KeralaNews

ഡോ.ഷാനവാസിന്റെ ദുരൂഹ മരണം വീണ്ടും അന്വേഷണം

കൊച്ചി: ആദിവാസി സമൂഹത്തിനിടയില്‍ ചികിത്സയും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ജീവിച്ചിരുന്ന ഡോ.പി.സി ഷാനവാസിന്റെ ദുരൂഹ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ തീരുമാനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം എറണാകുളം റേഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക.

ഒന്നരവര്‍ഷം മുന്‍പാണ് ഡോ.ഷാനവാസ് മരിക്കുന്നത്. തുടര്‍ന്ന് എടവണ്ണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും ചില സാമൂഹിക പ്രവര്‍ത്തകരും ഉന്നയിച്ചിരുന്ന ചോദ്യങ്ങള്‍ അന്വേഷണ ശേഷവും അവശേഷിച്ചിരുന്നു. ഇവരുടെ ഇടപെടലുകളെ തുടര്‍ന്നാണ് ഇടതുസര്‍ക്കാര്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയത്. മുന്‍ അന്വേഷണ സംഘത്തിന്റെ ഫയലുകള്‍ ലഭിക്കുന്ന മുറയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ അന്വേഷണത്തിന് തുടക്കമാകും.

2015 ഫെബ്രുവരി 13നായിരുന്നു ഷാനവാസിന്റെ മരണം. അധികാരികളുടെ പീഡനത്തെക്കുറിച്ചും മരുന്നു കമ്പനികള്‍ക്കെതിരെയും പരസ്യമായി പ്രതികരിച്ച ഷാനവാസ് സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഛര്‍ദിക്കുന്നതിനിടെ ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ആദ്യം അന്വേഷണം നടത്തിയ പൊലീസ് പറയുന്നത്. ഒപ്പം ഷാനവാസ് അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഛര്‍ദിച്ച ഷാനവാസിനെ കുളിപ്പിച്ച് വസ്ത്രം മാറ്റിയശേഷം സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ കിലോമീറ്ററുകള്‍ അകലെയുളള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്നായിരുന്നു മരണവും. ഇതിന് പിന്നിലുളള ദുരൂഹതകള്‍ നീക്കണമെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കമുളളവര്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button