Kerala

വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറുന്നു

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറുന്നു. ദേശീയ ഗെയിംസിനായി സര്‍ക്കാര്‍ നിര്‍മിച്ചതാണ് വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്. ടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനിക്കാണ് റേഞ്ച് കൈമാറാന്‍ ശ്രമം നടക്കുന്നത്. എന്നാല്‍ നടപടികള്‍ സുതാര്യമല്ലെന്നും പിന്നില്‍ അഴിമതിയാണെന്നും ആരോപണമുയരുന്നു.

ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ മറ്റ് നടപടികളിലേക്ക് കടക്കാനായില്ല. ഇപ്പോള്‍ കായിക വകുപ്പിന്റെ പരിഗണനയിലുള്ള ഫയല്‍ വേഗത്തില്‍ നീക്കിക്കിട്ടാന്‍ ശ്രമം നടത്തുകയാണ് സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ്. ഷൂട്ടിങ് അക്കാദമി സ്ഥാപിക്കാനാണ് റേഞ്ച് വിട്ടുനല്‍കുന്നത്. അക്കാദമിക്ക് പുറമെ, ജിംനേഷ്യം, കൂള്‍ബാര്‍, മാള്‍ തുടങ്ങിയ വിനോദങ്ങള്‍ക്കും സ്ഥലം വിനിയോഗിക്കാന്‍ കമ്പനിക്ക് അവകാശമുണ്ടാകും.

ഗെയിംസിന് ശേഷം ഇവിടെ ഷൂട്ടിങ് അക്കാദമി സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് വിളിച്ച ഇ ടെന്‍ഡറില്‍ പങ്കെടുത്തത് ഡല്‍ഹിയിലെ ഗഗന്‍ നാരംഗ് ഷൂട്ടിങ് അക്കാദമിയും തിരുവനന്തപുരം ജില്ലാ റൈഫിള്‍ അസോസിയേഷനുമായിരുന്നു. എന്നാല്‍ ടെന്‍ഡര്‍ ലഭിച്ചത് ടോപ്ഗണ്‍ എന്ന സ്വകാര്യ സ്ഥാപനത്തിനാണ്. തങ്ങളുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ് ടോപ്ഗണ്‍ എന്നാണ് തിരുവനന്തപുരം റൈഫിള്‍ അസോസിയേഷന്‍ വിശദീകരിക്കുന്നത്. റേഞ്ചിന്റെ നടത്തിപ്പിന് പ്രതിമാസം 5 ലക്ഷം രൂപ വേണ്ടിവരുമെന്നും ഇത് സര്‍ക്കാരിന് ബാധ്യതയാണെന്നുമാണ് വട്ടിയൂര്‍ക്കാവ് റേഞ്ച് സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നതിനെക്കുറിച്ച് തിരുവനന്തപുരം റൈഫിള്‍ അസോസിയേഷന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button