Kerala

കള്ളപ്പണവേട്ട പൊളിഞ്ഞു, രാജ്യത്തിനു വൻ നഷ്ടം: തോമസ് ഐസക്ക്

തിരുവനന്തപുരം ● കള്ളപ്പണവേട്ട എന്ന നിലയിൽ നോട്ടുനിരോധം ഇതിനകംതന്നെ പരാജയപ്പെട്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇപ്പോഴത്തെ നോട്ടുപിൻവലിക്കലിന്റെ നടത്തിപ്പുചെലവുമാത്രം 1,28,000 കോടി രൂപ വരുമെന്ന് സെന്റർ ഫോർ മോനിട്ടറിങ് ഇൻഡ്യൻ ഇക്കോണമി കണ്ടെത്തിയിരിക്കുന്നു. പഴയനോട്ടുകൾ കെട്ടി നീക്കം ചെയ്യുന്നതും പുതിയതിന്റെ അച്ചടിയും പ്രതിസന്ധി തീർക്കാൻ വിമാനത്തിലും ഹെലികോപ്റ്ററിലും ഒക്കെ നോട്ടു വിതരണത്തിന് എത്തിക്കേണ്ടിവന്നതും അടക്കമുള്ള ചെലവാണിത്.

ഇതിനു പുറമേയാണ് ഒരു മാസത്തോളമായി ബാങ്കുകളുടെ വായ്പാവിതരണം അടക്കമുള്ള ദൈനംദിനപ്രവത്തനങ്ങൾ തടസപ്പെട്ടിരിക്കുന്നതുമൂലമുള്ള വരുമാനനഷ്ടം. ക്യാഷ് ഡെപ്പോസിറ്റ് അനുപാതം ഉയർത്താൻ കേന്ദ്രം തീരുമാനിച്ചതോടെ ബാങ്കുകൾക്കു കിട്ടാമായിരുന്ന പലിശയും നഷ്ടമായി. സമ്പദ്ഘടനയുടെ വളർച്ചയിൽ ഉണ്ടായിരിക്കുന്ന ഇടിവ് രണ്ടുശതമാനം എന്നു കണക്കാക്കിയാൽപ്പോലും രണ്ടരലക്ഷ കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടാകും. ജനങ്ങൾക്കുണ്ടായ അതിയായ ദുരിതങ്ങൾ വേറെയും.

ഇത്രയൊക്കെ നഷ്ടം വരുത്തി നോട്ടു നിരോധിച്ചതുകൊണ്ട് ഒരുലക്ഷം കോടിയുടെ കള്ളപ്പണം പോലും കണ്ടെത്താൻ കഴിയില്ലെന്ന് ഇതിനകം വ്യക്തമായിരിക്കുകയാണ്. കാരണം, നിരോധിച്ച കറൻസിയിൽ 65 ശതമാനവും ഏതാനും ദിവസം മുമ്പുതന്നെ തിരിച്ചെത്തിക്കഴിഞ്ഞു. ഈ തോതിലാണെങ്കിൽ 90-95 ശതമാനവും തിരിച്ചെത്താനാണു സാദ്ധ്യത. ശേഷിക്കുന്ന അഞ്ചു ശതമാനമാകും കള്ളപ്പണമായി കണ്ടെത്തപ്പെടുക. ഇത് ഒരുലക്ഷം കോടിയോളമേ വരൂ എന്ന് ഐസക്ക് വിശദീകരിച്ചു.
ഇത്രയൊക്കെയായിട്ടും പ്രധാനമന്ത്രിക്കു മിണ്ടാട്ടമില്ലാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണെന്ന ബിജെപി നേതാക്കളുടെ വിമർശം പത്രപ്രവർത്തകർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. പ്രധാനമന്ത്രി ഈ സമയത്തും വിദേശത്താണ്. മൈതാനപ്രസംഗങ്ങൾ നടത്തുന്നതല്ലാതെ പ്രതിനിധിസഭകളിൽപ്പോലും സംവാദത്തിനു തയ്യാറാകുന്നില്ല.

“തെറ്റുപറ്റിപ്പോയി എന്നു തുറന്നു സമ്മതിക്കുന്നതിനു പകരം ക്യാഷ് ലെസ് ഇക്കോണമി എന്നെല്ലാം അഭ്യാസങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പിടിച്ചുനിൽക്കാൻ നോക്കുകയാണ്. ഇത്തരം നിലപാടൊന്നും അംഗീകരിക്കാനാവില്ല. അതു ബി.ജെ.പി ഭരിക്കുന്ന വല്ല സംസ്ഥാനത്തും നടക്കുമായിരിക്കും.” ഐസക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button