്നിരുന്നു. അപ്പോൾ ഞാൻ നൽകിയ വിശദീകരണം ഏതാണ്ടിങ്ങനെയാണ്……….. “കേരളത്തിൽ ഇത്തരമൊരു വിഷയം ആദ്യമായാണ്‌ ഉയർന്നുവരുന്നത് . ആദ്യമായാണ് ഒരു എം എൽ എ ഉണ്ടാവുന്നത്. ആ നിയമസഭാംഗം എന്ത് ചെയ്യണം എന്തൊക്കെ കാര്യങ്ങളിൽ പാർട്ടിയുടെ നിലപാട് ആരായണം, അതിനു എന്തുരീതി എന്നതൊക്കെ തീരുമാനിച്ചിട്ടില്ല. ഇത്തവണ ഒരു പ്രശ്നം ഉണ്ടായി. ഇനിയതു പ്രശ്നമാവാതെ നോക്കാൻ രാജഗോപാലിന് കഴിയും എന്നാണു കരുതുന്നത്. രാജേട്ടൻ കേരളത്തിലെ ഏറ്റവുമുയർന്ന തലയെടുപ്പുള്ള നേതാവാണ്‌. ഇത്തരം കാര്യങ്ങളിൽ എന്തുവേണമെന്ന് അദ്ദേഹത്തിനു അറിയാം. സംഘടന ചട്ടങ്ങളെക്കുറിച്ചും അറിയാം. അതുകൊണ്ട് അത് പ്രശ്നമാവില്ല. രാജഗോപാൽ തന്നെ ഇക്കാര്യത്തിൽ വേണ്ട കൂടിയാലോചനകൾ നടത്തുമെന്നാണ് എനിക്ക് തോന്നുന്നത് ….”. വാക്കുകൾ ഇതാവണമെന്നില്ല ; എന്നാൽ ആശയമിതാണ്.

സിപിഎമ്മുമായി മുന്പും ഇത്തരം സംഘർഷങ്ങൾ നിലനിന്നപ്പോൾ ഇന്നത്തെ ബിജെപിക്കാർ അവർക്ക് വോട്ടുചെയ്തിട്ടുണ്ട്. തലശ്ശേരി എന്നുമൊരു സംഘർഷ ഭൂമിയായിരുന്നുവല്ലോ, അവിടെപ്പോലും അതുണ്ടായിട്ടുണ്ട് എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അടിയന്തരാവസ്ഥ കഴിഞ്ഞ നാളുകളിലാണല്ലോ തലശ്ശേരി മേഖലയിൽ വ്യാപകമായ അക്രമവും കൊലപാതക രാഷ്ട്രീയവും അരങ്ങേയിയത്. അക്കാലത്ത് ഇന്നത്തെ ബിജെപിക്കാർ (പഴയ ജനസംഘക്കാര്) ജനതാ പാർട്ടിയിലാണ് . ജനതാ പാർട്ടിയാവട്ടെ സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ മുന്നണിയിലും. അന്ന് ജനത പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എം പി വീരേന്ദ്ര കുമാറാണ് ഇടതുമുന്നണി സംസ്ഥാന കൺവീനർ. ഇന്നത്തെപോലെ സിപിഎം ഓഫീസ് ആയിരുന്നില്ല ഇടതു മുന്നണിയുടെ ഓഫീസ്; മറിച്ച് അതന്ന് ഏറണാകുളത്തെ ജനതാ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് തന്നെയായിരുന്നു. അക്കാലത്ത് തലശേരിയിൽ ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പ് വന്നു. പാട്യം ഗോപാലൻ ( സിപിഎം) ആണ് 1977 -ൽ തലശേരിയിൽ നിന്ന് നിയമസഭയിലെത്തിയത്. 1979-ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

