Editorial

പാകിസ്ഥാന്‍റെ ഇന്ത്യാ-വിരുദ്ധത ലോകത്തിലെ തന്നെ ഏറ്റവും ഉദാരമായ ദാനം ഇന്ത്യയില്‍ നിന്ന്‍ സ്വീകരിച്ചതിനു ശേഷം!!!

പാകിസ്ഥാന്‍റെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ പക്കല്‍ നിന്നും ലോകത്തിലെ തന്നെ ഏറ്റവും ഉദാരമായ ഒരു ദാനം സ്വീകരിച്ചതിനു ശേഷം. മറ്റുരാജ്യങ്ങള്‍ തങ്ങളുടെ സുഹൃദ് രാജ്യങ്ങള്‍ക്ക് വേണ്ടിപ്പോലും കാണിക്കാന്‍ തയാറാകാത്തത്ര ഉദാരമനസ്കതയോടെയാണ് ഇന്ത്യ തങ്ങളോട് ശത്രുതാമനോഭാവം പുലര്‍ത്തുന്ന പാകിസ്ഥാന് വേണ്ടി “ദി ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി (ഐഡബ്ല്യൂടി)”-യില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന്‍ യാതൊരുവിധ പ്രതിഫലവും വാങ്ങാതെയാണ് ഇന്‍ഡസ് നദീശൃംഖലയിലെ ആറു നദികളിലെ ജലത്തിന്‍റെ 80.52 ശതമാനവും ഇന്ത്യ പാകിസ്ഥാന് വിട്ടുനല്‍കുന്നത്. 1960-ലാണ് ഇന്‍ഡസ് നദീശൃംഖലയിലെ ജലത്തിന്‍റെ 19.48 ശതമാനം ജലം മാത്രം സ്വന്തം ആവശ്യത്തിനായി എടുത്തുകൊണ്ട് ബാക്കി ജലം മുഴുവന്‍ പാകിസ്ഥാന് വിട്ടുനല്‍കുന്ന ഐഡബ്ല്യൂടി കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടത്.

ഇന്നത്തെസമയത്തും ലോകത്ത് നിലവിലുള്ള ഏറ്റവും ഉദാരമായ ഈ ദാനം സ്വീകരിച്ചു കൊണ്ട് തന്നെയാണ് പാകിസ്ഥാന്‍ ഇക്കാലമത്രയും കനത്ത ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്നതും, ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നതും. ഈ അടുത്തകാലത്ത് തുടങ്ങി, ഐഡബ്ല്യൂടിയിലെ പരാതി-പരിഹാര ചട്ടങ്ങള്‍ ഉപയോഗപ്പെടുത്തിയും ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

വികസനത്തിനായി ഉയര്‍ന്ന അളവിലുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ നേരിടുന്ന ജമ്മുകാശ്മീരില്‍ ഇന്ത്യ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാനാണ് പാകിസ്ഥാന്‍ ഇപ്പോള്‍ ഐഡബ്ല്യൂടി ചട്ടങ്ങള്‍ത്തന്നെ പ്രയോജനപ്പെടുത്തുന്നത്. ഹേഗിലെ 7-അംഗ ഇന്‍റര്‍നാഷണല്‍ ആര്‍ബിട്രല്‍ ട്രിബ്യൂണലിന്‍റെ മുന്‍പില്‍ ഈ ചട്ടങ്ങള്‍ പറഞ്ഞുകൊണ്ട് ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികള്‍ തടയണം എന്ന ആവശ്യമുയര്‍ത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ പാകിസ്ഥാന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലേക്ക് തീവ്രവാദം കയറ്റുമതി ചെയ്യുന്നതു പോലെ ഇന്ത്യയുമായി ഒരു “ജലയുദ്ധത്തില്‍” ഏര്‍പ്പെടാന്‍ കൂടിയാണ് പാകിസ്ഥാന്‍റെ ഗൂഡതന്ത്രം.

ഐഡബ്ല്യൂടിയിലെ പരാതി-പരിഹാര ചട്ടങ്ങള്‍ തുടര്‍ച്ചയായി ഉപയോഗപ്പെടുത്തി ഇന്ത്യയ്ക്ക്മേല്‍ സമ്മര്‍ദ്ദം കൂട്ടാനായിരിക്കും പാകിസ്ഥാന്‍റെ നീക്കങ്ങള്‍. പക്ഷേ, ഇവിടെ പാകിസ്ഥാന്‍ മനസ്സിലാക്കേണ്ട ഒരുകാര്യം ഐഡബ്ല്യൂടി ഇന്ത്യയ്ക്ക് ഒരു ബാധ്യതയായി മാറുന്ന പക്ഷം അതില്‍നിന്ന്‍ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്തിരിയാം എന്നുള്ളതാണ്. റഷ്യയുമായുള്ള ബാലിസ്റ്റിക് മിസ്സൈല്‍ നിരോധന കരാറില്‍ നിന്ന്‍ അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങിയത് ഉദാഹരണമായി പാകിസ്ഥാന് സ്വീകരിക്കാം. കരാര്‍ പുതുക്കാന്‍ റഷ്യ വിസമ്മതിച്ചു എന്നകാരണം മാത്രമാണ് അന്ന്‍ അമേരിക്ക പറഞ്ഞത്. പക്ഷേ ഐഡബ്ല്യൂടിയുടെ കാര്യത്തില്‍ അത് ഇന്ത്യയ്ക്ക് ഒരു ബാധ്യതയും, ഇന്ത്യാ-വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശത്രുതാമനോഭാവമുള്ള ഒരു രാജ്യത്തിന് അതൊരു ഉപകരണമാകുകയും ചെയ്യുന്നു എന്നത് കരാറില്‍ നിന്ന്‍ പിന്മാറാന്‍ അനുകൂലമായ ഘടകങ്ങളാണ്.

