Uncategorized

ഇഷ്ടപ്പെട്ട പാട്ടിനെ ചൊല്ലി തര്‍ക്കം; കല്യാണ മണ്ഡപം അടിപിടി വേദിയായി

കാണ്‍പൂര്‍: വിവാഹ ആഘോഷത്തിന് പാട്ട് നിര്‍ബന്ധമാണ്. എന്നാല്‍ ഒരു വിഭാഗം പാട്ട് പ്ലേ ചെയ്തപ്പോഴുണ്ടായ തര്‍ക്കമാണ് ഇവിടെ അടിപിടിയില്‍ കലാശിച്ചത്. ഇഷ്ടപ്പെട്ട പാട്ടു വെച്ചില്ല എന്ന കാരണത്താലാണ് കല്യാണമണ്ഡപം അടിപിടി വേദിയാക്കി മാറ്റിയ മദ്യപസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. കാണ്‍പൂരില്‍ രാജേന്ദ്രകുമാര്‍ എന്നയാളുടെ മകളുടെ വിവാഹാഘോഷമാണ് അടികലാശത്തിലേക്ക് മാറിയത്. അറസ്റ്റിലായവരെ പോലീസ് പിന്നീട് താക്കീത് ചെയ്തു വിട്ടയച്ചു.
മദ്യലഹരിയിലായിരുന്ന ഒരു സംഘം ഡിസ്‌ക്ക് ജോക്കിയോട് പ്രശസ്ത ഹിന്ദി സിനിമാഗാനം വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ജോക്കി പാട്ട് പ്ലേ ചെയ്യുന്നതിനിടയില്‍ മറ്റൊരു വിഭാഗം പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ട് രംഗത്ത് വരികയും മറ്റൊരു ഗാനം പ്ലേ ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് രണ്ടു കൂട്ടരും ഇക്കാര്യം പറഞ്ഞ തര്‍ക്കിക്കുകയും തര്‍ക്കം അടിപിടിയായി മാറുകയുമായിരുന്നു.
എല്ലാം അലങ്കോലമായി കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ ആയതോടെ വിവാഹത്തിനെത്തിയവര്‍ തന്നെ ഇടപെട്ട് എല്ലാവരെയും പിടിച്ചു മാറ്റിയെങ്കിലും പ്രശ്‌നം അവസാനിക്കാതെ വന്നതോടെ പോലീസിനെ വിളിക്കുകയായിരുന്നു. മദ്യപിച്ച് അടിപിടി കൂടിയവരെയെല്ലാം പിടികൂടിയ പോലീസ് എല്ലാറ്റിനെയും സ്‌റ്റേഷനില്‍ മണിക്കൂറോളം പിടിച്ചിടുകയും ഒടുവില്‍ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നേടിയ ശേഷം വിട്ടയയ്ക്കുകയുമായിരുന്നു. അടിയുണ്ടാക്കിയവര്‍ പിന്നീട് വീട്ടുകാരോട് മാപ്പു പറഞ്ഞു.

shortlink

Post Your Comments


Back to top button