KeralaNews

ഇ.പി.ജയരാജന് പിന്നാലെ അറിയാത്തകാര്യത്തെപ്പറ്റി പറഞ്ഞ് ചിരിയുണര്‍ത്തി മന്ത്രി കെ.ടി.ജലീലും

തിരുവനന്തപുരം: കായികമന്ത്രി ഇ.പി ജയരാജന് ബോക്സിംഗ് ഇതിഹാസം മുഹമ്മദ്‌ അലിയെ മലയാളി ആക്കിയതിന്‍റെ അലയൊലികള്‍ അടങ്ങിയിട്ടില്ല, അതിനുമുമ്പേ തന്നെ മറ്റൊരു സിപിഎം മന്ത്രിയും നാക്കുപിഴവിലൂടെ വെട്ടിലായി. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലാണ് ഇത്തവണ അറിവില്ലാത്ത കാര്യത്തെപ്പറ്റി പറഞ്ഞ് പുലിവാല് പിടിച്ചത്. പ്രശസ്ത ആര്‍ക്കിടെക്ട് ജി ശങ്കര്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞത് സദസ്സില്‍ ചിരിയുണര്‍ത്തി.

മന്ത്രിയുടെ ഈ പരാമര്‍ശം വന്നയുടനെ സദസില്‍നിന്ന് ചിരി ഉയര്‍ന്നെങ്കിലും കാര്യം മനസിലാകാതെ അദ്ദേഹം പ്രസംഗം തുടര്‍ന്നു. തുടര്‍ന്ന് ഒരാള്‍ തെറ്റ് ചൂണ്ടിക്കാട്ടിയതോടെ മന്ത്രി ക്ഷമാപണം നടത്തി തടിതപ്പി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്‍റ് ആന്‍ഡ് ഗവേണന്‍സ് സംഘടിപ്പിച്ച തിരുവനന്തപുരം നഗര വികസന പഠന റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ ആയിരുന്നു സംഭവം. ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് കെ.ടി.ജലീലിന് നാവ് പിഴച്ചത്. പദ്മശ്രീ ജേതാവായ ജി ശങ്കര്‍ അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു.

ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനിടെയാണ് കായികമന്ത്രി ഇ.പി ജയരാജന് അബദ്ധം പിണഞ്ഞത്. നിരവധി മെഡലുകള്‍ നേടിയ മുഹമ്മദലി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ താരമാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button