Gulf

അറ്റസ്റ്റേഷന്‍ നിരക്കുകളിൽ വർദ്ധനവ്

മസ്കറ്റ് : ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായുള്ള നിരക്കുകള്‍ ഞായറാഴ്ച മുതല്‍ വര്‍ധിപ്പിച്ചു. അഞ്ചു റിയാലിൽ നിന്നും 10 റിയാലായാണ് വർദ്ധനവ്. വിദേശികളുടെ വിസ അടക്കമുള്ള വിവിധ സേവനങ്ങള്‍ക്ക് അതത് രാജ്യങ്ങളുടെ എംബസികള്‍ സാക്ഷ്യപ്പെടുത്തിയശേഷം ഒമാന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അതാത് മന്ത്രാലയങ്ങള്‍ ഇവ സ്വീകരിക്കുകയുള്ളൂ. നാട്ടില്‍ ബാങ്ക് വായ്പയും മറ്റും എടുക്കാന്‍ ഒമാന്‍ കമ്പനികളുടെ ശമ്പള  സര്‍ട്ടിഫിക്കറ്റ് നാട്ടിലെ കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തേണ്ടതിനാൽ സര്‍ട്ടിഫിക്കറ്റുകള്‍ക്കു ചെലവേറും.

ഒമാനില്‍ ജനിക്കുന്ന വിദേശികളുടെ മക്കള്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താനും പത്തു റിയാല്‍ അറ്റസ്റ്റേഷന്‍ നിരക്കായി നൽകേണ്ടി വരും.

ഇന്ത്യയും ഒമാനുമായുള്ള കരാർ പ്രകാരം എല്ലാ ഇന്ത്യന്‍ രേഖകള്‍ക്കും അപോസ്റ്റല്‍ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാണ്. കുടുംബവിസക്ക് ഇന്ത്യയില്‍നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ വിസ എടുക്കാനുള്ള ജനന സര്‍ട്ടിഫിക്കറ്റ്, ഇന്ത്യയില്‍നിന്നുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഇന്ത്യയില്‍നിന്ന് അപോസ്റ്റല്‍ അറ്റസ്റ്റേഷന്‍ ചെയ്യണം. അതിനാൽ സര്‍ട്ടിഫിക്കറ്റുകള്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തേണ്ടതില്ലാത്തതിനാൽ ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം.

വിസാ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ അപോസ്റ്റല്‍ അറ്റസ്റ്റേഷന്‍ നടത്തിയ സര്‍ട്ടിഫിക്കറ്റുമായി എമിഗ്രേഷനെ നേരിട്ട് സമീപിക്കാവുന്നതിനാൽ ഇന്ത്യക്കാരെ ഈ ഫീസ് വലിയ തോതില്‍ ബാധിക്കില്ല. ഒമാനുമായി  കരാറിലേര്‍പ്പെടാത്ത വിദേശരാജ്യങ്ങള്‍ വിസ സംബന്ധമായതും മറ്റുമായ എല്ലാ സേവനങ്ങള്‍ക്കും വിദേശകാര്യ മന്ത്രാലയത്തിന്‍െറ സാക്ഷ്യപ്പെടുത്തലിന് പത്തു റിയാല്‍ നല്‍കേണ്ടിവരും. മുന്‍കാലങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിലെ സാക്ഷ്യപ്പെടുത്തലിന് മൂന്നു റിയാലായിരുന്നു ഈടാക്കിയിരുന്നത് ഏതാനും വര്‍ഷം മുമ്പാണ് ഇത് അഞ്ചു റിയാലായി ഉയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button