Kerala

കോടികളുടെ കള്ളപ്പണം നിക്ഷേപിച്ച യുഡിഎഫ് നേതാവിന്റെ മുഖം പുറത്തുകാട്ടി കെ സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ അസാധുവായതിനുപിന്നാലെ കോടികളുടെ കള്ളപ്പണം സഹകരണ ബാങ്കില്‍ നിക്ഷേപിച്ച നേതാവിനെ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന സര്‍വീസ് സഹകരണ ബാങ്കില്‍ യുഡിഎഫ് നേതാവ് 14 കോടിരൂപ നിക്ഷേപിച്ചെന്നാണ് സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്.

കള്ളപ്പണം ഏഴ് അക്കൗണ്ടുകളിലായിട്ടാണ് ഇയാള്‍ നിക്ഷേപിച്ചത്. ഒരു യുഡിഎഫ് നേതാവിന്റെ തന്നെയാണ് ഈ ബാങ്ക്. നോട്ട് അസാധുവാക്കി നാലുദിവസംകൊണ്ട് 28,000 കോടി രൂപയുടെ നിക്ഷേപം സഹകരണ ബാങ്കുകളില്‍ എത്തിയെന്നാണ് പറയുന്നത്. കേരളത്തിലെ പാവപ്പെട്ടവര്‍ ഇതില്‍ പങ്കാളിയല്ല. കേരളത്തിലെ 69 ശതമാനം കര്‍ഷകരും കാര്‍ഷികേതര ജോലിയില്‍ ഏര്‍പ്പെട്ട 49 ശതമാനം പേരും കടക്കെണിയിലാണെന്നാണ് കണക്ക്. പിന്നെയെങ്ങനെയാണ് ഇത്ര നിക്ഷേപം വന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

ഇതുപോലെ യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന ശക്തമാക്കണം. സഹകരണ ബാങ്കുകളുടെ പേര് പറഞ്ഞ് കള്ളപ്പണക്കാരെ സഹായിക്കാനാണ് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. ജനങ്ങളെ ഇത്തരത്തില്‍ ബുദ്ധിമുട്ടിലെത്തിച്ചത് ഇവര്‍ തന്നെയാണ്.

ഇതിന് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും കേരളത്തിലെ സാധാരണക്കാരോട് മാപ്പുപറയണം. ബിജെപി ജനങ്ങളെ ഒരു വിധത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ല. സംസ്ഥാനത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടപ്പോള്‍ അതു നല്‍കാന്‍ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഇവര്‍ തടയുകയാണ് ചെയ്തത്.

സഹകരണബാങ്കില്‍ കള്ളപ്പണം ഉണ്ടോയെന്ന് പരിശോധിക്കാന്‍ ഒന്നോ രണ്ടോ ബാങ്കില്‍ ബിജെപി നേതാക്കളെയും കൂട്ടിപ്പോകാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button