KeralaNewsIndia

തമിഴ്‌നാട് പോലീസ് തേടുന്ന മാവോയിസ്റ്റുകൾ കേരളത്തിൽ ഉള്ളതായി സൂചന

കോഴിക്കോട് : തമിഴ്നാട് പോലീസ് തേടി കൊണ്ടിരിക്കുന്ന 10 മാവോയിസ്റ്റുകൾ കേരളത്തിലെ പശ്ചിമഘട്ടമേഖലയിലെ ഉള്‍ക്കാട്ടിലുള്ളതായി സൂചന. നിലമ്പൂര്‍കാടുകളില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ചിത്രങ്ങളിലുള്ളത് ഇവരാണെന്ന് തമിഴ്‌നാട് രഹസ്യാന്വേഷണവിഭാഗം ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെല്ലൂര്‍ തിരുപത്തൂര്‍ കൂടപ്പട്ടു കോളനിയിലെ മഹാലിംഗം (61), ശിങ്കാരപ്പേട്ടൈ അംബേദ്കര്‍ നഗറിലെ അനന്തകുമാര്‍ (32), രാമനാഥപുരം പരമകുടി പൊന്നയ്യപുറം കാളിദാദാസ് (46), സേലം ഒമലൂര്‍ താലൂക്കില്‍ മണിവാസഗം (53), മഹാരാഷ്ട്രയിലെ പുന്നൂര്‍ വില്ലേജിലെ യോഗേഷ് മദന്‍ (41), സേലം ഓമല്ലൂര്‍ തീവട്ടിപ്പട്ടൈയിലെ സുന്ദരമൂര്‍ത്തിയുടെ ഭാര്യ ചന്ദ്ര (51), ചെന്നൈ ഗാന്ധി നഗര്‍ രത്‌നമ്മാള്‍ കാവേരി കോംപ്ലക്‌സില്‍ പത്മ (40), മധുരൈ പെരുമാള്‍കൊയില്‍ തെരുവില്‍ കണ്ണന്റെ ഭാര്യ റീന ജോയിസ് മേരി (33), സേലം രാമമൂര്‍ത്തി നഗറില്‍ പെണ്ണുരിമയി കഴകം പ്രവര്‍ത്തകയായിരുന്ന കല (50), തിരുവള്ളൂര്‍ പല്ല സ്ട്രീറ്റില്‍ ഡി. ദശരഥന്‍ (33) എന്നിവരാണ് കേരളത്തിലുള്ളത്. ഇവരെല്ലാവരും തന്നെ നിലമ്പൂര്‍ കരുളായിമലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ്  പൊളിറ്റ് ബ്യൂറോ അംഗം കുപ്പു ദേവരാജിന്റെ അനുയായികളാണ്.

2002 -ലെ ഊത്തങ്ങര ഏറ്റുട്ടലില്‍ പിടിക്കപ്പെട്ട പത്മയുടെ ഭര്‍ത്താവ് വിവേക് ഇപ്പോള്‍ തമിഴ്‌നാട് ജയിലിലാണ്. സംഭവത്തില്‍ രണ്ടുമാവോയിസ്‌റ്റുകളും കൊല്ലപ്പെട്ടിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (പി.എല്‍.ജി.എ.)യുടെ കമാന്‍ഡറായ കാളിദാസ് ശേഖര്‍ ,കാളിദാസരാജ എന്നീ പേരുകളിലും അറിയപ്പെടുന്നു. രാമനാഥപുരത്തും ധര്‍മപുരിയിലും സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതിനും ആയുധങ്ങള്‍ കൈവശംവെക്കൽ തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. തിരുവള്ളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയായ ദശരഥന്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. അനന്തകുമാര്‍ എന്ന ഭഗത്സിങ്, ഊത്തങ്ങര ഏറ്റുമുട്ടലിലും ധര്‍മപുരിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചകേസിലും പ്രതിയാണ്.

കഴിഞ്ഞ 10 വര്‍ഷം ഒളിവിലായ ഇവർ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ കേന്ദ്രമായ നാടുകാണി, കബനിദളങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പി.എല്‍.ജി.എ. അംഗം വിക്രം ഗൗഡയാണ് നാടുകാണിദളത്തിന്റെ കമാന്‍ഡര്‍. നിലമ്പൂര്‍, പാലക്കാട്, അട്ടപ്പാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളം, തമിഴ്‌നാട്- പാലക്കാട് അതിര്‍ത്തിയില്‍ സ്ത്രീകള്‍ നേതൃത്വംനല്‍കുന്ന ശിരുവാണി ദളത്തിലുംഇവര്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് സൂചന.

ഇവരെക്കുറിച്ച് വിവരംനല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലവും, കണ്ടാലുടന്‍ വെടിവെയ്ക്കാനും തമിഴ്‌നാട് പോലീസ് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button