NewsInternational

ലണ്ടന്‍ സന്ദര്‍ശിക്കുന്ന ചൈനാക്കാര്‍ക്ക് വംശീയവിദ്വേഷം നിറഞ്ഞ മുന്നറിയിപ്പുമായി എയര്‍ ചൈന

ന്യൂഡല്‍ഹി: ലണ്ടന്‍ സന്ദര്‍ശിക്കുന്നവര്‍ ഇന്ത്യക്കാരും പാകിസ്താനികളും കറുത്ത വര്‍ഗക്കാരും അധികമുള്ള മേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് എയര്‍ ചൈനയുടെ മുന്നറിയിപ്പ്. സഞ്ചാരികള്‍ക്കായുള്ള മുന്നറിയിപ്പിന്റെ ഭാഗമായി എയര്‍ ചൈനയുടെ ഫ്‌ളൈറ്റ് മാഗസിനായ വിംഗ്‌സ് ഓഫ് ചൈനയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇത്തരമൊരു നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

” സഞ്ചരിക്കുവാന്‍ സുരക്ഷിതമായ നഗരമാണ് ലണ്ടന്‍, എങ്കിലും ലണ്ടനില്‍ ഇന്ത്യക്കാര്‍, പാക്കിസ്താനികള്‍, കറുത്തവര്‍ഗക്കാര്‍ എന്നിവര്‍ കൂടുതലായി ജീവിക്കുന്ന മേഖലകളിലെത്തുമ്പോള്‍ ജാഗ്രത പാലിക്കണം” ഇങ്ങനെയായിരുന്നു മാഗസീനിലെ പരാമർശം.

ട്വിറ്ററിലൂടെ എയര്‍ ചൈന വിമാനത്തില്‍ യാത്ര ചെയ്ത ഹസേ ഫന്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകയാണ് മാഗസിനിലെ വംശീയ പരാമര്‍ശങ്ങള്‍ ലോകത്തിന് മുന്‍പിലെത്തിച്ചത്. ഹസേ ഫന്‍ വിവാദ ലേഖനത്തിന്റെ ചിത്രം സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ലേഖനത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

ലേഖനത്തിൽ ലണ്ടനിലെത്തുന്ന വിനോദസഞ്ചാരികള്‍ രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും, വനിതാ സഞ്ചാരികള്‍ പുരുഷന്‍മാര്‍ക്കൊപ്പം മാത്രമേ പുറത്ത് പോകാവൂ എന്നും പറയുന്നുണ്ട്. എയര്‍ ചൈനയുടെ വംശീയ പരാമര്‍ശത്തോട് ലണ്ടന്‍ നിവാസികള്‍ അടക്കം രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ചത്.

ഇന്ത്യക്കാരും പാകിസ്താന്‍ പൗരന്‍മാര്‍ കൂടുതലായുള്ള ടൂട്ടിംഗ് മേഖലയിലെ എംപി റോസനെ അല്ലിന്‍ ഖാന്‍ മാഗസിനിലെ പരാമര്‍ശങ്ങള്‍ മര്യാദ ലംഘിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് ലണ്ടന്‍, അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞ റോസനെ ലണ്ടനില്‍ വംശീയമായ ചേരിതിരിവുകളുണ്ടോയെന്ന് നേരിട്ടറിയുവാന്‍ ചൈനീസ് അംബാസിഡറെ ടൂട്ടിംഗ് സന്ദര്‍ശിക്കുവാനും ക്ഷണിച്ചു.

ചൈനീസ് കമ്പനികള്‍ ഇത്തരം വിവാദങ്ങളില്‍ ചെന്നു ചാടുന്നത് ഇതാദ്യമായല്ല. കറുത്ത വര്‍ഗക്കാരനെ വാഷിംഗ് മെഷീനിലിട്ട് വെളുപ്പിച്ചെടുക്കുന്ന പരസ്യം ചെയ്ത ചൈനീസ് സൗന്ദര്യവര്‍ധക കമ്പനിയും നേരത്തെ സമാനമായ വിവാദത്തില്‍ പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button