India

ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ? മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന അഭിപ്രായവുമായി മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി : മലയാളികള്‍ക്ക് വാനോളം അഭിമാനിക്കുന്ന അഭിപ്രായവുമായി മാര്‍ക്കണ്ഡേയ കട്ജു. ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ? എന്ന പേരില്‍ അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. പോസ്റ്റില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ് ;

ഞാന്‍ ഒരു കശ്മീരിയാണ്. അതുകൊണ്ട് കശ്മീരികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ പൂര്‍വികര്‍ മധ്യപ്രദേശില്‍ നിന്ന് കുടിയേറിയവരാണ്. അതുകൊണ്ട് മധ്യപ്രദേശുകാരാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് പറയും. അങ്ങനെ ഞാനുമായി യു.പിക്കും ബംഗാളിനും ഒഡീഷയ്ക്കും തമിഴ്‌നാടിനും ഒക്കെ ബന്ധമുണ്ട്. അതുകൊണ്ട് അവരെയെല്ലാം യഥാര്‍ഥ ഇന്ത്യക്കാര്‍ എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അതെല്ലാം വെറും വൈകാരികമായ വിലയിരുത്തലുകള്‍ മാത്രമാണ്. പക്ഷേ വിശാലമായി പറഞ്ഞാല്‍ യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാവുന്നത് മലയാളികളെയാണ്.

ഒരു ഇന്ത്യക്കാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. ഒട്ടേറെ മതങ്ങള്‍, ജാതികള്‍, ഭാഷകള്‍, ഗോത്രങ്ങള്‍, പ്രാദേശിക വിഭാഗങ്ങള്‍ അങ്ങനെ നാനാത്വത്തിന്റെ ബഹുരൂപമാണ് ഇന്ത്യ. ഇന്ത്യയില്‍ ജീവിക്കുന്ന 95 % പൂര്‍വികര്‍ വിദേശികളാണ്. യഥാര്‍ഥത്തില്‍ ഇവിടുത്തകാര്‍ എന്ന് പറയാവുന്നത് പട്ടിക വര്‍ഗവിഭാഗത്തില്‍ പെടുന്ന ചില വിഭാഗക്കാര്‍ മാത്രമാണ്. അതുകൊണ്ട് മതമൈത്രിയോടെ ഒന്നായി ജീവിക്കണമെങ്കില്‍ എല്ലാ വിഭാഗക്കാരേയും ബഹുമാനിക്കാന്‍ ശീലിക്കണം. എന്റെ അഭിപ്രായത്തില്‍ ഇത് കൃത്യമായി പുലര്‍ത്തുന്നതില്‍ ഏറ്റവും മികച്ചത് മലയാളികളാണ്. അതുകൊണ്ട് തന്നെ പ്രതീകാത്മകമായി ഇന്ത്യയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നത് മലയാളികളാണെന്ന് പറയേണ്ടിവരും. മലയാളികളെ കണ്ടുപഠിക്കാനും അവരില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിക്കണമെന്നും കട്ജു നിര്‍ദേശിക്കുന്നു.

യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണ്. കുടിയേറ്റക്കാരുടെ നാടാണ് ഇന്ത്യ. എന്തിനേയും സ്വീകരിക്കാനുള്ള മനസ്സാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷത. ബാഹ്യമായതിനെ പോലും സ്വീകരിക്കാന്‍ അവര്‍ക്ക് മടിയില്ല. അതിപ്പോള്‍ ദ്രാവിഡരോ ആര്യന്മാരോ റോമന്‍സോ അറബുകളോ ബ്രിട്ടീഷുകാരോ, ഹിന്ദുക്കളോ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ മാര്‍ക്‌സിസ്റ്റുകളോ ആരെയും അവര്‍ സ്വീകരിക്കും ഉള്‍ക്കൊള്ളും. അതാണ് കേരളീയര്‍കട്ജു പറയുന്നു. മലയാളികള്‍ വലിയ സഞ്ചാരികളാണ്. ഭൂഗോളത്തിന്റെ ഏത് കോണിലും മലയാളിയെ കാണാനാകും. നീല്‍ ആംസ്‌ട്രോങ് 1969 ല്‍ ചന്ദ്രനില്‍ കാല്‍കുത്തിയപ്പോള്‍ അവിടെ ഒരു മലയാളി അദ്ദേഹത്തോട് ”ചായ വേണോ” എന്ന് ചോദിച്ചതായി ഒരു തമാശതന്നെയുണ്ട്. മധ്യപൂര്‍വദേശത്ത് മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. മലയാളികളായ ചില മുസ്ലിങ്ങള്‍ കഴിഞ്ഞ വര്‍ഷം ഖത്തറിലേക്ക് എന്നെ ക്ഷണിക്കുകയുണ്ടായി. അവിടെ എത്തിയപ്പോള്‍ പ്രദേശവാസികളെക്കാള്‍ കൂടുതല്‍ മലയാളികള്‍ അവിടെയുണ്ടെന്ന് മനസ്സിലായി. ദുബായിലും നിരവധി മലയാളികളെ കണ്ടു. ബഹ്‌റിനില്‍ അവിടുത്തുകാരെക്കാള്‍ കൂടുതല്‍ മലയാളികളുണ്ട്.

