Kerala

പ്രാര്‍ഥനകള്‍ വിഫലം ; ബഷീര്‍ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം ● കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ലിവര്‍ ട്രാന്‍സ്പ്ലാന്‍റ് ഐസിയുവില്‍ കഴിഞ്ഞിരുന്ന പെരുമാതുറ സ്വദേശി ബഷീര്‍ (60) മരണത്തിന് കീഴടങ്ങി. ഇന്ന് വൈകുന്നേരം 6.15 നാണ് ഡോക്ടര്‍മാര്‍ ബഷീറിന്‍റെ മരണം സ്ഥിരീകരിച്ചത്.

മേയ് 23-ാം തീയതിയാണ് ബഷീറിന് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. മെഡിക്കല്‍ കോളേജിലേയും കിംസ് ആശുപത്രിയിലേയും സംയുക്തമായ ട്രാന്‍സ്പ്ലാന്‍റ് ടീമാണ് ഈ ശസ്ത്രക്രിയയും തുടര്‍ന്നുള്ള പരിചരണവും നിര്‍വഹിച്ചത്.

പാറശാല, പരശുവയ്ക്കല്‍, മലഞ്ചിത്ത് പുത്തല്‍ വീട്ടില്‍ മോഹന്‍രാജിന്റെ മകന്‍ ധനീഷ് മോഹന്റെ (17) കരളാണ് ബഷീറില്‍ വച്ച് പിടിപ്പിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച ധനീഷിന്റെ കരളും വൃക്കകളും ദാനം ചെയ്തിരുന്നു. കരള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലുള്ള പെരുമാതുറ സ്വദേശി ബഷീറിനും വൃക്കകള്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള വടക്കാഞ്ചേരി സ്വദേശി വാസന്തി അശോക് (56), കുന്നംകുളം സ്വദേശി സഞ്ജയ്കുമാര്‍ (49) എന്നിവര്‍ക്കുമാണ് നല്‍കിയത്.

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികള്‍ക്ക് പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കേണ്ടതിനാല്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. ആയതിനാല്‍ ഈ സാഹചര്യത്തില്‍ മുന്തിയയിനം ആന്‍റിബയോട്ടിക്കുകള്‍ തുടക്കംമുതലേ കൊടുക്കാറുണ്ട്. ഇത് മുന്നില്‍കണ്ട് ബഷീറിന് ആദ്യ ദിവസം മുതല്‍ ഇത്തരം ആന്‍റി ബയോട്ടിക്കുകള്‍ നല്‍കിത്തുടങ്ങിയിരുന്നു.

Dhanesh Mohan
ധനീഷ് മോഹന്‍

പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നില്ല. വൃക്കകളുടെ പ്രവര്‍ത്തനം സി.ആര്‍.ആര്‍.ടി. മെഷീന്‍ മുഖാന്തിരമായിരുന്നു. ഈ കാരണങ്ങളാല്‍ ബഷീറിനെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റാന്‍ സാധിച്ചിരുന്നില്ല. ഇന്ന് സാധ്യമായ എല്ലാ ചികിത്സകളും നല്‍കിയിരുന്നെങ്കിലും ബഷീര്‍ മരുന്നുകളോട് വേണ്ടവിധം പ്രതികരിക്കുന്നില്ലായിരുന്നു. ഇന്നുച്ചയോടെ ബഷീറിന്‍റെ നില കൂടുതല്‍ ഗുരുതരമാവുകയും സന്ധ്യയോടെ മരണമടയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button