അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് :സര്‍വേകളില്‍ ഹിലരി

വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. അവസാനഘട്ട സര്‍വേ ഫലങ്ങള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ് അനുകൂലമാണ്.
വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ മൂന്നുമുതല്‍ അഞ്ചുവരെ പോയന്റുകളുടെ വ്യത്യാസത്തിലാണ് ഹിലരി എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്.

വാഷിംഗ്ടണ്‍ പോസ്റ്റും എ.ബി.സി.ന്യൂസും നടത്തിയ സര്‍വേയില്‍ ട്രംപിന് 43 ശതമാനം പിന്തുണയും ഹില്ലരിക്ക് 48 ശതമാനം പിന്തുണയും ലഭിച്ചു.
പൊളിറ്റിക്കോയും മോര്‍ണിങ് കണ്‍സള്‍ട്ട് എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനവും നടത്തിയ സര്‍വേയില്‍ ട്രംപിന് 42 ശതമാനം വോട്ടാണ് ലഭിച്ചത്. ഹിലരി 45 ശതമാനം വോട്ടുനേടി നില മെച്ചപ്പെടുത്തി.

കഴിഞ്ഞ സര്‍വേകള്‍ വെച്ചുനോക്കുമ്പോള്‍ ട്രംപിന് 44 ശതമാനത്തിലധികം വോട്ടുനേടാന്‍ കഴിഞ്ഞിട്ടില്ല. ആര്‍ക്കുവോട്ടുചെയ്യണമെന്ന് തീരുമാനിക്കാത്ത നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന നിഗമനത്തിലാണ് നിരീക്ഷകരുള്ളത്.

ട്രംപിനെതിരായ ലൈംഗികപീഡനാരോപണങ്ങളും ഹിലരിക്കെതിരായ ഇമെയില്‍ വിവാദവുമാണ് പ്രചാരണത്തെ മാറ്റിമറിച്ചത്. ഇരുവരുടെയും വിജയസാധ്യതകളെ മാറ്റിമറിക്കാന്‍ ഈസംഭവങ്ങള്‍ക്ക് സാധിച്ചു.
ഇമെയില്‍ വിവാദത്തില്‍ ഹില്ലരിയെ കുറ്റവിമുക്തമാക്കിക്കൊണ്ട് എഫ്.ബി.ഐ. മേധാവി ജെയിംസ് കോമി തിങ്കളാഴ്ച മുന്നോട്ടുവന്നെങ്കിലും ഇതുകൊണ്ട് പ്രത്യേകിച്ച് മാറ്റംവരാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Share
Leave a Comment