NewsIndiaInternationalGulf

ഖത്തറിലെ തൊഴില്‍നിയമ വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുന്നു;തൊഴിലാളികളെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദമാക്കി മന്ത്രാലയം

 

ദോഹ: ഖത്തറില്‍ ഡിസംബര്‍ 14 ന് നടപ്പില്‍ വരാന്‍പോകുന്ന പുതിയ തൊഴില്‍ നിയമത്തില്‍ തൊഴില്‍ കരാര്‍ കാലാവധിക്ക് മുന്തിയ പരിഗണന. തൊഴില്‍ കരാറില്‍ ഒപ്പിട്ട് തൊഴിലില്‍ പ്രവേശിച്ച ആള്‍ക്ക് കരാര്‍ കാലാവധി പൂര്‍ത്തിയാകുംമുമ്പ് രാജ്യംവിട്ടുപോയാല്‍ ഉടന്‍ തിരിച്ചുവരാന്‍ കഴിയില്ല എന്നതാണ് പുതിയ വ്യവസ്ഥ. പുതിയ വിസാ നിയമ പ്രകാരം ഇത്തരത്തില്‍ ഒരാള്‍ കരാര്‍ പൂര്‍ത്തിയാകുംമുമ്പെ ഖത്തറില്‍ നിന്നും തിരിച്ചുപോയാല്‍ ആദ്യത്തെ കരാര്‍ കാലാവധി കഴിഞ്ഞശേഷമെ മടങ്ങി വരാന്‍ കഴിയൂ എന്നതാണ് വ്യവസ്ഥ.

ഇപ്പോഴുള്ള നിയമപ്രകാരം ഒരാള്‍ വിസ റദ്ദാക്കി നാട്ടില്‍ പോകുന്ന ഒരാളിന് ഖത്തറിലേക്ക് മടങ്ങി വരണമെങ്കില്‍ രണ്ട് വര്‍ഷം കാത്തിരിക്കണം. ഇതാണ് പുതിയ നിയമം വരുന്നതോടെ അവസാനിക്കുന്നത്.തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് നിലവിലുള്ള വിസ കാന്‍സല്‍ ചെയ്ത് തിരിച്ചുപോകുകയും അടുത്ത ദിവസംതന്നെ പുതിയ തൊഴില്‍ കരാറിന്‍െറ അടിസ്ഥാനത്തില്‍ തിരിച്ചുവരികയും ചെയ്യാം. ഈ നിയമവും പുതിയ തൊഴില്‍ നിയമത്തിനെ ഏറെ വ്യത്യസ്തമാക്കുന്നുണ്ട്. പുതിയ നിയമപ്രകാരം, തൊഴില്‍ കരാറില്‍ സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതാകുകയും ചെയ്യും. അതിനൊപ്പം എക്സിറ്റ് പെര്‍മിറ്റ് വ്യവസ്ഥ അവസാനിക്കുകയും ചെയ്യും.

അതായത് തൊഴിലാളിക്ക് ഖത്തറില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങണമെങ്കില്‍ സ്പോണ്‍സറുടെ അനുവാദത്തിന് പകരം ആഭ്യന്തര മന്ത്രാലയത്തിന്‍െറ അനുമതിയായിരിക്കും ആവശ്യമായി വരിക.എന്നാല്‍ അപേക്ഷ രണ്ട് ദിവസത്തിനുമുമ്പ് മന്ത്രാലയത്തിന് മുമ്പാകെ നല്‍കണം. തൊഴിലാളി മടങ്ങിപോകുന്നത് തൊഴിലുടമ അറിഞ്ഞിരിക്കണമെന്ന നിയമമുണ്ടെങ്കിലും ഉടമക്ക് തൊഴിലാളിയെ തടയാന്‍ കഴിയില്ല എന്നതും നിയമത്തിന്‍െറ പ്രത്യേകതയാണ്.കരാര്‍ രണ്ട് വര്‍ഷത്തേക്കായാലും അഞ്ച് വര്‍ഷത്തേക്കായാലും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തീകരിക്കാന്‍ തൊഴിലാളി ബാധ്യസ്ഥനായിരിക്കും.

രാജ്യത്ത് നടപ്പിലാകാനിരിക്കുന്ന പുതുക്കിയ തൊഴില്‍ നിയമത്തെ സംബന്ധിച്ച് പൊതുജനങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സാമൂഹിക ക്ഷേമ- തൊഴില്‍ വകുപ്പ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.പുതിയ നിയമം നടപ്പിലാകുന്നതോടെ നിലവില്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നവര്‍ പുതിയ തൊഴില്‍ കരാറില്‍ ഒപ്പ് വെക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ അറിയിപ്പുകള്‍ക്കായി പ്രവാസികള്‍ കാത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button