KeralaNews

മോഷ്ടക്കളായ കമിതാക്കള്‍ അറസ്റ്റില്‍

കോഴഞ്ചേരി: ജില്ലയിൽ മൂന്നു ബാ‌ങ്ക് കവർച്ചാ ശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായ കമിതാക്കൾ അറസ്റ്റിൽ. വടശേരിക്കര മുള്ളമ്പാറ വീട്ടിൽ അനീഷ് പി. നായർ (33), മന്ദമരുതി പാലനിൽക്കുന്നതിൽ സുമ എന്നു വിളിക്കുന്ന കുമാരി ലത (40) എന്നിവരാണ് അറസ്റ്റിലായത്. കോറ്റാത്തൂർ നീലംപ്ലാവിൽ ഫെഡറൽ ബാങ്ക് ശാഖ, വടശേരിക്കര എസ്ബിടി എടിഎം, ജില്ലാ സഹകരണ ബാങ്കിന്റെ വടശേരിക്കര ശാഖ എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം നാലിന് കവർച്ചാശ്രമം നടത്തിയത് ഇവരാണെന്നു പോലീസ് വ്യക്തമാക്കി. നാരങ്ങാനം ചാന്തിരത്തിൽപടിയിലെ ആൾതാമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമത്തിനിടെ ഇവർക്ക് പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ചു കടക്കേണ്ടിവന്നു.

വാടകയ്ക്കെടുത്ത കാറിൽ നിന്ന് അനീഷിന്റെ ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ കാർഡ് എന്നിവ ലഭിച്ചു. ഇതുവഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വടശേരിക്കര പ്രയാറ്റ് ക്ഷേത്രം, പുതുക്കുളം മലദൈവം, ചെറുവള്ളിക്കാവ്, തോട്ടമൺകാവ്, മന്ദമരുതി, ഇടമുറി, ചെറുകോൽപുഴ എന്നിവിടങ്ങളിലെ ക്ഷേത്രകാണിക്കവഞ്ചികളിൽ മോഷണം നടത്തിയതും ഇവരാണെന്നു പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. പെരുനാട്ടിലെ കാണിക്കവഞ്ചിയിൽ നിന്ന് കിട്ടിയ പണം ഉപയോഗിച്ച് ചെങ്ങന്നൂരിൽ നിന്നു ഗ്യാസ് കട്ടർ വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ചാണ് കോറ്റാത്തൂർ ഫെഡറൽ ബാങ്ക് ശാഖ തകർത്തത്. ജനലിന്റെ കമ്പി ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്ത് അകത്തുകടക്കുകയും ക്യാമറ തകർക്കുകയും അലാം വയർ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്നു ബാങ്ക് ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ചു മുറിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവർക്കും പൊള്ളലേറ്റതോടെയാണ് ശ്രമം ഉപേക്ഷിച്ചത്.

അനീഷിന് ജില്ലാ സഹകരണ ബാങ്കിന്റെ വടശേരിക്കര ശാഖയിൽ അംഗത്വം ഉണ്ട്. ഈ ബാങ്കിന്റെ സ്ട്രോങ് മുറിയോടു ചേർന്ന വാതിൽ തകർത്ത് ശുചിമുറിയുടെ ഭിത്തി തുരന്ന് അകത്തു കടക്കാനും ശ്രമിച്ചിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുള്ള അനീഷ് കുമാരി ലതയുടെ മകന്റെ സുഹൃത്താണ്. ലതയ്ക്കു ഭർത്താവും പ്രായപൂർത്തിയായ രണ്ടു മക്കളും ഉണ്ട്. ഭർത്താവുമായി പിണങ്ങി അനീഷിനോടൊപ്പമാണ് ഇപ്പോൾ താമസം. മോഷ്ടാക്കളെന്നു സംശയിക്കാതിരിക്കാൻ ദമ്പതികൾ ചമഞ്ഞാണ് കാറിൽ യാത്ര ചെയ്യുന്നത്. രണ്ടു മാസം മുൻപ് റാന്നി സ്വദേശിയുടെ വർക്‌ഷോപ്പിൽ നിന്നു വാടകയ്ക്കെടുത്ത കാറിലാണ് പ്രതികൾ കറങ്ങിനടന്നിരുന്നത്. നാരങ്ങാനത്ത് വഴിയരികിൽ രാത്രി 2.30ന് കേടായ രീതിയിൽ കാർ നിർത്തിയിട്ടായിരുന്നു കവർച്ചാശ്രമം. കാർ പോലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു.

ഒരു സ്ത്രീ കോറ്റാത്തൂരിലെ ബാങ്ക് കവർച്ചാശ്രമത്തിൽ ഉൾപ്പെട്ടതായി സമീപത്തെ ക്യാമറയിൽ നിന്ന് അവ്യക്തമായ ചിത്രം ലഭിച്ചിരുന്നു. നാരങ്ങാനത്തെ കാറിന്റെ മുൻ സീറ്റിൽ സ്ത്രീയുടെ ചെരിപ്പും കണ്ടതോടെ അന്വേഷണം ഇവരിലേക്കു തിരിയുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി പാർഥസാരഥി പിള്ള, കോഴഞ്ചേരി സിഐ എസ്. വിദ്യാധരൻ, ആറന്മുള എസ്ഐ അശ്വിത് എസ്. കാരാണ്മയിൽ, രാജശേഖരൻ, എഎസ്ഐ സുരേഷ് ബാബു, സീനിയർ സിപിഒ ഹുമയൂൺ, സിപിഒമാരായ ഗോപകുമാർ, അനീഷ്, പ്രകാശ്, ശ്യാം, വനിത സിപിഒ ആശ ഗോപാലകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് അംഗങ്ങളായ അനുരാഗ് മുരളീധരൻ, വിനോദ്, അജികുമാർ, വിൽസൺ, അജി സാമുവൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button