India

ഐ.എസ് പിടിയിലായ വൈദികന്റെ മോചനത്തിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് – സുഷമ സ്വരാജ്

ന്യൂഡല്‍ഹി : ഐ.എസ് പിടിയിലായ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ലോക്‌സഭയില്‍ അറിയിച്ചു. ഇക്കൊല്ലം മാര്‍ച്ച് നാലിനാണ് ഏദനില്‍ നിന്ന് ഫാദറിനെ ഐഎസ് ഭീകരവാദികള്‍ തട്ടിക്കൊണ്ട് പോയത്. ഇവിടുത്തെ സെലീഷ്യന്‍ സമൂഹത്തിന്റെ ക്ലിനിക്കില്‍ നിന്ന് ഒപ്പമുണ്ടായിരുന്ന 12 പേരെ വെടിവെച്ച് കൊന്നതിന് ശേഷമാണ് ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയത്.

പാല രാമപുരം സ്വദേശിയായ ഇദ്ദേഹം എവിടെയാണെന്നതിനേക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴുമില്ല. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ വൈദികനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. വൈദികനെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ കഴിയുന്ന രാജ്യങ്ങളുമായി സര്‍ക്കാര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. ഇക്കാര്യത്തില്‍ വ്യക്തിപരമായ താല്‍പര്യമെടുത്തിട്ടുള്ള പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വിദേശ സന്ദര്‍ശന വേളകളിലും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഫാ. അലക്‌സിസിനെ രക്ഷപ്പെടുത്തിയത് പോലെ ഫാ.ടോമിനേയും മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഫാ.ടോമിനെ മോചിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഇന്ന് ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിക്കുകയും മന്ത്രി സുഷമാ സ്വരാജിനെ നേരിട്ട് കാണുകയും ചെയ്തിരുന്നു. അവശനിലയിലായ ഫാ.ടോമിന്റെ ചിത്രവും വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഉഴുന്നാലിനെ ഭീകരര്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും വളരെ അവശനിലയിലുള്ള ഫാ.ടോമിന്റെ താടിയും മുടിയും നീട്ടിവളര്‍ത്തിയ നിലയിലുള്ള ദൃശ്യങ്ങളുമാണ് പുറത്ത് വന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button