Editorial

പാകിസ്ഥാന്‍ പതാക പുതച്ച് ഇന്ത്യന്‍ മണ്ണില്‍ അന്ത്യവിശ്രമം കൊണ്ടവന്‍ ഭീകരവാദിയല്ലാതെ മറ്റെന്താണ്?

ബുര്‍ഹാന്‍ വാനി ഒരു ഭീകരവാദിയാണ്. അതിനുമുകളില്‍, അയാള്‍ക്ക് ഒരു രക്തസാക്ഷിയുടേയോ, ഒരു ബലിദാനിയുടേയോ ഒക്കെ പരിവേഷം നല്‍കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയില്‍ വേരൂന്നിക്കഴിഞ്ഞ ഭീകരവാദം എന്ന കാളസര്‍പ്പം എന്ന യാഥാര്‍ത്ഥ്യത്തെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്തവരാണ്; അല്ലെങ്കില്‍, ഈ ഭീഷണിതിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അതിനുനേരേ രണ്ടുകണ്ണുകളും കാതുകളും കൊട്ടിയടച്ച് സ്വന്തം സ്ഥാപിതതാത്പര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് നടക്കുന്നവരാണ്. ബുര്‍ഹാന്‍ വാനിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും, സുഹൃത്തുക്കളായിരുന്നവരും അയാളുടെ മരണത്തില്‍ വേദനിക്കുന്നതിനേയും, കണ്ണീര്‍ പൊഴിക്കുന്നതിനേയും ന്യായീകരിക്കാം. കാരണം, എത്രവഴിപിഴച്ചു പോയവനായിരുന്നു എങ്കിലും, ബുര്‍ഹാന്‍ അവര്‍ക്ക് വേണ്ടപ്പെട്ടവനായിരുന്നു, പ്രിയപ്പെട്ടവനായിരുന്നു.

പക്ഷേ, ബുര്‍ഹാന്‍റെ മരണത്തില്‍ അയാളുടെ കുടുംബാഗങ്ങളേക്കാള്‍, ബന്ധു-മിത്രാദികളേക്കാള്‍ ഇപ്പോള്‍ വേദനിക്കുന്നത് വിഘടനവാദ ചിന്താഗതി മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു വിഭാഗം കാശ്മീര്‍ യുവാക്കളും, മുമ്പ് പരാമര്‍ശിക്കപ്പെട്ട സ്ഥാപിതതാത്പര്യക്കാരുമാണ്. കാശ്മീരിലെ യുവാക്കളില്‍ ഒരു വിഭാഗത്തെ വിവിധങ്ങളായ പ്രീണന മാര്‍ഗ്ഗങ്ങളിലൂടെ ജീവിച്ചിരുന്ന കാലത്ത്തന്നെ ബുര്‍ഹാന്‍ താന്‍ തെറ്റിനടന്നിരുന്ന വഴിയിലേക്ക് ആനയിച്ചതാണ്. സോഷ്യല്‍ മീഡിയയെ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഭീകരവാദത്തോട് മമത പ്രകടിപ്പിക്കുന്ന ഈ ചിന്താഗതി കാശ്മീര്‍ യുവാക്കളില്‍ ഒരു വിഭാഗത്തിന്‍റെ മനസ്സിലേക്ക് ബുര്‍ഹാനും കൂട്ടരും ഇടിച്ചുകയറ്റിയത്. യൂട്യൂബിലും മറ്റും ബുര്‍ഹാന്‍ പോസ്റ്റ്‌ ചെയ്തിരുന്ന പ്രൊപ്പഗണ്ട വീഡിയോകള്‍ ഒരു വിഭാഗം കാശ്മീരി യുവാക്കളുടെ ഇടയില്‍ നല്ല സ്വാധീനം ചെലുത്തിയിരുന്നു. അത്തരക്കാര്‍ ബുര്‍ഹാന്‍റെ മരണത്തില്‍ ദുഃഖിതരായി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ കാശ്മീര്‍ താഴ്വരയിലെ സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുകയും, നിരപരാധികളായ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന അവസ്ഥ സംജാതമാക്കുകയും ചെയ്തിരിക്കുന്നു.

സങ്കടത്തോടെ തന്നെ പറയട്ടെ, തെറ്റിദ്ധരിപ്പിക്കപ്പെട്ട ഈ യുവജനങ്ങളില്‍ സ്വാധീനം ചെലുത്തി അവരെ നേര്‍വഴിക്ക് നടത്താന്‍ കെല്‍പ്പുള്ളവരാണ് അതിനുമുതിരാതെ ഇപ്പോള്‍ കാശ്മീരില്‍ ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥയില്‍ നിന്ന്‍ മുതലെടുപ്പുകള്‍ നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടരുടെ ഇടയിലെ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യമാണ്‌ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ അഫ്സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ക്കിടന്ന്‍, ഇപ്പോള്‍ ജാമ്യത്തിലിറങ്ങി നടക്കുന്ന ഉമര്‍ ഖാലിദ് എന്ന തീവ്രാശയങ്ങളോട് പ്രതിപത്തിയുള്ള വിദ്യാര്‍ഥി നേതാവ്. ബുര്‍ഹാനെ വിപ്ലവകാരി എന്ന് വിശേഷിപ്പിച്ചും, കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയോട് ഉപമിച്ചുകൊണ്ടും ഉമര്‍ ഖാലിദ് രംഗത്തെത്തിയിരുന്നു. ജെഎന്‍യു സംഭവവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദിനെ പിന്തുണച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തിയ മതേതരമുന്നണിയുടെ പോരാളികള്‍ ഈ വിഷയത്തിലും ഇയാളെ അനുകൂലിക്കുന്നുണ്ടോ എന്ന്‍ അറിയാന്‍ ജാതിമതഭേദമന്യേ പിറന്നനാടിനോട് കൂറ്പുലര്‍ത്തുന്ന ബഹുഭൂരിപക്ഷം ആളുകള്‍ക്കും താത്പര്യമുണ്ടാകും. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓടി മാളത്തിലൊളിക്കുന്നതാണല്ലോ, ഇക്കൂട്ടരുടെ ശീലം.

