NewsInternational

ബ്രെക്‌സിറ്റ് ഇന്ന്: ബ്രിട്ടന്‍ അകത്തോ പുറത്തോ : ലോകം ആകാംക്ഷയില്‍

ലണ്ടന്‍: ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നുതീരുമാനിക്കാനുള്ള ഹിതപരിശോധന ‘ബ്രെക്‌സിറ്റി’ന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ലോകം ആശങ്കയില്‍. ഏറ്റവും പുതിയ അഭിപ്രായവോട്ടെടുപ്പില്‍ ബ്രിട്ടന്‍, യൂണിയനില്‍ തുടരണമെന്ന വാദത്തിന് മുന്‍തൂക്കം ലഭിച്ചത് ലോകനേതാക്കള്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. ‘ഡെയ്‌ലി ടെലഗ്രാഫ്’ പത്രം നടത്തിയ സര്‍വേയിലാണ് 53 ശതമാനം പേരും തുടരണമെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞദിവസം വരെയും ബ്രിട്ടന്‍ തുടരേണ്ടതില്ലെന്ന അഭിപ്രായക്കാര്‍ക്കായിരുന്നു മുന്‍തൂക്കം. യൂണിയനില്‍നിന്ന് പുറത്തുപോവരുതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ്, നാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച്, സെന്റര്‍ ഫോര്‍ ഇക്കണോമിക് പെര്‍ഫോര്‍മന്‍സ് എന്നിവയും ബ്രിട്ടന് മുന്നറിയിപ്പുനല്‍കിയിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ എന്നാല്‍ യൂറോപ്പിലെ 28 രാഷ്ട്രങ്ങള്‍ ചേര്‍ന്നുള്ള കൂട്ടായ്മ. 1992ലെ മാസ്ട്രിച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയസംവിധാനം നിലവില്‍ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതല്‍ നടന്നുവരുന്ന ശ്രമങ്ങള്‍ ഫലംകാണുകയായിരുന്നു. ഏകീകൃതകമ്പോളം, പൊതുനാണയം, പൊതു കാര്‍ഷികനയം, പൊതു വ്യാപാരനയം, പൊതു മത്സ്യബന്ധനനയം എന്നിവയാണ് പ്രത്യേകത. പൊതുപൗരത്വം പോലുള്ള നയങ്ങളും നടപ്പാക്കാനിരിക്കയാണ്.

അംഗരാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് യൂണിയനിലെവിടെയും സഞ്ചാരസ്വാതന്ത്ര്യമുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റ്, യൂറോപ്യന്‍ നീതിന്യായകോടതി, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങള്‍.ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നത് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, ലേബര്‍പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍.അനുകൂലിക്കുന്നത് മുന്‍ മേയറും എം.പി.യുമായ ബോറിസ് ജോണ്‍സന്‍. യൂണിയനില്‍നിന്ന് പുറത്തുപോയാല്‍ ബ്രിട്ടനില്‍ സാധനവിലയും വായ്പാനിരക്കും തൊഴിലില്ലായ്മയും വര്‍ധിക്കും. കുടിയേറ്റം, സുരക്ഷ, തൊഴില്‍, വ്യാപാരം, സമ്പദ് വ്യവസ്ഥ മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കും. പ്രതിസന്ധിഘട്ടങ്ങളില്‍ ബ്രിട്ടന്റെ സുരക്ഷയ്ക്ക് യൂണിയനുണ്ടാവില്ല. ബ്രിട്ടന്റെ 45 ശതമാനം വ്യാപാരവും യൂറോപ്യന്‍ യൂണിയനുമായാണ്. രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ബ്രിട്ടന്‍ പിന്മാറിയാല്‍ യൂണിയന് കനത്ത ആഘാതമാകും.ഇന്ത്യന്‍ വംശജരും ആശങ്കയില്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 30 ലക്ഷം ഇന്ത്യക്കാര്‍ ബ്രിട്ടനിലുണ്ട്. ഇന്ത്യന്‍ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും. ഐ.ടി.മേഖലയ്കും തിരിച്ചടിയാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button