പലസ്തീന് പുറത്ത് ആദിമ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ കേരളത്തിലെ ക്രിസത്യാനികളാണ്. തോമശ്ലീഹാ കേരളത്തില്‍ വന്നിരുന്നു. ജൂതന്മാര്‍ കേരളത്തില്‍ കൊച്ചിയിലെത്തി വസിച്ചു. പിന്നാലെ റോമന്‍സ് എത്തി. ഉത്തരേന്ത്യയിലെ പോലെ അധിനിവേശത്തിലൂടെയല്ല കേരളത്തില്‍ ഇസ്ലാം കടന്നുവന്നത്. വ്യാപാരത്തിന്റെ ഭാഗമായാണ് ഇസ്ലാം എത്തുന്നത്. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ പട്ടികജാതിക്കാര്‍ നേരിടുന്നത് പോലെയുള്ള വിവേചനം കേരളത്തിലില്ല. ശ്രീനാരായണഗുരുവിനെ ഇവിടെ എല്ലാവരും ആദരിച്ചിരുന്നു. ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി ഏപ്പോഴും കേരളത്തില്‍ നിന്നുള്ള നമ്പൂതിരിമാരായിരിക്കും. അവിടത്തെ പ്രധാന പൂജാരിക്ക് രാവല്‍ എന്നാണ് വിളിപ്പേര്. അദ്ദേഹത്തിന്റെ സഹപൂജാരി നയിബ് രാവലും കേരളത്തില്‍ നിന്ന് തന്നെയുള്ള നമ്പൂതിരി സമുദായക്കാരനായിരിക്കും. റോമുമായും അറബ് നാടുകളുമായും 2000 വര്‍ഷം പഴക്കമുള്ള വ്യാപാര ബന്ധമുണ്ട് കേരളീയര്‍ക്ക്. ഒട്ടേറെ റോമന്‍ നാണയങ്ങള്‍ കേരളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിഖ്യാത കലാകാരന്മാരേയും ഗണിതശാസ്ത്രജ്ഞന്മാരേയും കേരളം സംഭാവന ചെയ്തിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരിക്കുമ്പോഴും അലഹബാദില്‍ അഭിഭാഷകനായി ജോലി ചെയ്തപ്പോഴും പതിവായി അവിടെ കാപ്പിക്കടയില്‍ പോകുമായിരുന്നു. അവിടത്തെ വെയിറ്റര്‍മാരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. അവരുമായി ഞാന്‍ നല്ല സൗഹൃദത്തിലായി. ഇന്ത്യയിലും വിദേശത്തും മിക്ക ആശുപത്രികളിലും നേഴ്‌സുമാരായി മലയാളികളുണ്ട്. കേരളത്തില്‍ നിരക്ഷരര്‍ ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. ബുദ്ധിമാന്മാരും കഠിനാധ്വാനികളും മര്യാദയും വിനയവുമുള്ളവരാണ് മലയാളികള്‍. വിശാലഹൃദയമുള്ളവരാണ് അവര്‍. പുരോഗമനവാദികളും സര്‍വദേശപ്രിയരും മതേതര ചിന്താഗതിക്കാരുമാണ്. എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്ന് പഠിക്കണം. മലയാളികള്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞാണ് അദ്ദേഹം ഫേയിസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button