Facebook Corner

രാഷ്ട്രപിതാവിനെ കൊന്നതാരാണ് ? രാഹുൽ ഗാന്ധിയെ കണക്കറ്റ് പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

രാഷ്ട്രപിതാവിനെ കൊന്നതാരാണ് ? രാഹുൽ ഗാന്ധിയുടെ ആശയക്കുഴപ്പം തീരുന്നില്ല. ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ.

അഡ്വ. എ.ജയശങ്കര്‍

ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസ് ആണെന്ന് ഒരിക്കൽ പ്രസംഗിച്ചുപോയി. കേട്ടപാതി കേൾക്കാത്തപാതി ഒരു ആർ.എസ്.എസുകാരൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അതും സിവിലായിട്ടല്ല ക്രിമിനലായി. സിവിൽ മാനനഷ്ടമായിരുന്നെങ്കിൽ നഷ്ടപരിഹാരം കൊടുത്താൽ മതിയായിരുന്നു. ക്രിമിനൽ ആയതുകൊണ്ട് ജയിലിൽ പോകണം. ഗോതമ്പുണ്ട തിന്നണം.

കേസ് റദ്ദാക്കാൻ ബോംബെ ഹൈക്കോടതിയിൽ ഹർജി കൊടുത്തു. അത് തള്ളി. സുപ്രീം കോടതിയിൽ കൊടുത്തു. അതും തള്ളാൻ പോകുന്നു. ഒന്നുകിൽ പ്രസ്താവന പിൻവലിച്ചു മാപ്പു പറയണം, അല്ലെങ്കിൽ വിചാരണ നേരിടണം എന്നാണ് സുപ്രീം കോടതി ജഡ്ജിമാരുടെ മർക്കടമുഷ്ടി.

പ്രസ്താവന പിൻവലിക്കുന്നതും മാപ്പു പറയുന്നതും നെഹ്‌റു ഗാന്ധി കുടുംബപാരമ്പര്യത്തിനു നിരക്കുന്നതല്ല. ഇപ്പോൾ ഭരണമില്ലെങ്കിലും പണ്ട് ആനയെ പുറകോട്ടു നടത്തിച്ചവരാണ് നെഹ്‌റു കുടുംബക്കാർ. അതുകൊണ്ട് മാപ്പു പറയാൻ പറ്റില്ല. മോത്തിലാൽ നെഹ്‌റുവും ജവഹർലാൽ നെഹ്രുവും വളരെക്കാലം ജയിൽ വാസം അനുഭവിച്ചവരാണ് അത്രയുമില്ലെങ്കിലും ഇന്ദിര ഗാന്ധിയും ഫിറോസ് ഗാന്ധിയും കുറച്ചുകാലം ജയിൽ ശിക്ഷ അനുഭവിച്ചു. കുടുംബ പാരമ്പര്യം അതാണെങ്കിലും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജയിൽ വാസം അനുഭവിക്കാൻ രാഹുൽജി തയ്യാറല്ല. തീഹാർ ജയിലിലെ പരുക്കൻ നിലത്തു പായവിരിച്ചുകിടക്കാൻ വേറെ ആളെ നോക്കണം.

അതുകൊണ്ട് കപിൽ സിബൽ ഒരു സൂത്രം പ്രയോഗിച്ചു. ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്. ആണെന്ന് രാഹുലിന് അഭിപ്രായമില്ല ആർ.എസ്.എസുമായി ബന്ധമുള്ള ആരോ ചിലർ തന്നിഷ്ടപ്രകാരം അങ്ങനെ ഒരു കടുംകൈ ചെയ്തു എന്നേ ഉദ്ദേശിച്ചിട്ടുള്ളു എന്ന് സുപ്രീം കോടതിയെ അറിയിച്ചു.

പ്രശ്‍നം അവിടെ തീരേണ്ടതായിരുന്നു പക്ഷെ തീർന്നില്ല. രാഹുൽ ഗാന്ധി മലക്കം മറിഞ്ഞു എന്ന് ഇന്നാട്ടിലെ സകല ടിവി ചാനലുകളും പത്രങ്ങളും ആർത്തുവിളിച്ചു. പയ്യന്സിനോട് വലിയ സ്നേഹവും വാത്സല്യവുമുള്ള ചന്ദ്രിക പത്രംപോലും ആ മട്ടിലാണ് വാർത്ത കൊടുത്തത്.

രാഹുൽ ഗാന്ധി നിലപാടുമാറ്റിയാലും തന്റെ നിലപാടിൽ മാറ്റമില്ല എന്ന് നമ്മുടെ തൃത്താല എം.എൽ.എ ബൽറാം ഫെയ്‌സ്ബുക്ക് വഴി മാലോകരെ അറിയിച്ചു. അതോടെ രാഹുൽജി ചമ്മി. കേവലം ബൽറാമിനുപോലും ആർ.എസ്.എസിനെ പേടിയില്ല. വീരശൂര പരാക്രമിയായ രാഹുൽ ഗാന്ധി, അതും പണ്ട് 1948 ൽ ആർ.എസ്.എസിനെ നിരോധിച്ച ജവഹർലാൽ നെഹ്‌റുവിന്റെയും 1975 ൽ വീണ്ടും നിരോധിച്ച ഇന്ദിരാഗാന്ധിയുടെയും പേരമകൻ. ആർ.എസ്.എസുകാർ കൊടുത്ത മാനനഷ്ടകേസിനെ പേടിക്കുകയോ? ഛായ്, ലജ്‌ജാകരം!
അങ്ങനെ രാഹുൽ ഗാന്ധി പിന്നെയും നിലപാടുമാറ്റി. പണ്ട് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അതിൽ വള്ളിയോ പുള്ളിയോ കുത്തോ കോമയോ മാറ്റുന്ന പ്രശ്നമില്ല. ഇനി വിചാരണ നേരിടണമെങ്കിൽ നേരിടാം; ജയിലിൽ പോകണമെങ്കിൽ അതിനും തയ്യാർ.

എ.ഐ.സി.സി.യുടെ ഏക വൈസ് പ്രസിഡന്റ്, ഭാവി ഭാരത വിധാതാവ് വെറും ഉണ്ണാമനാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട. പുലിയാണ്, തനി പുലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button