KeralaNews

മാധ്യമപ്രവര്‍ത്തകരെ ശത്രുക്കളായി കണ്ട എസ്.ഐ മുന്‍പും വിവാദ നായകന്‍

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരെ ശത്രുക്കളായി കണ്ട കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദ് മുന്‍പും വിവാദ നായകനായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് മാത്രമല്ല പരാതി പറയാനെത്തിയ പൊതുജനങ്ങളോടും ഇയാള്‍ സഭ്യതയോടെയല്ല പെരുമാറിയിരുന്നതെന്ന് മുന്‍പും പരാതി ഉയര്‍ന്നിരുന്നു.

മാധ്യമ പ്രവര്‍ത്തകരോട് ശത്രുതാപരമായ നിലാപാടാണ് വിമോദ് മുമ്പും സ്വീകരിച്ചിട്ടുള്ളത്.
പുനലൂര്‍ സ്‌റ്റേഷനില്‍ പ്രൊബേഷന്‍ എസ്.ഐ. ആയിരിക്കെ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെതിരേ കേസെടുത്തത് വിവാദമായിരുന്നു. 2015 ജൂണില്‍ പുനലൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനടുത്ത് വാഹനാപകടം ഉണ്ടായപ്പോള്‍ പോലീസ് എത്താന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ ആരോപണമുന്നയിച്ച വ്യക്തിയെ വിമോദ് പൊതുജനമധ്യത്തില്‍ വച്ച് മര്‍ദിക്കുകയും ഉടുമുണ്ട് അഴിച്ചുകളയുകയും ചെയ്തിരുന്നു. വാഹനാപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക ചാനല്‍പ്രവര്‍ത്തകര്‍ക്കു മുന്നില്‍വച്ചായിരുന്നു എസ്.ഐയുടെ നടപടി. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ അസഭ്യംപറഞ്ഞ് കൈയേറ്റത്തിനു ശ്രമിച്ചു. തുടര്‍ന്ന് വഴിയാത്രികനെ അറസ്റ്റ് ചെയ്യുകയും കൈയേറ്റം ചെയ്‌തെന്ന കള്ളക്കേസ് ചുമത്തുകയും ചെയ്തു. പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയും എസ്.ഐ. കള്ളക്കേസ് ചുമത്തി.

ഔദ്യോഗികകൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും യൂണിഫോം നശിപ്പിച്ചെന്നും കൈയേറ്റം ചെയ്‌തെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍. എന്നാല്‍, അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതി ജാമ്യം നല്‍കി. വിമോദിനെതിരേ അന്നത്തെ ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിയായിരുന്നു രമേശ് ചെന്നിത്തലയ്ക്കും മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായിരുന്നില്ല.

ജനമൈത്രീ പോലീസ് സ്‌റ്റേഷനായ ചെമ്മങ്ങാട് സ്‌റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളോടു മോശമായി പെരുമാറുന്നുവെന്നു പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വരികയും വിമോദിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര പരിപാടികളും പോസ്റ്റര്‍ പ്രചാരണവും സംഘടിപ്പിക്കുകയും ചെയ്തു. കോതി പാലത്തില്‍ അപകട മരണമുണ്ടായപ്പോള്‍ പ്രതിഷേധിച്ച നാട്ടുകാരെ നേരിട്ടതും മോശമായിട്ടായിരുന്നു.

വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തിയ പൂവാലന്‍മാര്‍ക്കു പ്രാകൃതശിക്ഷ വിധിച്ച സംഭവത്തില്‍ വിമോദിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുപ്പതോളം യുവാക്കളെ ഒറ്റക്കാലില്‍ അമ്പത് തവണ ചാടുക, നൂറു തവണ െകെവിട്ടു പുഷ്അപ്പ് എടുക്കുക തുടങ്ങിയ ശിക്ഷകളാണു പൂവാലന്‍മാര്‍ക്കു പോലീസ് സ്‌റ്റേഷനില്‍ നേരിടേണ്ടി വന്നത്. നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും സംഭവത്തിനു സാക്ഷികളായിരുന്നു.

കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കുമെന്നു കമ്മിഷന്‍ അറിയിച്ചു. അന്യായവാഹനപരിശോധന ചോദ്യംചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തൊഴിലാളികളോടും എസ്.ഐ. മോശമായാണ് പെരുമാറിയത്. എം.എല്‍.എ. ഉള്‍പ്പെടെ ജനപ്രതിനിധികളോടും ധിക്കാരത്തോടെയാണ് ഈ ഓഫീസറുടെ പെരുമാറ്റമെന്നും ആക്ഷേപമുണ്ട്.

കോഴിക്കോട് ടൗണ്‍ എസ്.ഐ: പി.കെ.വിമോദ് ഒടുവില്‍ നടപടിക്കു വിധേയനായത് പത്രപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ സമരത്തെയും സമ്മര്‍ദത്തെയും തുടര്‍ന്ന്. കോഴിക്കോട്ട് തിരികൊളുത്തിയ പ്രക്ഷോഭം ഡല്‍ഹിയില്‍വരെ കത്തിപ്പടര്‍ന്നപ്പോഴാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button