KeralaNews

സ്വകാര്യ ബസുകളിലെ ‘ഓസ്‌’ പി.സികള്‍ക്ക് മുഖ്യമന്ത്രി പണികൊടുത്തു

കൊല്ലം: സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന പൊലീസുകാര്‍ ടിക്കറ്റ് എടുക്കാതെ ‘പിസി’ എന്നു പറഞ്ഞു വിരട്ടി സൗജന്യ യാത്ര നടത്തുന്നതിനെക്കുറിച്ചു തനിക്ക് ഊമക്കത്ത് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഭിച്ച ഊമക്കത്ത് സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം യാത്രകൾ പൊതുജനമധ്യത്തില്‍ നടക്കുന്ന നഗ്നമായ അഴിമതിയാണെന്നു വിശദീകരിച്ചു മുഖ്യമന്ത്രിക്കു കഴിഞ്ഞ ദിവസം ഊമക്കത്തു ലഭിച്ചിരുന്നു.

ഈ കത്തില്‍ ഒരു മാറ്റവും വരുത്താതെ ഔദ്യോഗിക സര്‍ക്കുലറാക്കി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ക്യാംപുകളിലും പ്രദര്‍ശിപ്പിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇതനുസരിച്ചു ഡിജിപി കത്തിന്റെ പകര്‍പ്പ് സ്റ്റേഷനുകളിലേക്കും ക്യാംപുകളിലേക്കും അയച്ചു. ഇതു നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.

കത്ത് ആരംഭിക്കുന്നത് ഇങ്ങനെയാണ്. അഴിമതിരഹിത കേരളം സൃഷ്ടിക്കാന്‍ ഈ സര്‍ക്കാരിനു സാധിക്കുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ. ലോക്നാഥ് ബെഹ്റ കഴിവുള്ളയാളും കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പ്രാപ്തിയുള്ള ആളുമാണ്. പക്ഷേ, 90% പൊലീസുകാരും പലവിധ അഴിമതികളില്‍ പങ്കാളികളാകുന്നു. സ്വകാര്യ ബസുകളില്‍ സഞ്ചരിക്കുന്ന പൊലീസുകാരോട് ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ‘പിസി’ എന്നു പറയും. പിന്നെ കണ്ടക്ടര്‍ പണം ചോദിക്കില്ല. എന്നാല്‍ ഇതേ ബസുകളില്‍ യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരും കുറഞ്ഞ വരുമാനക്കാരുമൊക്കെ ടിക്കറ്റ് എടുത്താണു യാത്ര ചെയ്യുന്നത്. പൊതുജനമധ്യത്തില്‍ കുറ്റം ചെയ്ത് ആസ്വദിക്കുകയാണു പൊലീസുകാര്‍.

കണ്ടക്ടര്‍ ടിക്കറ്റ് എടുക്കണമെന്നു പൊലീസുകാരോടു ശഠിച്ചാല്‍ ഏതെങ്കിലും പെറ്റി കേസ് ചുമത്തി ബസ് കസ്റ്റഡിയില്‍ എടുക്കും. അതിനാല്‍ നിര്‍ബന്ധിപ്പിച്ച്‌ ടിക്കറ്റ് എടുപ്പിക്കാന്‍ ബസ് ഉടമയും തൊഴിലാളികളും തയാറാകുന്നില്ല. ഇപ്പോള്‍ പൊലീസുകാര്‍ക്കു മികച്ച ശമ്പളം ലഭിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്? പൊലീസുകാര്‍ക്കു സൗജന്യയാത്ര അനുവദിക്കുന്നതില്‍ നിന്നു ബസ് ഉടമകളെ തടഞ്ഞുകൊണ്ടു സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം. അനധികൃതമായി സൗജന്യയാത്ര നടത്തുന്നവരെക്കുറിച്ചു വിവരം നല്‍കാന്‍ ടോള്‍ ഫ്രീ നമ്പരും ഏര്‍പ്പെടുത്താം.

കത്ത് അവസാനിപ്പിച്ചിരിക്കുന്നത് പൊലീസിന്റെ നാണംകെട്ട പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ശക്തമായി ഇടപെടണം എന്ന് അഭ്യര്‍ഥിച്ചാണ്. കത്തിന്റെ പകർപ്പ് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോയ്ക്കും ‍ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും അയച്ചുകൊടുത്തിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും ക്യാംപുകളിലും ഇതു പ്രദര്‍ശിപ്പിക്കണമെന്നു കത്ത് ശ്രദ്ധയിൽ പെട്ട പിണറായി വിജയൻ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button