ഐഡബ്ല്യൂടി തന്നെ ഉപയോഗിച്ച് ഇന്ത്യയും പാകിസ്ഥാനുമായി ജലയുദ്ധം പ്രഖ്യാപിക്കുകയാണെങ്കില്‍ പാകിസ്ഥാന് പിന്നെ നില്‍ക്കക്കള്ളിയുണ്ടാകില്ല. തങ്ങളുടെ ഭൂഭാഗത്തേക്ക് തീവ്രവാദം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യവുമായി ഇത്രയും ഉദാരമായ ഒരു കരാര്‍ മുന്നോട്ടു കൊണ്ടുപോകേണ്ട യാതൊരു ബാദ്ധ്യതയും ഇന്ത്യയ്ക്കില്ല. ഇന്ത്യ ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് ജമ്മുകാശ്മീരിന്‍റെ വികസനത്തിനും, അവിടുത്തെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടാനുമാണ്. ഐഡബ്ല്യൂടിയിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇന്‍ഡസ് നദീശൃംഖലയിലെ നദികളുടെ സ്വാഭാവികഒഴുക്ക് തടസ്സപ്പെടുത്താതെയുള്ള “റണ്‍-ഓഫ്-റിവര്‍” ജലവൈദ്യുത പദ്ധതികള്‍ അനുവദനീയമാണ് താനും. ഇത്തരത്തിലുള്ള ഇന്ത്യന്‍നീക്കങ്ങള്‍ പാകിസ്ഥാനെ വിറളി പിടിപ്പിച്ചിട്ടുമുണ്ട്. പദ്ധതികളുടെ രൂപരേഖ പാകിസ്ഥാനെ മുന്‍കൂട്ടി അറിയിക്കണം എന്നല്ലാതെ, പാകിസ്ഥാന്‍റെ യാതൊരുവിധത്തിലുള്ള സമ്മതവും പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കാനായി ഇന്ത്യയ്ക്ക് ആവശ്യമില്ല. പക്ഷേ, ജമ്മുകാശ്മീരില്‍ എപ്പോഴും ഒരു പ്രശ്നബാധിത അവസ്ഥ നിലനിര്‍ത്താനായി, ഇന്ത്യയുടെ പദ്ധതികളെ പാകിസ്ഥാന്‍ വെറുതെയാണെങ്കിലും എതിര്‍ക്കുമെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്.

ഐഡബ്ല്യൂടി കരാര്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ ജമ്മുകാശ്മീരില്‍ നിന്ന്‍ തന്നെ ആവശ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കാശ്മീരിന് വരദാനമായി ലഭിച്ച ജലം പോലെ വിലപിടിപ്പുള്ള പ്രകൃതിവിഭവങ്ങള്‍ അവിടുത്തെ ശോചനീയാവ്സ്ഥയ്ക്ക് പ്രധാന കാരണമായ തീവ്രവാദത്തെ ഊട്ടിവളര്‍ത്തുന്ന പാകിസ്ഥാന്‍ പോലുള്ള ഒരു രാജ്യത്തിന് നല്‍കുന്നതിനെതിരെ നല്ലവരായ കശ്മീരികള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. മാത്രമാല്ല, പാക്-അധീന-കാശ്മീരിലൂടെ ഒഴുകുന്ന ഇന്‍ഡസ് നദികളില്‍ ചൈനീസ്‌ സഹായത്തോടെ ബുഞ്ചി, ബാഷ എന്നീ വമ്പന്‍ ജലവൈദ്യുത പദ്ധതികള്‍ പാകിസ്ഥാന്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്.

2011-ലെ ഒരു യുഎസ് സെനറ്റ് വിദേശസഹകരണ കമ്മിറ്റിയുടെ അഭിപ്രായപ്രകാരം “ലോകത്തിലെ ഏറ്റവും വിജയകരമായ ജലം പങ്കുവയ്ക്കല്‍ ഉടമ്പടി” ആയ ഐഡബ്ല്യൂടി സംബന്ധിച്ച് ദേശീയതലത്തില്‍ ഒരു ചര്‍ച്ച ഉയര്‍ന്നുവരികയും, ആ ചര്‍ച്ചയിലൂടെ പാകിസ്ഥാന് മേല്‍ ഇന്ത്യന്‍ സമ്മര്‍ദ്ദം പ്രയോഗിക്കുകയും ആയിരിക്കും ഇന്ത്യയ്ക്ക് സ്വീകരിക്കാന്‍ പറ്റിയ ഏറ്റവും നല്ല തന്ത്രം. ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കാട്ടി പാകിസ്ഥാന്‍റെ കാശ്മീര്‍ കലാപശ്രമങ്ങളെ ഇന്ത്യ തകര്‍ത്തതു പോലെ, ഐഡബ്ല്യൂടി വഴി പാകിസ്ഥാന്‍റെ മറ്റ് ഗൂഡതന്ത്രങ്ങളേയും തകര്‍ക്കാന്‍ ഇന്ത്യയ്ക്ക് കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button