Kerala

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: സുഖമില്ലാതെ കിടന്നവരെ പോലീസ് വെടിവെച്ചിട്ടോ? മൃതദേഹം സംസ്‌കരിക്കരുതെന്ന് കോടതി

മഞ്ചേരി: നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെതിരെ പ്രതിഷേധം ശക്തമായതോടെ സത്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കോടതി. സംഭവത്തില്‍ വ്യക്തത വരുന്നതുവരെ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് സംസ്‌കരിക്കാനിരിക്കെയാണ് കോടതി നിര്‍ദ്ദേശം.

ഇതോടെ പോലീസിനുനേരെയുള്ള ചോദ്യങ്ങള്‍ക്ക് ഒന്നുകൂടി മൂര്‍ച്ചയേറി. മഞ്ചേരി സെക്ഷന്‍സ് കോടതി പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന തരത്തിലാണ് ആരോപണം ഉയരുന്നത്. മൃതദേഹം സംസ്‌കരിക്കരുതെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വിധി.

കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റേയും അജിതയുടേയും ബന്ധുക്കളും കോടതിയെ സമീപിച്ചിരുന്നു. സുഖമില്ലാതെ കിടന്നവരെയാണ് പൊലീസ് വെടിവെച്ചിട്ടതെന്നും പറയുന്നുണ്ട്. കീഴടങ്ങാന്‍ സന്നദ്ധരാണെന്നറിയിച്ചിട്ടും പൊലീസ് വെടിവെക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് അക്ബര്‍ പറഞ്ഞു. നിലമ്പൂരിലെ പ്രമുഖ പത്രങ്ങളുടെ പ്രാദേശിക ലേഖകര്‍ക്ക് മാവോയിസ്റ്റ് നേതാവിന്റെ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിലാണ് ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട നാല് പേര്‍ വനത്തില്‍ സുരക്ഷിതരായുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

അസുഖബാധിതരായി എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്നിരുന്ന കുപ്പുദേവരാജും അജിതയും കീഴടങ്ങാന്‍ സന്നദ്ധരാണെന്നറിയിച്ചിട്ടും പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. താനുള്‍പ്പെടുന്ന നാല് പേരോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടത് കുപ്പുദേവരാജായിരുന്നുവെന്നും ഫോണില്‍ വിളിച്ച അക്ബര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button