അക്കാലത്ത് ജനതാ പാര്ട്ടിയുടെ കണ്ണൂർ ജില്ല പ്രസിഡണ്ട്‌ കെ ജി മാരാർജിയാണ്. അന്നത്തെ കണ്ണൂര് ജില്ല എന്നത് മഞ്ചേശ്വരം മുതൽ തലശ്ശേരി വരെയുള്ളതാണ്; കാസർഗോഡ്‌ ജില്ല രൂപീകൃതമായിരുന്നില്ല എന്ന് ചുരുക്കം. ജനതാപർട്ടിയിൽ സംഘടന തിരഞ്ഞെടുപ്പ് നടക്കവേ ജനസംഘം ഗ്രൂപ്പിന് വലിയ സ്വാധീനം അവിടെയുണ്ടായിരുന്നു. അന്നവിടെ നിലനിന്നിരുന്ന സംഘർഷാന്തരീക്ഷം കൂടി കണക്കിലെടുത്താവണം അവിടെ ശക്തനായ ഒരു ജില്ല പ്രസിഡന്റ്‌ വേണമെന്ന് തീരുമാനിച്ചു. അങ്ങിനെയാണ് കെ ജി മാരാർ അവിടെ പ്രസിഡന്റ്‌ ആകുന്നത്‌ . ഇന്നിപ്പോൾ കോണ്ഗ്രസ് നേതാവായിട്ടുള്ള കെ സുധാകരൻ അന്ന് സംഘടന കോൺഗ്രസിലൂടെ ജനത പാർട്ടിയിലുണ്ട് . കണ്ണൂര്രിൽ ജില്ല പ്രസിഡണ്ട്‌ ആവാൻ അദ്ദേഹവും രംഗത്തുണ്ടായിരുന്നു. സുധാകരാൻ മാരാർജിക്കെതിരെ അന്ന് മത്സരിച്ചുവോ എന്നും സംശയം. എന്റെ ഓർമ്മയാണ്‌ . അതെന്തായാലും അദ്ദേഹം മത്സരിക്കാൻ ഒരുക്കം നടത്തിയിരുന്നു എന്നത് ശരിയാണ്,തീർച്ചയാണ് . അന്ന് ജനതാ പാർട്ടിയുടെ തലശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റും ആർ എസ്‌ എസ്‌ – ജനസംഘം ഗ്രൂപ്പുകാരനായിരുന്നു. അഡ്വ എ ഡി നായർ അക്കാലത്ത് മണ്ഡലം പ്രസിഡണ്ട്‌ ആയിരുന്നു എന്നാണു ഓർമ്മ. പ്രമുഖ അഭിഭാഷകനായ എ ഡി നായർ പിന്നീട് ബിജെപിയുടെ കണ്ണൂര് ജില്ലാ പ്രസിഡണ്ട്‌ ആയി. ഇതൊക്കെ കൊണ്ട് തന്നെ തലശേരിയിൽ ഇടതുമുന്നണി എന്നാൽ ആർ എസ് എസും ഉൾപ്പെടുന്നതാണ് എന്നത് വ്യക്തം. അത് രണ്ടുകൂട്ടർക്കും വിഷമമുണ്ടാക്കി എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ; പ്രത്യേകിച്ച് ഒരു ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ.

