KeralaNewsIndia

ആശുപത്രിയില്‍ വച്ച്‌ നാടോടികള്‍ തട്ടിയെടുത്ത കുഞ്ഞിനെ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം തിരികെ കിട്ടി; കോടതിയിൽ നാടകീയ രംഗങ്ങൾ

 

തൃശൂര്‍: ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ മാതാ പിതാക്കൾക്ക് തിരിച്ചു കിട്ടിയപ്പോൾ കോടതിയിൽ നാടകീയവും വികാര നിർഭരവുമായ രംഗങ്ങൾ അരങ്ങേറി.കന്യാകുമാരി പാലച്ചനാടാര്‍ മുത്തു(41), ഭാര്യ സരസു എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായത്. പാലക്കാട് പെരുവെമ്പ് നെരമംകുളം കുമാരന്റെയും സുജയുടെയും മകള്‍ അഭിരാമിയെയാണ് ഒരു വര്‍ഷം മുന്‍പ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഇവർ തട്ടിക്കൊണ്ടുപോയത്. ഗുരുവായൂരിൽ ആണ് ഇപ്പോൾ സുജയും കുടുംബവും താമസിക്കുന്നത്. ഒൻപതുമാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

2015 ഡിസംബര്‍ 25ന് വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ സുജ ദിവസങ്ങള്‍ മാത്രം മുൻപ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച്‌ പരിചയപ്പെട്ട മുത്തു സരസു ദമ്പതികളെ കൂട്ടിന് കൊണ്ടുപോയി.തുടർന്ന് ഭക്ഷണം വാങ്ങാനായി കുഞ്ഞുമായി പോയ ദമ്പതികളെ പിന്നീട് കണ്ടെത്താനായില്ല.തട്ടിക്കൊണ്ടു പോയ വിവരം അറിഞ്ഞു പോലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.പ്രതികള്‍ തൂത്തുക്കുടിയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് തൂത്തുക്കുടിയിലേക്ക് പോയത്.ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ ജീവിക്കുന്ന നാടോടികളാണ് മുത്തുവും സരസുവും. പലയിടത്തും ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ദമ്പതികൾ കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ലായിരുന്നു.

ഒൻപത്‌ മാസങ്ങൾ കൊണ്ട് കുട്ടി യഥാർത്ഥ അമ്മയെ മറന്നു. സരസുവും മുത്തുവും അമ്മയും അപ്പയുമായി.അഭിരാമി എന്ന പേര് മാറ്റി കാർത്തികയാക്കി. കുട്ടിയെ കണ്ടുപിടിച്ചു കൊടുക്കുമ്പോൾ കുട്ടി സുജയുടെ അടുത്ത് പോകാൻ കൂട്ടാക്കിയില്ല. പകരം സരസുവിനെ നോക്കി അമ്മാ എന്ന് കരഞ്ഞ കുട്ടിയെ സുജ കണ്ണു പൊത്തി ചേർത്തു പിടിച്ചു. അമ്മയെ മറന്ന കുഞ്ഞ് സരസുവിനെ കാണാന്‍ വാശിപിടിച്ച്‌ കരഞ്ഞു. നിലവിളി കേട്ട് സരസു പല തവണ എണീറ്റെങ്കിലും സുജ കുഞ്ഞിനെ കാണിക്കാന്‍ തയ്യാറായില്ല. തട്ടിക്കൊണ്ടുപോയതെങ്കിലും പൊന്നുപോലെ നോക്കിയ മകളുടെ കരച്ചിലില്‍ സരസുവും വിതുമ്പി.ഒൻപതുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തൂത്തുക്കുടി തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍നിന്നാണ് പൊലീസ് സംഘം പ്രതികളേയും കുഞ്ഞിനേയും കണ്ടെത്തിയത്.

വ്യാഴാഴ്ച മുളങ്കുന്നത്തുകാവ് സ്റ്റേഷനിലെത്തിച്ച സരസുവും മുത്തുവും കുഞ്ഞും വെള്ളിയാഴ്ച ഉച്ചവരെ അവിടെ തുടര്‍ന്നു.തുടര്‍ന്ന് വിയ്യൂര്‍ സ്റ്റേഷനിലെത്തിച്ചതോടെ കാര്യങ്ങള്‍ മാറി. സരസുവിനേയും മുത്തുവിനേയും മാറ്റിയിരുത്തി കുഞ്ഞിനെ സുജയെ ഏല്‍പ്പിക്കുകയായിരുന്നു.വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ കുഞ്ഞിനെ യഥാര്‍ഥ മാതാപിതാക്കളായ സുജയ്ക്കും കുമാരനുമൊപ്പം വിടുകയായിരുന്നു.ദമ്പതികളുടെ യഥാര്‍ഥ ലക്ഷ്യം എന്തെന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ഡോ. ജെ ഹിമേന്ദ്രനാഥ് പറഞ്ഞു. ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആവശ്യമെങ്കില്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button