കാശ്മീരിലെ സമാധാനാന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ചെറിയ പോറലുകള്‍ പോലും മുതലെടുക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന പാകിസ്ഥാനും ഇപ്പോഴത്തെ അവസ്ഥാവിശേഷങ്ങള്‍ കണ്ട് അരയുംതലയും മുറുക്കി ഇറങ്ങിയിരി’ക്കുകയാണ്. ബുര്‍ഹാന്‍റെ മരണത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ ദുഃഖം രേഖപ്പെടുത്തലും, കാശ്മീരിലെ ക്രമസമാധാനത്തകര്‍ച്ചയെപ്പറ്റി പാകിസ്ഥാനുള്ള ഉത്കണ്ഠ രേഖപ്പെടുത്തലും ഒക്കെയായി രംഗം അങ്ങ് കൊഴുപ്പിക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരായിക്കഴിഞ്ഞു അവര്‍. ഇന്ത്യയുടെ അഭ്യന്തരകാര്യങ്ങളില്‍ പാകിസ്ഥാന്‍ തരിമ്പുപോലും വേവലാതിപ്പെടേണ്ടതില്ല എന്ന നമ്മുടെ മുന്നറിയിപ്പ് മുഖവിലയ്ക്കെടുത്ത് മിണ്ടാതിരിക്കാന്‍ അവര്‍ തയാറായില്ലെങ്കില്‍, ഇപ്പോള്‍ത്തന്നെ വിള്ളലുകള്‍ വീണുകഴിഞ്ഞ ഉഭയകക്ഷി ബന്ധത്തെ നേരേയാക്കാനുള്ള ശ്രമങ്ങള്‍ എവിടെയും എത്താന്‍ പോകുന്നില്ല.

കാശ്മീര്‍ പോലീസ് സേനയും സുരക്ഷാസേനയുടെ ഒരു വിഭാഗവും ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകുന്ന സമയത്ത് അതിര്‍ത്തിവഴി പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റവും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. നേരിട്ടുനിന്ന്‍ ഇന്ത്യയോട് പൊരുതാന്‍ ശക്തിയില്ലാത്ത സ്ഥിതിക്ക് ഇത്തരം കുത്സിതമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്ന രീതി പാകിസ്ഥാന്‍ ഇപ്പോള്‍ പതിവാക്കിയിരിക്കുന്നതിനാല്‍ ഈ സാദ്ധ്യതയിലേക്ക് ഇന്ത്യന്‍ സൈന്യത്തിന്‍റെ പരിപൂര്‍ണ്ണശ്രദ്ധ ആവശ്യമാണ്. ബുര്‍ഹാന്‍റെ ശവമടക്കില്‍ തീവ്രവാദികള്‍ പങ്കെടുത്തിരുന്നു എന്ന റിപ്പോര്‍ട്ടുകളുംകൂടി വന്നതോടെ, ഈ പഴുതടയ്ക്കേണ്ടതിന്‍റെ പ്രാധാന്യം പരമപ്രധാനമാണ്. ഇല്ലെങ്കില്‍, വളരെ ബുദ്ധിമുട്ടി നേടിയെടുത്ത കാശ്മീര്‍ താഴ്വരയിലെ സമാധാനത്തിന് ഒരിക്കല്‍ക്കൂടി ഭംഗം വരുന്നതിന്‍റെ തുടക്കമാകും ഇപ്പോള്‍ നടമാടിക്കൊണ്ടിരിക്കുന്ന ഈ അക്രമങ്ങള്‍.

കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തെ എതിര്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച, ഇന്ത്യന്‍ സൈന്യത്തെ വേട്ടയാടും എന്ന്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്ന, ഹിസ്ബുള്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിച്ച, ഒട്ടേറെ കാശ്മീരി യുവാക്കളെ അത്തരത്തില്‍ ഭീകരവാദികളാക്കി അവരുടെ ജീവിതംതന്നെ കുട്ടിച്ചോറാക്കിയ, ഒടുവില്‍ മരണമടഞ്ഞപ്പോള്‍ പാകിസ്ഥാന്‍റെ പതാകയാല്‍ പുതഞ്ഞ് സ്വന്തം ഖബറിലേക്ക് പോയ ബുര്‍ഹാന്‍ വാനി സ്വന്തം ജന്മനാടിനെതിരായി ആയുധമെടുത്ത ഭീകരവാദിയല്ലാതെ മറ്റെന്താണ്? മക്ബൂല്‍ ഭട്ടിനെപ്പോലെ കാശ്മീരി വിഘടനവാദത്തിന് പുതോയൊരു പോസ്റ്റര്‍ ബോയിയെ ലഭിച്ചിരിക്കുകയാണ് ബുര്‍ഹാന്‍ വാനിയിലൂടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button