KeralaNews

എ.ടി.എമ്മുകളിലെ ‘ഹൈടെക്ക് തട്ടിപ്പ് പരമ്പര’ നടത്തിയത് സിനിമാ കഥയെ വെല്ലുന്ന തരത്തില്‍ : പണം പിന്‍വലിച്ചിരിക്കുന്നത് മുംബൈയില്‍ നിന്ന്

തിരുവനന്തപുരം : തലസ്ഥാനത്തെ എടിഎമ്മുകളില്‍ വന്‍ തട്ടിപ്പ് പരമ്പര നടത്തിയത് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന സ്‌കിമ്മറും രഹസ്യ ക്യാമറയും സ്ഥാപിച്ച് . ഒറ്റ ദിവസംകൊണ്ടു മാത്രം 16 ഇടപാടുകാരില്‍ നിന്നു തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ. തട്ടിപ്പിനിരയായിട്ടുണ്ടെന്നു കാട്ടി കൂടുതല്‍ പേര്‍ ബാങ്കുകളെ സമീപിച്ചെങ്കിലും പരാതി പൊലീസിനു കൈമാറിയിട്ടില്ല.

മുന്‍പ് ഇടപാടുകാരുടെ അജ്ഞത മുതലാക്കിയായിരുന്നു എടിഎം തട്ടിപ്പുകളെങ്കില്‍ ആദ്യമായാണ് വിവരങ്ങള്‍ ചോര്‍ത്തയെടുത്തുള്ള ഹൈടെക് തട്ടിപ്പ് കേരളത്തില്‍ നടക്കുന്നത്. നഗരത്തില്‍ വെള്ളയമ്പലം ആല്‍ത്തറയില്‍ എസ്.ബി.ഐ ശാഖയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണു തട്ടിപ്പ് കണ്ടെത്തിയത്.

ജൂണ്‍ അവസാന വാരം ഈ എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ചവരുടെ അക്കൗണ്ടില്‍ നിന്നു ഞായറാഴ്ച രാവിലെയോടെ മിനിറ്റുകള്‍ ഇടവിട്ടു പണം നഷ്ടപ്പെടുകയായിരുന്നു. ഞായറാഴ്ചയായതിനാല്‍ ആര്‍ക്കും ബാങ്കിലെത്തി പരാതിപ്പെടാനായില്ല. ആല്‍ത്തറ നഗറില്‍ താമസിക്കുന്ന രാജകൃഷ്ണന്റെ അക്കൗണ്ടില്‍ നിന്നു രാവിലെ 9.58ന് 5,000 രൂപ പിന്‍വലിച്ചു. പിന്നാലെ നാലു തവണയായി 10,000 രൂപ വീതം നഷ്ടപ്പെട്ടു. എടിഎമ്മിലെത്തി അക്കൗണ്ടിലെ ബാക്കി തുക പരിശോധിച്ചപ്പോള്‍ തട്ടിപ്പ് വ്യക്തമായ രാജകൃഷ്ണന്‍ ഇന്നലെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

പിന്നാലെ മറ്റുള്ളവരുടെ പരാതികളും ലഭിച്ചു. തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് എടിഎം കൗണ്ടറിന്റെ സീലിങ്ങിലെ സ്‌മോക് ഡിറ്റെക്ടറിനുള്ളില്‍ ക്യാമറ, ബാറ്ററി, മെമ്മറി കാര്‍ഡ്, സിം കാര്‍ഡ് എന്നിവ കണ്ടെത്തിയത്. ഈ സ്‌മോക് ഡിറ്റെക്ടറും തട്ടിപ്പുകാര്‍ തന്നെ സ്ഥാപിച്ചതായിരുന്നു. ക്യാമറ ഉപയോഗിച്ചു പിന്‍ നമ്പര്‍ മാത്രം ശേഖരിച്ചു പണം പിന്‍വലിക്കുക അസാധ്യമായതിനാല്‍ എടിഎം മെഷീനില്‍ സ്‌കിമ്മര്‍ എന്ന ഉപകരണം മോഷ്ടാക്കള്‍ ഘടിപ്പിച്ചിരുന്നിരിക്കാം എന്നാണു പൊലീസ് നിഗമനം.

ഈ ഉപകരണം എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കുകയും പിന്നീടു വ്യാജ കാര്‍ഡ് തയാറാക്കുകയും ചെയ്യും. ഒരാഴ്ച കൊണ്ട് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയശേഷം സ്‌കിമ്മര്‍ നീക്കം ചെയ്തിരിക്കാനാണു സാധ്യത. തട്ടിപ്പുസംഘം പണം പിന്‍വലിച്ചതു മുംബൈയിലെ വിവിധ എടിഎമ്മുകളില്‍ നിന്നാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവര്‍ കേരളത്തില്‍ വന്ന് എടിഎമ്മില്‍ ക്യാമറയും സ്‌കിമ്മറും സ്ഥാപിച്ചു വിവരങ്ങള്‍ ചോര്‍ത്തിയശേഷം മുബൈയില്‍ തിരികെയെത്തി പണം പിന്‍വലിച്ചിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. അന്വേഷണത്തിനായി പൊലീസ് സംഘം അടുത്ത ദിവസം തന്നെ മുംബൈയിലേക്കു തിരിക്കും. സൈബര്‍ ഡോമും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ് എന്ന മലയാളം ചിത്രത്തിലെ നായകന്‍ നടത്തുന്ന കവര്‍ച്ചയ്ക്കു സമാനമാണു തലസ്ഥാനത്തെയും തട്ടിപ്പ്.

ചില എടിഎമ്മുകള്‍ അടച്ചു; കാര്‍ഡ് ബ്ലോക്ക് ചെയ്യാനും നിര്‍ദേശം

തട്ടിപ്പു പരമ്പര കണ്ടെത്തിയതോടെ ജൂണ്‍ അവസാന വാരം തിരുവനന്തപുരം ആല്‍ത്തറയിലെ എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ച എല്ലാവരോടും എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കി. ആല്‍ത്തറയിലേത് അടക്കം നഗരത്തിലെ തിരഞ്ഞെടുത്ത എടിഎമ്മുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തിരുവനന്തപുരം നഗരത്തിലെ എല്ലാ ബാങ്കുകളും എടിഎം കൗണ്ടറുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. പണം നഷ്ടപ്പെട്ടവരുടെ പരാതികള്‍ക്ക് പരിഹാരം കാണുമെന്നും ഇതിനു പൊലീസ് അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും എസ്ബിഐ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button