NewsIndia

നരേന്ദ്രമോദിക്ക് പിന്തുണയുമായി എ.കെ ആന്‍റണി

കൊച്ചി: ബലൂചിസ്ഥാനില്‍ പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊണ്ട നിലപാടിന് പിന്തുണയുമായി കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്‍റണി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ബലൂചിസ്ഥാനെക്കുറിച്ചുള്ള അഭിപ്രായത്തില്‍ താനും കോണ്‍ഗ്രസ് പാര്‍ട്ടിയും തെറ്റൊന്നും കാണുന്നില്ലെന്ന് ആന്‍റണി കൊച്ചിയില്‍ പറഞ്ഞു.

കശ്മീരില്‍ പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. മുന്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ തനിക്ക് നേരിട്ട് ഇക്കാര്യം ബോധ്യമുളളതാണെന്നും ആന്‍റണി പറഞ്ഞു. കശ്്മീരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം പാക്കിസ്ഥാന്‍ തന്നെയാണ്. എന്നാല്‍ കശ്മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ, പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ ചില നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ വിവാദമായതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ ഇപ്പോള്‍ പ്രധാനമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്താന്‍ പ്രേരണയായതെന്നാണ് വിലയിരുത്തല്‍.

വിവാദ പ്രസ്താവന നടത്തിയ നേതാക്കളുടെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നും ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിലും പാക് സൈന്യം മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എഐസിസി വക്താവ് രണ്‍ദീപ് സര്‍ജേവാല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ.കെ ആന്‍റണിയും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button