Music AlbumsMusic

അതൃപ്തി ദേശായിമാർ അഭിനവ മോഹിനികളായി പൂങ്കാവനത്തിൽ അഴിഞ്ഞാട്ടത്തിന് അരങ്ങൊരുക്കാൻ ഒരുമ്പെടുമ്പോൾ : താക്കീതായി പുറത്തിറക്കിയ വീഡിയോ പ്രശംസനീയവും അവസരോചിതവും അത്യാവശ്യവും

 
വിശ്വാസങ്ങള്‍ സംരക്ഷിച്ചുകൊണ്ടാകണം വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കേണ്ടത്. ഒരു ജനസമൂഹത്തിന്റെ നിലനില്‍പ്പിനോ ജനസാമാന്യത്തിന്റെ ജീവിതരീതികള്‍ക്കോ തടസ്സം നില്‍ക്കുന്നതരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കപ്പെടണം എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. യുഗങ്ങളായി ഓരോ മതസമുദായങ്ങളിലും നിലനിന്നുപോകുന്ന, കാലങ്ങളായി പിന്തുടരുന്ന ചില വിശ്വാസങ്ങള്‍ മഹത്തായ സംസ്‌കാരത്തിന്റെകൂടി പ്രതിഫലനമാണ്. അത്തരത്തിലുള്ള ഒന്നാണ് ശബരിമലയില്‍ യൗവനയുക്തകളായ സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നുള്ളത്. ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠാ സങ്കല്‍പം കൗമാര, യൗവന പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം നിഷേധിച്ചിരിക്കുന്നുവെന്നത് മതപരമായ സങ്കല്‍പം. അത് തീര്‍ത്തും വിശ്വാസത്തിന്റെ ഭാഗം. അവിടെ പരിഗണിക്കപ്പെടേണ്ട ഒരു യാഥാര്‍ഥ്യത്തെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

 
പമ്പയില്‍നിന്ന് നാലുകിലോമീറ്ററോളം കാനനപാതയിലൂടെ നടന്നുവേണം ശബരിമലയിലെത്താന്‍. ക്ഷേത്രദര്‍ശനത്തിനെത്തുന്ന വിശ്വാസികള്‍ക്കു പുറമേ രാപ്പകല്‍ ഭേദമില്ലാതെ പലതരത്തിലുള്ള, പലസ്വഭാവരീതികളുള്ള, പല മാനസികനിലയിലുള്ള കച്ചവടം അടക്കം മറ്റുപലലക്ഷ്യങ്ങളോടെയും എത്തുന്ന നിരവധി ആളുകള്‍ വന്നുപോകുന്ന ഇടം എന്ന നിലയില്‍ ശബരിമലയിലേക്കു കിലോമീറ്ററുകളോളം നീളുന്ന നടപ്പാതയിലും പരിസരങ്ങളിലുമെല്ലാം സ്ത്രീകളുടെ സാമൂഹിക ശാരീരിക മാനസുരക്ഷകൂടി കണക്കിലെടുത്താകണം ഒരുപക്ഷേ ശബരിമലയില്‍ സ്ത്രീപ്രവേശനം പുരാതനകാലം മുതലേ നിഷേധിച്ചിട്ടുള്ളത്. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രായഭേദമന്യേ പ്രവേശനം അനുവദിച്ചാല്‍, കനത്ത തിരക്കിനിടയില്‍ പ്രതിദിനം അവിടെയെത്തുന്ന ആയിരക്കണക്കിനു സ്ത്രീകള്‍ക്കു സുരക്ഷ ഒരുക്കുന്നതു തീര്‍ച്ചയായും ഭരണകൂടത്തിനു മറ്റൊരു വെല്ലുവിളിയാകുമെന്നും ഉറപ്പ്. സങ്കല്‍പങ്ങളും യാഥാര്‍ഥ്യങ്ങളും ഇതായിരിക്കേയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.
 
