NewsInternational

ബ്രിട്ടന്‍ ഹിതപരിശോധനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നു തീരുമാനിക്കാനുള്ള ചരിത്രപരമായ ‘ബ്രെക്‌സിറ്റ്’ ഹിതപരിശോധന വോട്ടെണ്ണല്‍ തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തെ സൂചിപ്പിച്ച് ആദ്യഫലങ്ങള്‍ തന്നെ ഇരുപക്ഷത്തേക്കും മാറിമറിയുകയാണ്.

വോട്ടെണ്ണലില്‍ തുടക്കത്തില്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന അഭിപ്രായത്തിന് നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് മുന്‍തൂക്കം മറുപക്ഷത്തേക്ക് മാറി. എന്നാല്‍ ഇരുപക്ഷത്തിനു വ്യക്തമായ ലീഡ് ലഭിച്ചിട്ടില്ല.

382 ഇടങ്ങളില്‍ 100 എണ്ണത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന അഭിപ്രായത്തെ അനുകൂലിക്കുന്നവര്‍ക്ക് 49.5 ശതമാനം വോട്ടും തുടരണമെന്ന അഭിപ്രായത്തിന് 50.5 ശതമാനം വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. ഭൂരിപക്ഷം വോട്ടുകളും എണ്ണാന്‍ ബാക്കിയുള്ള സാഹചര്യത്തില്‍ ഫലം എങ്ങോട്ടും മാറിമാറിയാം.

ബ്രക്‌സിറ്റില്‍ ഫലം എങ്ങോട്ടും മാറിമറിയാമെന്നാണ് ഇന്നലെ നടന്ന വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. ഇത് ഇരുപക്ഷത്തിനും പ്രതീക്ഷ നല്‍കുന്നുണ്ട്.

പ്രാദേശികസമയം രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തിനാണ് അവസാനിച്ചത്. 12 ലക്ഷം ഇന്ത്യക്കാരടക്കം ഏതാണ്ട് 4.6 കോടി പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്. 28 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന ഒറ്റ ചോദ്യമായിരുന്നു ബാലറ്റ്‌പേപ്പറിലുണ്ടായിരുന്നത്.

ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കാവുന്ന നിര്‍ണായകതീരുമാനം ഉച്ചയോടെ അറിയാം. ആകെ വോട്ടിന്റെ പാതിയിലേറെ നേടുന്നപക്ഷം ജയിക്കും.
യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന വാദത്തിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് അഭിപ്രായസര്‍വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഫലം മാറിമറിയാനും സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

യു.കെ.യുടെ തിരഞ്ഞെടുപ്പുകമ്മിഷന്‍ ചെയര്‍മാന്‍ ജെന്നി വാട്‌സണും ഹിതപരിശോധനയുടെ മുഖ്യ കൗണ്ടിങ് ഓഫീസറും ചേര്‍ന്ന് മാഞ്ചസ്റ്റര്‍ ടൗണ്‍ഹാളിലാണ് അന്തിമഫലം പ്രഖ്യാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button