ഉപതിരഞ്ഞെടുപ്പ് വേളയിൽ എല്ലാ ഘടക കക്ഷികളും സഹകരിച്ചു നീങ്ങണം എന്നതായിരുന്നു ഇടതുമുന്നണിയുടെ സമീപനം; സ്വാഭാവികമാണത് . എന്നാൽ അത് അത്ര എളുപ്പമല്ലായിരുന്നു എന്നതും വ്യക്തം. എന്നാലും ഇടതുമുന്നണിയും, ജനതാ പാർട്ടിയുമെടുത്ത തീരുമാനം അംഗീകരിക്കാൻ കെജി മാരാർ അടക്കമുള്ളവർ തയ്യാറായി. ഒരു ഭാഗത്ത് രക്തചോരിച്ചിലിന്റെ വിഷമം. മറുഭാഗത്ത് രാഷ്ട്രീയ സഖ്യത്തിന്റെ ഉത്തരവാദിത്തം. എന്നാലും ഉപ തിരഞ്ഞെടുപ്പ് പ്രചരണവുമായി രംഗത്തിറങ്ങാൻ മാരാർജി അടക്കമുള്ളവർ തീരുമാനിച്ചു. പാട്യം ഗോപാലന്റെ പിന്ഗാമിയായി മത്സരിക്കുന്ന സിപിഎം സ്ഥാനാർഥി എം വി രാജഗോപാൽ ( രാജു മാസ്റ്റർ ) ആണ് എന്നതും പറയാതെ വയ്യ. അക്കാലത്ത് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ കുന്തമുനയായിരുന്നു രാജു മാസ്റ്റർ. ( കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ്. 1980-ൽ എസ്‌ എഫ് ഐ സംസ്ഥാന സെക്രെട്ടറി ആയിരിക്കെയാണ് കോടിയേരി രാജു മാസ്റ്ററുടെ മകളെ വിവാഹം കഴിക്കുന്നത്‌.). പ്രചാരണ പ്രവർത്തനം ആരംഭിക്കുന്നതിനിടെയാണ് ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ സുപ്രധാന പ്രസ്താവന വരുന്നത്. അന്നദ്ദേഹം സിപിഎം ജനറൽ സെക്രെട്ടറി ആണ്. നമ്പൂതിരിപ്പാട്‌ പറഞ്ഞത്, ” തലശേരിയിൽ ഞങ്ങൾക്ക് കെ ജി മാരാരുടെ പാർട്ടിയുടെ വോട്ടുവേണ്ട ” എന്നായിരുന്നു. ആ പ്രസ്താവന വന്നതോടെ എന്താണ് വേണ്ടത് എന്നത് ജനതാപാർട്ടിയിൽ ചർച്ചാവിഷയമായി. ജനതാ പാർട്ടിയിലെ ജനസംഘം വിരുദ്ധർ അന്ന് മാരാർജിക്കെതിരെ തിരിയാനും അത് വഴിവെച്ചു. പക്ഷെ അതൊന്നും വകവെക്കെണ്ടതില്ല എന്നതായിരുന്നു അവസാന തീരുമാനം. ജനതാ പാർട്ടി തലശ്ശേരി മണ്ഡലത്തിൽ സ്വന്തം നിലക്ക് പ്രചരണം സംഘടിപ്പിച്ചു; സിപിഎം അക്രമം തുറന്നുകാട്ടി; എന്നാലും കോണ്ഗ്രസിന്റെ പരാജയത്തിനായി സിപിഎം സ്ഥാനാർഥിക്ക് വോട്ടുചെയ്യണം എന്ന് അഭ്യർഥിച്ചു. കെജി മാരാർജിയും മറ്റും പങ്കെടുത്ത അന്നത്തെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെ ജനക്കൂട്ടം അത്രമാത്രമായിരുന്നു എന്നതും സ്മരിക്കട്ടെ. അന്ന് കെജി മാരാർ ചെയ്തത് തെറ്റായി എന്നാരും പരസ്യമായി പറഞ്ഞില്ല എന്നത് മറന്നുകൂടാ.

പറഞ്ഞുവന്നത് , ഇത്തരം സന്ദർഭങ്ങൾ, ഇന്നത്തേതിനേക്കാൾ വിഷമകരമായ സ്ഥിതിവിശേങ്ങൾ ഇതിനുമുന്പും ഉണ്ടായിട്ടുണ്ട്. പ്രതിബദ്ധതയോടെ സമചിത്തതയോടെ അഭിമുഖീകരിച്ച നേതൃത്വമാണ്‌ ഈ സംഘ പ്രസ്ഥാനത്തിനുള്ളത്. അതുകൊണ്ട് ഓ രാജഗോപാലിന്റെ വോട്ടിനെ ആശങ്കയോടെ കാണേണ്ടതില്ല. അത് ശരിയായിരുന്നു എന്നത് കാലം തെളിയിക്കും; ചരിത്രം അതിനു സാക്ഷ്യം വഹിക്കും.

shortlink

Related Articles

Post Your Comments


Back to top button