KeralaNews

സംസ്ഥാനത്ത് കുടിവെള്ളം കിട്ടാക്കനി

തിരുവനന്തപുരം: ഡാമുകളില്‍ വെളളത്തിന്റെ അളവ് കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്ത് പലയിടത്തും അതിരൂക്ഷമായ കുടിവെളള ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ദിവസം കഴിയുംതോറും വെളളത്തിന്റെ അളവ് ഡാമുകളില്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. കാലവര്‍ഷവും തുലാവര്‍ഷവും പെയ്യാതെപോയതോടെ വെളളമില്ലാത്ത നാളുകളാണ് വരുന്നത്. തിരുവനന്തപുരം നഗരത്തില്‍ വെളളമെത്തിക്കുന്ന പേപ്പാറ ഡാമില്‍ 105.9 മീറ്റര്‍ വെളളമുണ്ട്. 107 മീറ്റര്‍ വെളളം സംഭരിക്കാന്‍ കഴിയുന്ന ഇവിടെ മുന്‍വര്‍ഷങ്ങളിലെ കണക്ക് വച്ച് നോക്കുമ്‌ബോള്‍ വലിയ വ്യത്യാസമാണെങ്കിലും നഗരത്തില്‍ കുടിവെളളക്ഷാമം നേരിടില്ല. നൂറ്റിപ്പതിനൊന്ന് ദിവസം ഉപയോഗിക്കാനുളള വെളളമുണ്ട്. അതിനിടയില്‍ നല്ല മഴ കിട്ടിയില്ലെങ്കിലേ കുടിവെളളം മുട്ടുകയുളളൂ.
പേപ്പാറ വനത്തില്‍ ഇടയ്ക്ക് പെയ്ത മഴയില്‍ നിന്ന് വെളളം ഒഴിച്ചിറങ്ങിയാണ് ഇത്രയും അളവില്‍ വെളളമുണ്ടായത്. എന്നാല്‍ സംസ്ഥാനത്തെ മറ്റ് ഡാമുകളിലെ നില അതീവപരിതാപകരമാണ്. ഒരു മാസം ഉപയോഗിക്കാവുന്ന വെളളം പോലും പലയിടത്തുമില്ല.

ഡിസംബറില്‍ മഴ കിട്ടുമെന്ന പ്രതീക്ഷയാണ്. കിട്ടിയില്ലെങ്കില്‍ ആകെ താളം തെറ്റും. 48 സെ.മീറ്റര്‍ മഴയാണ് ഡിസംബര്‍ വരെ കിട്ടേണ്ടിയിരുന്നത്. കിട്ടിയതാകട്ടെ 61 സെ.മീറ്ററും. തുലാവര്‍ഷമാണ് ചതിച്ചത്. തുളളിക്കൊരുകുടം പേമാരി കിട്ടേണ്ടിയിരുന്നിടത്ത് ഒരു തുളളി പോലും കിട്ടാത്ത അവസ്ഥയായിരുന്നു. 39 സെ.മീറ്റര്‍ മഴയാണ് കിട്ടേണ്ടിയിരുന്നത്. തുലാവര്‍ഷം തന്നത് 16 സെ.മീറ്ററും. വലിയ മഴ ഇനി കിട്ടിയില്ലെങ്കില്‍ ഡാമുകള്‍ വരണ്ടുണങ്ങും. കൃഷിയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കൃഷിക്കുളള വെളളം പലയിടത്തും നിര്‍ത്തിവച്ചിരിക്കുകയാണ്. കൊടുംവരള്‍ച്ചയാണ് ജില്ലകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ കുളങ്ങളും നദികളും വറ്റിവരണ്ടു. കിണറുകളില്‍ വെളളമില്ല. പൊതുപൈപ്പുകള്‍ക്ക് മുന്നില്‍ വെളളത്തിനായി നീണ്ട നിരയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button