Kerala

‘ഒന്നിനും തെളിവില്ലാത്ത’ കാലം കഴിഞ്ഞു – ചെന്നിത്തലയ്ക്ക് പിണറായിയുടെ മറുപടി

തിരുവനന്തപുരം ● ‘ഒന്നിനും തെളിവില്ല’ എന്നു പറഞ്ഞ് കൈ കഴുകിയ പോലീസ് ഭരണത്തിന്റെ കാലം പോയ് മറഞ്ഞു എന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.ടി.എം കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ “വിദേശക്രിമിനലുകളുടെ താവളമായി കേരളം” മാറിയെന്ന രമേശ്‌ ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരത്തില്‍ പ്രസ്താവനയിറക്കിയ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തൊട്ടടുത്ത മണിക്കൂറുകളിൽ തന്നെ അവർ പിടിയിലാകും എന്നത് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. അദ്ദേഹത്തിന് വശമുള്ള പോലീസ് ഭരണത്തിന്റെ രീതി വെച്ചു നോക്കിയാൽ അങ്ങനെ അദ്ദേഹത്തിനു ചിന്തിക്കാൻ കഴിയില്ലല്ലോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. മണിക്കൂറുകൾക്കകം ക്രിമിനലുകൾ പിടിക്കപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് തന്റെ പ്രസ്താവന ന്യായമായും തിരുത്തേണ്ടതാണെന്നും “സ്വദേശത്തും വിദേശത്തുമുള്ള കള്ളന്മാർക്ക് കേരളത്തിൽ രക്ഷയില്ലാതായി” എന്ന രീതിയിൽ ഭേദഗതിപ്പെടുത്തിയാൽ അതിൽ സത്യമുണ്ടെന്ന് നാട്ടുകാർക്ക് മനസ്സിലാകുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

എവിടെയെങ്കിലും ഒരു കുറ്റകൃത്യമുണ്ടാകുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന് രാഷ്ട്രീയ മുതലെടുപ്പിനായി അതുപയോഗിക്കാൻ വ്യഗ്രതപ്പെടുന്ന ശൈലി ആർക്കും ഗുണകരമല്ല എന്നു മാത്രം പറയട്ടെ. പുതിയ ഭരണത്തിൽ കേരളപോലീസിന്റെ കാര്യക്ഷമത ആവർത്തിച്ചാവർത്തിച്ചു തെളിയിക്കപ്പെടുകയാണ് എന്നതാണ് സത്യം. ജിഷവധക്കേസ്, കിളിമാനൂർ കൊലപാതകം, കാക്കനാട് എ.ടി.എം കവർച്ച-കൊലപാതക കേസ് എന്നിവ മുതൽ റുമേനിയക്കാരുടെ എ.ടി.എം തട്ടിപ്പു വരെ ഉണ്ടായ പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളിലെല്ലാം മണിക്കൂറുകൾക്കുള്ളിലാണ് അറസ്റ്റ് ഉണ്ടായത്. അന്വേഷണത്തെ ‘ഇരുട്ടിൽ തപ്പലാക്കി’ മാറ്റിയ മുൻ ആഭ്യന്തരമന്ത്രിക്ക് ഈ മാറ്റത്തിൽ അസ്വസ്ഥത ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കേണ്ട ചെരിപ്പ് മരത്തിൽ കെട്ടിത്തൂക്കിയിട്ട് ‘ഒന്നിനും തെളിവില്ല’ എന്നു പറഞ്ഞ് കൈ കഴുകിയ പോലീസ് ഭരണത്തിന്റെ കാലം പോയ് മറഞ്ഞു എന്ന് പ്രതിപക്ഷനേതാവ് മനസ്സിലാക്കണം-പിണറായി പറഞ്ഞു.

എ.ടി.എം കവർച്ചയിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി അറസ്റ്റ് ചെയ്ത കേരളപോലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. യുക്തിയുടെയും ശാസ്ത്രീയതയുടെയും വഴികളിലൂടെയാണ് പോലീസ് ടീം ആധുനികസംവിധാനങ്ങളോടെ വന്ന ഈ ക്രിമിനൽ സംഘത്തെ തകർത്തത്. ഇതര സംസ്ഥാനങ്ങൾക്കു പോലും മാതൃകയാവുന്ന തരത്തിലായിരുന്നു കേരള പോലീസിന്റെ പ്രവർത്തനം. ആത്മാർഥമായും സത്യസന്ധമായും അർപ്പണബോധത്തോടെയും ചുമതല നിർവഹിച്ച പോലീസ് ടീമിനെ ഹാർദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button