NewsInternational

ഇന്ത്യ-പാക് ബന്ധത്തെ കുറിച്ച് മുന്‍ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ജാക്ക് സ്‌ട്രോയുടെ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

ലണ്ടന്‍ : 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധത്തിന് സാധ്യതയുള്ളതായി ബ്രിട്ടന്‍ ഭയപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സൈനിക നടപടികളില്‍ നിന്ന് ഇരുരാജ്യങ്ങളെയും പിന്തിരിപ്പിക്കാന്‍ ബ്രിട്ടന്‍ ശ്രമിച്ചിരുന്നതായും മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോയാണ് വെളിപ്പെടുത്തിയത്. 2003ലെ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ അന്വേഷണം നടത്തുന്ന ചില്‍ക്കോട്ട് കമ്മിഷന് മുന്‍പാകെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ ജോണ്‍ ചില്‍ക്കോട്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവിട്ടിരുന്നു. തെറ്റായ കാരണങ്ങളാണ് 2003ലെ ഇറാഖ് അധിനിവേശത്തിലേക്ക് നയിച്ചതെന്നാണ് ചില്‍ക്കോട്ട് കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇറാഖ് അധിനിവേശത്തിന്റെ സമയത്ത് നിലനിന്നിരുന്ന മറ്റു വിഷയങ്ങളേക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആണവയുദ്ധത്തിന് സാധ്യതയുണ്ടെന്ന് ബ്രിട്ടന്‍ ഭയപ്പെട്ടിരുന്നതായി ജാക്ക് സ്‌ട്രോ വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളെയും സൈനികനീക്കങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു താനെന്ന് സ്‌ട്രോ കമ്മിഷനെ അറിയിച്ചു. അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലുമായുള്ള തന്റെ ബന്ധം ഇതുമൂലം കൂടുതല്‍ വളര്‍ന്നതായും സ്‌ട്രോ വെളിപ്പെടുത്തി. അന്വേഷണ കമ്മിഷന് 2010ല്‍ കൈമാറിയ കത്തിലാണ് സ്‌ട്രോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ വിദേശനയത്തിലെ പ്രധാന പരിഗണന അഫ്ഗാനിസ്ഥാനായിരുന്നു. അതിനിടെയാണ് 2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനുനേരെ ഭീകരാക്രമണമുണ്ടായത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുമെന്നും ഇത് ആണവയുദ്ധത്തിലേക്കുവരെ നയിച്ചേക്കാമെന്നും ബ്രിട്ടനും യു.എസും ആശങ്കപ്പെട്ടു. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ യു.എസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവലുമൊത്ത് താന്‍ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹവുമായുള്ള ബന്ധം കൂടുതല്‍ വളര്‍ത്തിയതെന്ന് സ്‌ട്രോ വ്യക്തമാക്കി. ഇറാഖിലെ പ്രശ്‌നങ്ങളേക്കാള്‍ തന്റെയും യു.എസ് സെക്രട്ടറിയുടെയും ആശങ്കയത്രയും ഇന്ത്യപാക്ക് ബന്ധത്തെക്കുറിച്ചായിരുന്നു. ആണവയുദ്ധത്തിനുപോലും സാധ്യതയുണ്ടെന്ന് ആശങ്ക ഉയര്‍ന്നതിനാല്‍ അതു പരിഹരിക്കുന്നതിനായിരുന്നു അന്ന് യുഎസിന്റെയും ബ്രിട്ടന്റെയും മുന്‍ഗണനയെന്നും സ്‌ട്രോ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button