NewsIndia

ഇന്ത്യ വീണ്ടും രാഷ്ട്രീയ മാമാങ്കത്തിനു വേദിയാകുന്നുവോ?

ചിഞ്ചു കൃഷ്ണന്‍

അരുണാചല്‍ പ്രദേശില്‍ നേരിട്ട രാഷ്ടീയ അനിശ്ചിതത്വത്തിനു പിന്നാലെ ഉത്തര്‍പ്രദേശിലും ഭരണപക്ഷം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയിലെ ചേരിതിരിയലും പരസ്പര വിമര്‍ശനങ്ങളും മുളപൊട്ടാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ഏറേ ആയി. പാര്‍ട്ടിയില്‍ രണ്ടു പക്ഷം നിലനില്‍ക്കുമ്പോള്‍ മറു പക്ഷത്തുള്ളവരെ നേതാക്കള്‍ തന്നെ പുറത്താക്കിയാലോ? അത് തന്നെയാണ് ഉത്തര്‍ പ്രദേശില്‍ ഇപ്പോള്‍ നടക്കുന്നതും. സമാജ് വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനായ മുലായം സിംഗ് യാദവും അദ്ദേഹത്തിന്‍റെ മകനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമാണ് ഇരു പക്ഷത്തെയും നേതാക്കള്‍. മുലായത്തിന്റെ പല നിലപാടുകളിലും അഖിലേഷ് ആദ്യം മുതലേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി പ്രശ്നങ്ങള്‍ കൂടുതല്‍ ഗൌരവമുള്ളതായി പുറം ലോകം ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ട് രണ്ടാഴ്ച്ചയെ ആകുന്നുള്ളൂ. ജില്ല പ്രസിടെന്റുമാരുടെ യോഗത്തിലേക്ക് സംസ്ഥാന അധ്യക്ഷനും മുലായത്തിന്‍റെ വിശ്വസ്തനുമായ ശിവപാല്‍ സിംഗ് യാദവിന്റെ ക്ഷണം അഖിലേഷ് നിരസിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്. അഖിലേഷ് അനുകൂലിയായ ഉദയ വീര്‍ സിംഗ് അഖിലേഷിനെ ദേശീയ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടതും പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയുടെ ആക്കം കൂട്ടി. ഇതിന്‍റെ പേരില്‍ യു.പി. നിയമസഭാ അംഗം കൂടിയായ ഉദയ വീര്‍ സിംഗിനെ മറുപക്ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുലായത്തിന്‍റെ വിശ്വസ്തന്‍ ശിവപാല്‍ സിംഗ് അടക്കം നാലു മുലായം അനുകൂലികളെയും പുറത്താക്കി കൊണ്ട് അഖിലേഷും മറുപടി നല്‍കി.

ഇതിനു പ്രതികാരമെന്നോണം അഖിലേഷിന്റെ വിശ്വസ്തനും ദേശീയ ജനറല്‍ സെക്രട്ടറിയുമായ
രാം ഗോപാല്‍ യാദവിനെ മുലായവും പുറത്താക്കി. ചുരുക്കത്തില്‍ മൂന്നുദിവസത്തിനുള്ളില്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്തായ അംഗങ്ങള്‍ ആറുപേര്‍. ഈ ആറുപേരും പാര്‍ട്ടി നേതൃത്വം വഹിക്കുന്നവരോ പ്രമുഖ പദവിയില്‍ ഉള്ളവരോ ആണ്‌ എന്നത് ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയുണ്ടാക്കി മത്സരിക്കുമെന്ന മുലായം സിംഗിന്റെ പ്രഖ്യാപനം തര്‍ക്കം കൂടുതല്‍ പ്രശനങ്ങളിലേക്ക് എത്തുമെന്നതിന്റെ സൂചനയാണ്. പാര്‍ട്ടി പിളര്‍ത്താനോ പുതിയ പാര്‍ട്ടി രൂപീകരിക്കാനോ ഉദ്ദേശ്യമില്ലെന്ന് അഖിലേഷ് പറഞ്ഞു.

ഗുണ്ടാ വിളയാട്ടം നടത്തി പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ മുക്താർ അൻസാരിയുടെ ക്വാമി ഏക്താദൾ എന്ന പാർട്ടിയെ സമാജ്‍വാദിയിലേക്ക് ലയിപ്പിക്കാനുള്ള ശിവപാൽസിംഗിന്റെ നീക്കത്തെ അഖിലേഷ് എതിർത്തത് മുതലാണ് പാർട്ടിയിലെ ചേരിതിരിയൽ മൂർച്ഛിച്ചത്. അഖിലേഷ് എതിർത്തുവെങ്കിലും പിന്നീട് മുലായത്തിന്റെ പിന്തുണയോടെ അത് നടപ്പാക്കിയിരുന്നു.

സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വവാഹകര്‍ എല്ലാം തന്നെ ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ ആണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പുറത്താക്കപ്പെട്ട ശിവപാല്‍സിംഗ് യാദവും രാം ഗോപാല്‍ യാദവും മുലായത്തിന്റെ സഹോദരന്മാരുമാണ്. പാര്‍ട്ടിക്കുള്ളില്‍ നിഴലിക്കുന്ന പ്രശ്നങ്ങള്‍ യാദവകുടുംബത്തിലെ വാക്കേറ്റങ്ങളുടെ മറുപുറമാണോ എന്ന സംശയവും ചൂടുപിടിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ് , പഞ്ചാബ്‌, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിനു ആറുമാസം പോലും ബാക്കിയില്ലാത്തപ്പോള്‍ സമാജ് വാദി പാര്‍ട്ടിയിലുണ്ടായ ചേരിപ്പോരും പുറത്താക്കലും പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം. തിരഞ്ഞെടുപ്പിന് മുന്പ് തന്നെ പാര്‍ട്ടിയുടെ അവസ്ഥ കൂടുതല്‍ ദയനീയമാകുകയാണ്. ഒരു പക്ഷെ അതിന്റെ ആദ്യ ഘട്ടമാവണം യു പി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ബിജെപിയുടെ ആവശ്യം. ഉള്‍പ്പോര് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടത്.

സമാജ്‍വാദിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ വേണ്ടത്ര മുതലെടുക്കാൻ ശ്രമിക്കുന്നത് ബിജെപി ആയിരിക്കും. സമാജ്‌വാദി പാർട്ടിയിലെ ചേരിപ്പോര് മായാവതിയുടെ പാർട്ടിയായ ബി എസ് പിക്കും നിയമ സഭാ തെരഞ്ഞെടുപ്പിൽ ഒരു പരിധി വരെ സഹായകമാകും. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പരിപാടികൾ സംസ്ഥാനത്തെ മറ്റു രാഷ്ട്രീയ കക്ഷികൾ നടപ്പാക്കി തുടങ്ങിയ സാഹചര്യത്തിലും സമാജ്‍വാദിയിൽ പ്രശ്നങ്ങൾ പുകയുകയാണ്. വർഗ്ഗീയ കലാപം കളങ്കമേൽപ്പിച്ച ഭരണമായിരുന്നു സമാജ്‍വാദിയുടേതെന്ന് ജനങ്ങൾ തന്നെ വിധിയെഴുതുമ്പോൾ പിടിച്ചു നിൽക്കാൻ പാർട്ടിയുടെ മുന്നിൽ ആകെയുള്ള വഴി ചേരിപ്പോര് എത്ര രൂക്ഷമായാലും പിളർപ്പിലേക്ക് എത്താതിരിക്കുക എന്നത് മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button