KeralaNews

മതതീവ്രവാദത്തിനു കാലാകാലങ്ങളായി കുടപിടിയ്ക്കുന്ന ഇടതു-വലതു മുന്നണികളെ കണക്കറ്റ് പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കേരളത്തില്‍ നിന്നും ഒരുവിഭാഗം യുവതീയുവാക്കള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ രാജ്യം വിട്ട സംഭവം വലിയ ചര്‍ച്ചാവിഷയമായി മാറിയ അവസരത്തില്‍ കാലാകാലങ്ങളായി ഇസ്ലാമിന്‍റെ പേരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സംഘങ്ങള്‍ക്ക് ഇവിടുത്തെ ഇടതു-വലതു മുന്നണികള്‍ കുടപിടിച്ചു കൊടുത്ത സംഭവങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍ എഴുതിയ കുറിപ്പും ശ്രദ്ധാകേന്ദ്രമാകുന്നു. കെ. കരുണാകരന്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ ജയശങ്കറിന്‍റെ വാക്കുകളാകുന്ന കൂരമ്പുകള്‍ക്ക് ഇരയാകുന്നുണ്ട്.

ജയശങ്കറിന്‍റെ ലേഖനം താഴെ വായിക്കാം:

കള്ളവും ചതിയുമില്ലാത്ത കരുണാകരന്റെ ഭരണകാലത്താണ് മലപ്പുറം ജില്ലയിൽ ഓലമേഞ്ഞ സിനിമാ തിയേറ്ററുകൾ ഒന്നൊന്നായി കത്തിയത്. അന്ന് അതാരും അത്ര ഗൗരവത്തിൽ എടുത്തില്ല. അധികം വൈകാതെ ഒരുകൂട്ടർ ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന മുദ്രാവാക്യം മതിലുകളിൽ എഴുതി നിർവൃതി അടഞ്ഞു.

കരുണാകരന്റെ അടുത്ത ഭരണമാകുമ്പോഴേക്കും ഐ.സി.എസ്. അബ്ദുൽ നാസർ മദനി ഒരു വലിയ പ്രസ്ഥാനമായി മാറിയിരുന്നു. പൂന്തുറയിലും മട്ടാഞ്ചേരിയിലും കൊല്ലം ജില്ലയിലെ പല പ്രദേശങ്ങളിലും ചില്ലറ കലാപങ്ങൾ ഉണ്ടായി. പത്രങ്ങൾ സംയമനം പാലിച്ചു. മറ്റു അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ഐ.എസ്.എസ്. പിരിച്ചുവിട്ടു പി.ഡി.പി. രൂപീകരിച്ചപ്പോൾ സഖാവ് ഇ.എം.എസ്. മദനിയെ മഹാത്‌മാ ഗാന്ധിയോട് ഉപമിച്ചു. യൂണിയൻ ലീഗ് വർഗീയം, നാഷണൽ ലീഗ് ദേശീയം എന്ന് സിദ്ധാന്തിച്ചു.

ഇ.കെ.നായനാരുടെ മൂന്നാമത്തെ ഭരണകാലത്തു മദനിയെ തമിഴ് നാടിനു പിടിച്ചുകൊടുത്തു. മുൻപ് ഐ.എസ്.എസുകാർ ചെയ്തിരുന്ന സത്കർമ്മങ്ങൾ എൻ.ഡി.എഫുകാർ ഏറ്റെടുത്തു നടത്താൻ തുടങ്ങി. വോട്ടിനുവേണ്ടി മുസ്‌ലിം ലീഗ് എൻ.ഡി.എഫിന് കുടപിടിച്ചു. ആന്റണിയുടെ കാലത്തു ലീഗിന്റെ പിന്തുണയോടെ എൻ.ഡി.എഫ്. മാറാട് കൂട്ടക്കൊല സംഘടിപ്പിച്ചു.

അച്ചുതാനന്ദന്റെ ഭരണകാലത്തു പ്രൊഫ. ജോസഫിന്റെ കൈവെട്ടി. അതിനുശേഷം ലീഗ് എൻ.ഡി.എഫിനെ തള്ളിപ്പറഞ്ഞു നേരസ്ഥത തെളിയിച്ചു. മാർക്സിസ്റ്റുകാർ പി.ഡി.പി.ക്കാരനെ പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കി. ശംഖുമുഖത്തു അച്ചുതാനന്ദനെ കണ്ടിട്ട് എഴുന്നേൽക്കാഞ്ഞ പിണറായി വിജയൻ എടപ്പാളിൽ മദനി വന്നപ്പോൾ എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു.

അങ്ങനെ ഘട്ടം ഘട്ടമായി സംസ്ഥാനത്തു മതേതരത്വം ശക്തിപ്പെട്ടു. ഓരോ തവണയും നിയമപാലകർ സംയമനം പാലിച്ചു. സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ സർഗാത്മക പ്രതിരോധത്തെക്കുറിച്ചു സഖാവ് കെ.ഇ.എൻ. ലേഖനങ്ങൾ പാസാക്കി.

ഇപ്പോഴിതാ കാസർഗോട്ടുനിന്നും പാലക്കാട്ടുനിന്നും ചിലർ ഇറാഖിലേക്ക് ജിഹാദിന് പോയിരിക്കുന്നു. മധ്യ പൗരസ്ത്യ ദേശത്തെ മൊത്തം യഹൂദി നസ്രാണികളെയും വകവരുത്തി ദാറുൽ ഇസ്‌ലാം സ്ഥാപിക്കലാണ് ലക്ഷ്യം. സേവന വേതന വ്യവസ്ഥകൾ ആകർഷകമാണ്. ജയിച്ചാൽ ഇസ്‌ലാമിക രാജ്യം, മരിച്ചാൽ സ്വർഗ്ഗരാജ്യം.

കാണാതായവർ ഐ.എസിൽ ചേർന്നതിനു തെളിവില്ല എന്നാണ് ഡി.ജി.പി. അദ്ദേഹത്തിന്റെ നിലപാട്. മുഖ്യമന്ത്രി പ്രശ്‍നം പഠിക്കുന്നേയുള്ളു. സാംസ്കാരിക നായകർ ആരും പ്രതികരിച്ചുകേട്ടില്ല. ഇറാഖിൽ നിന്നും സിറിയയിൽ നിന്നും മടങ്ങി വരുന്ന ജിഹാദികളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് മാധ്യമവും തേജസും ഉടൻ മുഖപ്രസംഗം എഴുതും. കാസർഗോട്ടുനിന്നും പോയവരെ ഡോ.അനന്ത മൂർത്തിയോട് ഉപമിക്കാൻ കെ.ഇ.എന്നും മടിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button