KeralaNews

‘സിങ്കം സ്റ്റൈല്‍’ ശരിക്കും ഏറ്റു… ആരും പൂട്ടാന്‍ ഭയന്നിരുന്ന പത്രക്കാരുടെ ബാറിന് സിങ്കത്തിന്റെ പൂട്ട് വീണു

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടാന്‍ മടിച്ച പ്രസ്‌ക്ലബ് ബാര്‍ ഋഷിരാജ് സിംഗ് പൂട്ടിച്ചു. പ്രസ്‌ക്ലബിന്റെ അണ്ടര്‍ഗ്രൗണ്ടിലായിരുന്നു ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഋഷിരാജ്‌സിംഗ് വിവിധ ബാറുകളില്‍ പരിശോധന നടത്തിയിരുന്നുവെങ്കിലും പ്രസ്‌ക്ലബ് ബാറിനെ വെറുതെ വിട്ടതില്‍ സോഷ്യല്‍മീഡിയയില്‍ വന്‍പ്രതിഷേധം ഉണ്ടായിരുന്നു. ഷെയിം ഓണ്‍ സിങ്കം, നിങ്ങള്‍ വിചാരിച്ചാലും പത്രക്കാരുടെ മദ്യവില്‍പ്പന തടയാന്‍ കഴിയില്ല എന്ന് സോഷ്യല്‍മീഡിയയില്‍ വന്ന വിമര്‍ശനമാണ് ബാര്‍ പൂട്ടിക്കാന്‍ ഋഷിരാജ് സിംഗിനെ പ്രേരിപ്പിച്ചത്.

എന്നാല്‍ ബാര്‍ അടപ്പിക്കാന്‍ വന്നപ്പോള്‍ ചില പത്രക്കാര്‍ എതിര്‍ത്തു. ബാര്‍ ലൈസന്‍സ് ഇല്ലാതെയാണ് മദ്യവില്‍പ്പനയെങ്കില്‍ നിയമപരമായി നടപടിയെടുക്കാം എന്നാണ് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചത്. തുടര്‍ന്ന് പത്രക്കാരുടെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെയാണ് സിങ്കം ബാര്‍ പൂട്ടാനുളള നടപടിയെടുത്തത്. പൂട്ടല്‍ നടപടിയെ എതിര്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എക്‌സൈസ് കേസ് എടുക്കുമെന്നും ജാമ്യം ഇല്ലാതെ ജയിലില്‍ കഴിയേണ്ടി വരുമെന്നുമുള്ള സിങ്കത്തിന്റെ വിരട്ടല്‍ ശരിക്കും ഏറ്റു. ഇതോടെ ബാര്‍ നടത്തിപ്പ് പത്രക്കാര്‍ പത്തിമടക്കി പിന്‍വാങ്ങുകയായിരുന്നു.
സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ആരും തൊടാന്‍ ഭയന്ന ബാറാണ് ഇപ്പോള്‍ ഋഷിരാജ് സിംഗ് വിലങ്ങ് വെച്ചത്.

shortlink

Post Your Comments


Back to top button