ഭക്തി എന്നത് വിശ്വാസികള്‍ക്കു മാത്രം അവകാശപ്പെടാനുള്ളതാണ്. അല്ലാതെ വിശ്വാസം നടിച്ച് കപട വിപ്ലവം മുഴക്കുന്നവര്‍ക്ക് ഉള്ളതല്ല. സമൂഹത്തെ ഉദ്ധരിക്കാന്‍ സ്വയം പ്രഖ്യാപിത സംഘടനകളുടെ നേതാവായി വാഴ്ത്തപ്പെടുന്നവര്‍ വിശ്വാസത്തിന്റെ മേല്‍ കുതിരകയറുന്ന ചില പ്രവണത അടുത്തിടെ ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍നിന്നാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ തിരുവാഭരണം ഭക്തിഗാനസീരീസിലെ അഭിനവമോഹിനികള്‍ എന്ന ഗാനം ശ്രവിക്കേണ്ടതും. വാളും ചിലമ്പുമെടുക്കുന്ന അഭിനവ തൃപ്തി ദേശായിമാര്‍ക്ക് ശക്തമായ താക്കീത് നല്‍കാന്‍ ഇതില്‍പ്പരം ശക്തമായ ഒരായുധം വേറെ ഇല്ല എന്ന ഉത്തമബോധ്യമാണ് ഈസ്റ്റ് കോസ്റ്റിന്റെ തിരുവാഭരണം എന്ന അയ്യപ്പ ഭക്തിഗാന സമാഹാരത്തിലെ അഭിനവമോഹിനികള്‍ എന്ന ഗാനം കേട്ടപ്പോള്‍ തോന്നിയത്. വിശ്വാസങ്ങള്‍ വിശ്വാസികള്‍ക്കുവേണ്ടി മാത്രം ഉള്ളതാണ്. വിശ്വാസികളുടെ സങ്കല്‍പങ്ങള്‍ തകര്‍ക്കാന്‍ അവിശ്വാസികള്‍ക്ക് യാതൊരു അവകാശവുമില്ല. ഇന്ത്യ എന്ന രാജ്യം തന്നെ നിലനിന്നു പോരുന്നത് മറ്റെന്തിനെക്കാളും ഇവിടത്തെ മതേതരസ്വഭാവം കൊണ്ടുമാത്രമാണ്. ഓരോ മതങ്ങളെയും ബഹുമാനിക്കുന്നതിനൊപ്പം തന്നെ അതാത് മതങ്ങള്‍ യുഗങ്ങളായി പിന്തുടരുന്ന ആചാരങ്ങളെയും ബഹുമാനിക്കണം. അത് ഒരു വ്യക്തിയുടെ പിടിവാശിക്കുമുന്നില്‍ തകര്‍ക്കപ്പെടാന്‍ ഉള്ളതല്ല.
 
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഏതുവിധേനയും ശബരിമലയില്‍ പ്രവേശിപ്പിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ആ പറഞ്ഞ സ്വരമാകട്ടെ ഒരു ഭക്തയുടെ നാവില്‍നിന്നു വന്നതല്ല, മറിച്ച് എന്തോ ഒരുതരം വാശിയുടെ പുറത്തുനിന്നാണ്. വിപ്ലവം ഒരിക്കലും വിശ്വാസത്തെ തകര്‍ക്കാന്‍ ഉള്ളതാകരുത്, മറിച്ച് സംസ്‌കാരങ്ങളെ സംരക്ഷിക്കാനുള്ളതാകണം. ആര്‍ഷസംസ്‌കൃതിയും ആരാധാനാവിധിയും തൃണവത്ഗണിക്കുന്നവരെ തടുത്തുനിര്‍ത്താനും അവിവേകികള്‍ക്ക് ഉഗ്രശിക്ഷ നല്‍കി വിശ്വാസികളെ സംരക്ഷിക്കാനും സ്വാമിയോട് വില്ലെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന തിരുവാഭരണം എന്ന സംഗീത ആല്‍ബം പകരുന്ന സന്ദേശം എന്തുകൊണ്ടും മികവുറ്റതും കാലം ആവശ്യപ്പെടുന്നതുമാണ്. ഈ ദൃശ്യഗാനം വളരെ മികച്ചരീതിയില്‍ സംവിധാനം ചെയ്തിരിക്കുന്ന ഈസ്റ്റ് കോസ്റ്റ് വിജയനും രചന നിര്‍വഹിച്ച സന്തോഷ് വര്‍മ്മക്കും ആലപിച്ച ജയവിജയാ ജയനും വ്യക്തിസാനിധ്യമായി പ്രത്യക്ഷപ്പെട്ട കലാധരനും മധുമേനോനും അനൂപും സുരേഷും മറ്റു അണിയറ പ്രവര്‍ത്തകരുമെല്ലാം കാലഘട്ടത്തോടുള്ള കടമ നിറവേറ്റി എന്നു നിസംശയം പറയാം. ശബരിമല സ്ത്രീ പ്രവേശന വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ കോര്‍ട്ടിലാണ്. കോടതി വിധി വരുമ്പോള്‍ അനുകൂലമായാലും പ്രതികൂലമായാലും പ്രതികരിക്കേണ്ടത് വിശ്വാസികളാണ്. കോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്നു തൃപ്തി ദേശായിയെ ഉപദേശിച്ച മന്ത്രി ജി.സുധാകരന്റെ വാക്കുകള്‍ ഈ അവസരത്തില്‍ എന്തുകൊണ്ടും ഉചിതമായി. ഭരണകൂടത്തിന്റെ നിലപാടുകള്‍ കോടതി അതുപോലെ അംഗീകരിക്കണമെന്നില്ലല്ലോ. അതുകൊണ്ടുതന്നെ വിശ്വാസങ്ങള്‍ എക്കാലവും സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും പ്രത്യാശിക്കാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button