NewsInternational

പാകിസ്ഥാന് മേല്‍ ഇന്ത്യക്ക് മേല്‍ക്കൈ :ലോകരാഷ്ട്രങ്ങളുടെ കയ്യടി നേടി ഇന്ത്യ : ഇന്ത്യ നേടിയത് നയതന്ത്രവിജയം

ന്യൂഡല്‍ഹി : അങ്ങനെ അതും സംഭവിച്ചിരിയ്ക്കുന്നു. ഉറി ഭീകരാക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്‍കി. ഉചിതമായ സമയത്ത്, തങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പാക്കിസ്ഥാനു തക്കതിരിച്ചടി നല്‍കുമെന്നാണ് ഉറിയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ ഇന്ത്യ വ്യക്തമാക്കിയത്. ഉറിയിലെ ആക്രമണം കഴിഞ്ഞു 10 ദിവസം പിന്നിട്ടപ്പോള്‍ ഇന്ത്യ തിരിച്ചടിച്ചു; ഭീകരതയ്‌ക്കെതിരായ പോരാട്ടമായിക്കൂടി വ്യാഖ്യാനിക്കാവുന്ന നടപടി രാജ്യാന്തരതലത്തിലും ഇന്ത്യയ്ക്കു വ്യക്തമായ പിന്തുണ ഉറപ്പാക്കുന്നതാണ്. മാത്രമല്ല ഇന്ത്യയുടെ ഈ ആക്രമണം പാകിസ്ഥാന് ശക്തമായ ഒരു താക്കീതുകൂടിയാണ്. പാകിസ്ഥാന്റെ ഭീകരക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിയെ അമേരിക്കയും റഷ്യയുമടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ പ്രകീര്‍ത്തിച്ചു.

യു.എസ് ഉള്‍പ്പെടെ പല പ്രധാന രാജ്യങ്ങളെയും വിശ്വാസത്തിലെടുത്താണ് ഇന്ത്യയുടെ സൈനിക നടപടിയെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഉറി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ജോണ്‍ കെറി, ഇന്ത്യയ്ക്കു പൂര്‍ണപിന്തുണ ഉറപ്പു നല്‍കിയെന്നാണു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

പാക്ക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയതായ വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെ വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര്‍ യു.എസ്, ചൈന, റഷ്യ, ഫ്രാന്‍സ്, യു.കെ എന്നിവയുള്‍പ്പെടെ 25 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സൈനിക നടപടിയുടെ പശ്ചാത്തലം വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. സൈനിക നടപടി എന്നതിനെക്കാള്‍ ഭീകരപ്രവര്‍ത്തനം അമര്‍ച്ച ചെയ്യാനുള്ള ഓപ്പറേഷനാണു നടത്തിയതെന്നു ജയ്ശങ്കര്‍ വ്യക്തമാക്കി. തുടര്‍നടപടികള്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും ഭീകരാക്രമണങ്ങളെ സൈന്യം ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്ര സംഘടനയില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിനുള്ള മറുപടിയിലും സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിലും ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള സന്ധിയില്ലാത്ത നിലപാടാണ് അടിവരയിട്ടു പറഞ്ഞത്.

കാര്യമായ പ്രകോപനം പ്രതീക്ഷിക്കേണ്ടതില്ലാത്ത നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന പ്രതീതി സൃഷ്ടിക്കുമ്പോള്‍ത്തന്നെ, അണിയറയില്‍ ശക്തമായ സൈനിക നടപടിക്കുള്ള ഒരുക്കങ്ങള്‍ സര്‍ക്കാരും സൈന്യവും നടത്തുകയായിരുന്നുവെന്നാണു വ്യക്തമാവുന്നത്. പശ്ചിമ സൈനിക കമാന്‍ഡിന്റെ മേധാവി ലഫ്. ജനറല്‍ സുരീന്ദര്‍ സിങ് ഏതാനും ദിവസം മുന്‍പു ജമ്മു, സാംബ, പഠാന്‍കോട്ട് മേഖലകള്‍ സന്ദര്‍ശിച്ചു സൈന്യത്തിന്റെ തയാറെടുപ്പുകള്‍ വിലയിരുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button